
തിരുവനന്തപുരം:
സംസ്ഥാനത്ത് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം കഴിഞ്ഞതോടെ തെരഞ്ഞെടുപ്പ് അങ്കം തുടങ്ങുകയായി. ഇതുവരെ 2138 പത്രികകളാണ് ലഭിച്ചത്. മലപ്പുറത്താണ് ഏറ്റവും അധികം പേർ പത്രിക സമർപ്പിച്ചത്. 235 പേരാണ് ഇവിടെ പത്രിക സമർപ്പിച്ചത്. വയനാട് ആണ് ഏറ്റവും കുറവ്. 39 പേർ മാത്രമാണ് ഇവിടെ പത്രിക സമർപ്പിച്ചത്.
1922 പുരുഷന്മാരും 215 സ്ത്രീകളും ഒരു ട്രാൻസ്‌ജെൻഡറും പത്രിക സമർപ്പിച്ചു. നാമനിർദേശ പത്രികയുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും. തിങ്കളാഴ്ച വൈകിട്ട് മൂന്ന് മണിവരെ പത്രികകൾ പിൻവലിക്കാം. ഇത്തവണ നാമനിർദേശ പത്രിക ഓൺലൈനായി തയ്യാറാക്കാനുള്ള സംവിധാനവും ഒരുക്കിയിരുന്നു. ഏപ്രിൽ ആറിനാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
കൊറോണയുടെ പശ്ചാത്തലത്തിൽ സുരക്ഷാ മുൻകരുതലുകൾ ഉറപ്പാക്കിയാണ് സംസ്ഥാനത്ത് ഇത്തവണ തെരഞ്ഞെടുപ്പ് നടക്കുന്നത്. ബൂത്തുകളുടെ എണ്ണത്തിൽ 89.65% വരെ വർധനവുണ്ടായിട്ടുണ്ട്. ആകെ 40771 പോളിംഗ് ബൂത്തുകളാകും സംസ്ഥാനത്ത് സജ്ജീകരിക്കുക. കൂടാതെ പോളിംഗ് സമയം ഒരു മണിക്കൂർ കൂടി നീട്ടിയിട്ടുണ്ട്. ജനങ്ങളുടെ സുരക്ഷ പരിഗണിച്ചാണ് കൊറോണ മാനദണ്ഡങ്ങൾ പാലിച്ച്
ഒരുക്കങ്ങൾ നടത്തുന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണറും വ്യക്തമാക്കിയിരുന്നു.
Post a Comment