കത്തിവാങ്ങിച്ചത് ഭര്‍ത്താവിനെക്കൊണ്ട്; തീവ്ര മതവിശ്വാസ ഗ്രൂപ്പുകളുടെ സ്വാധീനത്തില്‍ ഷാഹിദ വഴിപ്പെട്ടു; അമ്മയ്ക്ക് മാനസിക വിഭ്രാന്തിയെന്ന അയല്‍വാസികളുടെ വാദം തള്ളി പൊലീസ്

പാലക്കാട്‌: പാലക്കാട്ടെ ആറുവയസ്സുകാരന്റെ കൊലപാതകത്തില്‍ പ്രതിയായ അമ്മയുടെ പശ്ചാത്തലം അന്വേഷിച്ച് പൊലീസ്. കുഞ്ഞിന്റെ കഴുത്തില്‍ കത്തിവയ്ക്കും മുമ്പ് ദൈവം രക്ഷകനായി എത്തുമെന്ന അമ്മയുടെ മൊഴി കേന്ദ്രീകരിച്ചാണ് അന്വേഷണം. തീവ്ര മതവിശ്വാസം പ്രചരിപ്പിക്കുന്ന ഗ്രൂപ്പുകളുമായി ഇവര്‍ക്ക് ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നു
പാലക്കാട്ട് നഗരത്തെ നടുക്കിയ ക്രൂര കൊലപാതക്കിന്റെ വഴിയന്വേഷിക്കുകയാണ് പൊലീസ്. ആറുവയസ്സുകാരനെ കൊലപ്പെടുത്തിയ അമ്മയ്ക്ക് മാനസിക വിഭ്രാന്തിയെന്ന അയല്‍വാസികളുടെ വാദം പൊലീസ് അംഗീകരിക്കുന്നില്ല. ആറുവര്‍ഷം പുതുപ്പളളിത്തെരുവിലെ മദ്രസുത്തുല്‍ ഹുദാ ഇസ്ലാമിക് സെന്ററിലെ അധ്യാപികയായിരുന്നു പ്രതി ഷാഹിദ. ലോക്ഡൗണ്‍ കാലത്ത് അധ്യാപനത്തിന് പോയില്ല. ഈ സമയം മതപരമായ സമൂഹമാധ്യമ കൂട്ടായ്മകളില്‍ സജീവമായിരുന്നെന്നാണ് പൊലീസിന് ലഭിച്ച വിവരം.


തീവ്ര മതവിശ്വാസ ഗ്രൂപ്പുകളുടെ സ്വാധീനത്തില്‍ ഷാഹിദ വഴിപ്പെട്ടു എന്നാണ് പൊലീസ് സംശയിക്കുന്നത്. ഇത് സാധൂകരിക്കുന്ന ഗ്രന്ഥനങ്ങളും മൊഴിയും പൊലീസിന് കിട്ടി. ഷാഹിദയുടെ ഫോണില്‍ നിന്ന് അനുബന്ധ വിവരങ്ങള്‍ ശേഖരിക്കാനുളള ശ്രമങ്ങള്‍ പൊലീസ് തുടങ്ങി. അതിനിടെ സംഭവത്തിന് ആസൂത്രണം നടന്നെന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്.

ശനിയാഴ്ച വൈകീട്ട് ഷാഹിദ ആവശ്യപ്പെട്ടപ്രകാരം പുതിയ കത്തിവാങ്ങി നല്‍കിയതായി ഭര്‍ത്താവ് സുലൈമാന്‍ പൊലീസിന് മൊഴിനല്‍കിയിട്ടുണ്ട്. ഇതുള്‍പ്പെടെയുളള കാര്യങ്ങളാണ് തീവ്ര വിശ്വാസവുമായി ബന്ധപ്പെട്ട ഗ്രൂപ്പുകളിലേക്ക് നീങ്ങാന്‍ പൊലീസ് അന്വേഷണത്തെ പ്രേരിപ്പിക്കുന്നത്.

Post a Comment

Previous Post Next Post