ഭാര്യയെ പെട്രോളൊഴിച്ചു തീകൊളുത്താന്‍ ശ്രമം: ഭര്‍ത്താവ്‌ പോലീസില്‍ കീഴടങ്ങി

പാലക്കാട്‌: കുടുംബപ്രശ്‌നത്തെത്തുടര്‍ന്ന്‌ അകന്നുകഴിയുന്ന ഭാര്യയെ പെട്രോളൊഴിച്ച്‌ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം. മലമ്പുഴ കരടിയോട്‌ കല്ലിങ്ങള്‍ വീട്ടില്‍ ബാബുരാജാണ്‌(47) ഭാര്യ സരിതയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്‌.
ഇന്നലെ രാവിലെ പത്തരയോടെയാണ്‌ സംഭവം. ഒലവക്കോട്‌ എം.ഇ.എസ്‌. സ്‌കൂളിന്‌ സമീപമുള്ള സ്വകാര്യ സ്‌ഥാപനത്തില്‍ ബ്യൂട്ടീഷന്‍ കോഴ്‌സ്‌ പഠിക്കാനെത്തിയ സരിതയെ ക്ലാസില്‍ കയറി പെട്രോള്‍ ഒഴിച്ച്‌ കത്തിക്കാനായിരുന്നു ശ്രമം. കന്നാസില്‍ കരുതിയ പെട്രോള്‍ ബാബുരാജ്‌ സരിതയുടെ ദേഹത്തൊഴിച്ചു.
തീ കൊളുത്തും മുമ്പേ സരിത ഓടിമാറി. സഹപാഠികള്‍ ബഹളംവച്ചതിനെത്തുടര്‍ന്ന്‌ സമീപത്തെ കടകളിലെ ആളുകള്‍ ഓടിക്കൂടിയതോടെ ബാബുരാജ്‌ കന്നാസ്‌ ഉപേക്ഷിച്ച്‌ രക്ഷപ്പെട്ടു. പോലീസ്‌ സ്‌ഥലത്തെത്തി സരിതയെ ആശുപത്രിയിലേക്ക്‌ മാറ്റി. സംഭവസ്‌ഥലത്തുനിന്ന്‌ രക്ഷപ്പെട്ട ബാബുരാജ്‌ നേരേ മലമ്പുഴ പോലീസില്‍ കീഴടങ്ങി. മലമ്പുഴ പോലീസ്‌ ഇയാളെ നോര്‍ത്ത്‌ പോലീസിനു കൈമാറി. ബാബുരാജിനെതിരേ വധശ്രമത്തിന്‌ കേസെടുത്ത്‌ അറസ്‌റ്റ്‌ രേഖപ്പെടുത്തി.
സരിത വിവാഹമോചനത്തിന്‌ ശ്രമിക്കുന്നതിടെയാണ്‌ ആക്രമണം. ഭാര്യ തന്നെ ചതിച്ചെന്നും ആത്മഹത്യ ചെയ്യാനായിരുന്നു ഉദ്ദേശമെന്നും ബാബുരാജ്‌ പോലീസിനോട്‌ പറഞ്ഞു. കഴിഞ്ഞ ദിവസം ബാബുരാജ്‌ രണ്ടു വീഡിയോ നാട്ടുകാര്‍ക്ക്‌ അയച്ചിരുന്നു. അതില്‍ ഭാര്യ തന്നെ ഉപേക്ഷിച്ചെന്നും ഇനി ജീവിക്കുന്നില്ലെന്നും മറ്റും വിവരിക്കുന്നുണ്ട്‌

Post a Comment

Previous Post Next Post