
അഹമ്മദാബാദ്:
നിർണായകമായ അഞ്ചാമത്തെയും അവസാനത്തെയുമായ ട്വന്റി20യിൽ ഇന്ത്യയ്ക്ക് കൂറ്റൻ സ്‌കോർ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 224 റൺസെടുത്തു. അർദ്ധ സെഞ്ച്വറി നേടിയ നായകൻ വിരാട് കോഹ്‌ലിയുടെയും രോഹിത് ശർമ്മയുടെയും പ്രകടനമാണ് നിർണായകമായത്.
പതിവിന് വിപരീതമായി ഓപ്പണിംഗ് റോളിലിറങ്ങിയ തീരുമാനം ശരിവെക്കുന്ന പ്രകടനവുമായി ഇന്ത്യൻ നായകൻ തിളങ്ങി. ഓപ്പണറായി എത്തി അവസാന പന്ത് വരെയും കോഹ്‌ലി ക്രീസിലുണ്ടായിരുന്നു. 52 പന്തിൽ 7 ബൗണ്ടറികളും 2 സിക്‌സറുകളും സഹിതം 80 റൺസുമായി കോഹ്‌ലി പുറത്താകാതെ നിന്നു. രോഹിത് ശർമ്മയുടെ വെടിക്കെട്ട് ബാറ്റിംഗും ഇന്ത്യയ്ക്ക് സഹായകമായി. 34 പന്തിൽ 4 ബൗണ്ടറികളും 5 സിക്‌സറുകളും സഹിതം 64 റൺസാണ് രോഹിത് അടിച്ചുകൂട്ടിയത്. ഒന്നാം വിക്കറ്റിൽ കോഹ്‌ലി-രോഹിത് സഖ്യം 94 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് പിരിഞ്ഞത്.
മൂന്നാമനായെത്തിയ സൂര്യകുമാർ ജാദവും കളം നിറഞ്ഞതോടെ ഇന്ത്യയുടെ സ്‌കോറിംഗിന് വേഗം കൂടി. 17 പന്തുകൾ നേരിട്ട സൂര്യകുമാർ 32 റൺസ് നേടി. തൊട്ടുപിന്നാലെ ക്രീസിലെത്തിയ ഹാർദ്ദിക് പാണ്ഡ്യ 17 പന്തിൽ പുറത്താകാതെ നേടിയ 39 റൺസും ഇന്ത്യയുടെ സ്‌കോർ 200 കടക്കുന്നതിൽ നിർണായകമായി. ഇംഗ്ലണ്ടിന് വേണ്ടി ആദിൽ റഷീദും ബെൻ സ്‌റ്റോക്‌സും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.
Post a Comment