തിരുവനന്തപുരം | സംസ്ഥാനത്ത് കൊവിഡ് വ്യാപനം നിയന്ത്രിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവേ അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ കൂടാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ പോലീസ് പരിശോധന നടത്തും. ആളുകള്‍ മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കും. കൊവിഡ് മാനദണ്ഡങ്ങള്‍ നടപ്പാക്കാന്‍ നാളെ മുതല്‍ ഫെബ്രുവരി 10 വരെ 25,000 പോലീസ് ഉദ്യോഗസ്ഥരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിന്യസിക്കും.
കൊവിഡ് വ്യാപനത്തിന് കാരണമാകുന്ന എല്ലാ സാഹചര്യങ്ങളും ഒഴിവാക്കണം. അടച്ചിട്ട ഹാളുകളില്‍ പരിപാടി നടത്തുന്നത് കൊവിഡ് വ്യാപനത്തിന് ഇടയാക്കും. അതിനാല്‍ തുറന്നിട്ട സ്ഥലങ്ങളിലും വേദിയിലും വിവാഹമുള്‍പ്പെടെയുള്ള പരിപാടികള്‍ നടത്താന്‍ ശ്രദ്ധിക്കണം. കൊവിഡിന് ശേഷം നടന്ന വിവാഹങ്ങളില്‍ കൃത്യമായി കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നുവെങ്കിലും ഇപ്പോള്‍ വീണ്ടും പഴയ രീതിയിലേക്ക് കാര്യങ്ങള്‍ പോയിരിക്കുകയാണ്. ഇത് അനുവദിക്കാനാവില്ല. രാത്രി 10 ന് ശേഷം ഉള്ള യാത്ര അത്യാവശ്യത്തിനു മാത്രമായി പരിമിതപ്പെടുത്തണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പായി കൊവിഡ് വ്യാപനം നിയന്ത്രിക്കാന്‍ വാര്‍ഡ് തല സമിതികള്‍ രൂപവത്കരിച്ചിരുന്നു. രോഗബാധിതരുമായും അവരുടെ ബന്ധുക്കളുമായും നിരന്തരം സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന വാര്‍ഡ് തല സമിതി ഫലപ്രദമായി പ്രവര്‍ത്തിക്കുകയും കൊവിഡ് വ്യാപനം തടയാന്‍ വലിയ ഇടപെടല്‍ നടത്തുകയും ചെയ്തു. എന്നാല്‍, തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് വാര്‍ഡ് തല സമിതി നിര്‍ജീവമായി. ഇപ്പോള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പുതിയ ഭരണസമിതികള്‍ വന്ന സാഹചര്യത്തില്‍ വാര്‍ഡ് തല സമിതികള്‍ പുനരുജ്ജീവിപ്പിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Post a Comment