മോഷണം: സ്‌ത്രീകള്‍ ഉള്‍പ്പെടെ നാലു പേര്‍ അറസ്‌റ്റില്‍

മാവേലിക്കര: വള്ളികുന്നത്ത്‌ ജുവലറിയിലും ബേക്കറിയിലും മോഷണം നടത്തിയ സ്‌ത്രീകള്‍ ഉള്‍പ്പെടെയുള്ള സംഘത്തെ പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. കരുനാഗപ്പള്ളി കാരൂര്‍ക്കടവ്‌ മീതു ഭവനം നിഥിന്‍, കറ്റാനം ഇലിപ്പക്കുളം തോട്ടിങ്കല്‍ കിഴക്കതില്‍ സജിലേഷ്‌, എറണാകുളം കുമ്പളങ്ങി താന്നിക്കല്‍ പ്രീത, വെഞ്ഞാറുംമൂട്‌ പൂവന്നിളവത്ത്‌ അനു എന്നിവരാണ്‌ അറസ്‌റ്റിലായത്‌. വള്ളികുന്നം ചൂനാട്‌ തെക്കേ ജങ്‌ഷനിലെ ജാസ്‌മിന്‍ ജുവലറിയും സിറ്റി ബേക്കറിയിലുമാണ്‌ മോഷണം നടന്നത്‌. കഴിഞ്ഞ വെള്ളിയാഴ്‌ച പുലര്‍ച്ചെ 2.30 ഓടെ ജുവലറിയിലെ ഷട്ടര്‍ ഗ്യാസ്‌ കട്ടര്‍ ഉപയോഗിച്ച്‌ തകര്‍ത്ത്‌ കവര്‍ച്ച നടത്താന്‍ ശ്രമിക്കുകയും സമീപത്തെ സിറ്റി ബേക്കറി കുത്തിത്തുറന്ന്‌ മോഷണം നടത്തുകയും ചെയ്‌ത സംഭവത്തിലാണ്‌ ഇവരെ അറസ്‌റ്റ് ചെയ്‌തത്‌. ഗ്യാസ്‌ കട്ടറുകളും ഓക്‌സിജന്‍ സിലിണ്ടറും ഉള്‍പ്പെടെയുള്ള ഉപകരണങ്ങളുമായി കാറിലാണ്‌ സ്‌ത്രീകള്‍ ഉള്‍പ്പെടെയുള്ള സംഘം സഞ്ചരിച്ച്‌ മോഷണം നടത്തി വന്നിരുന്നത്‌. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തെ കുറിച്ച്‌ പോലീസിന്‌ ലഭിച്ച സൂചനകളുടെ അടിസ്‌ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ്‌ പ്രതികളെ പിടികൂടാന്‍ കഴിഞ്ഞത്‌.
ഡി.വൈ.എസ്‌.പി: ഡോ.ആര്‍.ജോസിന്റെ നിര്‍ദേശപ്രകാരം വള്ളികുന്നം പോലീസ്‌ ഇന്‍സ്‌പെക്‌ടര്‍ ഡി.മിഥുന്‍, എസ്‌.ഐ: അന്‍വര്‍സാദത്ത്‌, പോലീസ്‌ ഉദ്യോഗസ്‌ഥരായ മനീഷ്‌, ജിഷ്‌ണു, ഷാജി എന്നിവരടങ്ങിയ സംഘമാണ്‌ ഇവരെ അറസ്‌റ്റ് ചെയ്‌തത്‌.

Post a Comment

Previous Post Next Post