സംസ്ഥാന തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗിന് കൂടുതൽ സീറ്റ് കൊടുക്കുന്ന നിലപാടിനെതിരെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളിക്ക് കെപിസിസി ന്യൂനപക്ഷ വകുപ്പ് ചെയര്‍മാര്‍ കെ കെ കൊച്ചുമുഹമ്മദിന്റെ തുറന്ന കത്ത്.
കത്തിന്റെ പൂര്‍ണരൂപം
ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് വിഭജന ചർച്ച അന്തിമ ഘട്ടത്തിലേക്ക് കടക്കുകയാണല്ലോ. ഘടകകക്ഷിയായ മുസ്‌ലിം ലീഗ് നിലവിലുള്ള സീറ്റിനെക്കാൾ കൂടുതൽ സീറ്റ് ആവശ്യപ്പെടുന്നതായി വാർത്താ മാധ്യമങ്ങളിൽ കൂടി അറിയുവാൻ കഴിഞ്ഞു. കേരളത്തിൽ മുസ്‌ലിം സമുദായം ജനസംഖ്യയുടെ 26.5% ആണ്. മുസ്‌ലിം ലീഗിൽ 99.9%വും മുസ്‌ലിം സമുദായം മാത്രമാണ് ഉള്ളത്. മുസ്‌ലിം ലീഗിന് നിലവിൽ 23സീറ്റ് ഉണ്ട്. അതായത് മൊത്തം സീറ്റിന്റെ 16.42%. മുസ്‌ലിംലീഗ് മുസ്‌ലിം സമുദായത്തിൽ നിന്നുള്ളവരെയാണ് സ്ഥാനാർഥികളാ ക്കുന്നത്. സാമുദായിക ആനുപാതം അനുസരിച്ച് യു. ഡി. എഫ് ൽ കോൺഗ്രസ് ഉൾപ്പടെ 10%പേർക്കാണ് മുസ്‌ലിം സമുദായത്തിൽ നിന്നും സ്ഥാനാർഥികളാക്കുവാൻ കഴിയുന്നത്. ഇനിയും മുസ്‌ലിം ലീഗിന് സീറ്റ് വർധിപ്പിച്ചു കൊടുത്താൽ ആനുപാതികമായി കോൺഗ്രസ് ഉൾപ്പടെയുള്ള ഘടക കക്ഷികളിൽ നിന്നും മുസ്‌ലിം സമുദായത്തിൽ നിന്നുള്ളവർക്ക് മത്സരിക്കാനുള്ള അവസരം നഷ്ടമാകും.
ഇപ്പോൾ തന്നെ കോൺഗ്രസിലുള്ള മുസ്‌ലിം സമുദായത്തിൽ നിന്നുള്ള നേതാക്കൾ നിരാശയിൽ ആണ്. വർഷങ്ങളായി കോൺഗ്രസിൽ പണിയെടുക്കുന്ന മുസ്‌ലിം സമുദായത്തിൽ നിന്നുള്ള നേതാക്കന്മാരെ സ്ഥാനർഥികളാ ക്കാൻ പല കാരണങ്ങളാൽ കഴിഞ്ഞിട്ടില്ല.മുസ്‌ലിം ലീഗിന് സ്വാധീനം ഉള്ള മലപ്പുറത്ത് 16ൽ 12സീറ്റും മുസ്‌ലിം ലീഗിനാണ് നൽകുന്നത്. അതായത് 75%സീറ്റ്. മലപ്പുറത്ത് മുസ്‌ലിം സമുദായം ജനസംഖ്യയുടെ 70%ൽ താഴെ ആണ്. തെക്കൻ കേരളത്തിൽ മുസ്‌ലിം ലീഗിന് കാര്യമായ ജനസ്വാധീനം ഇല്ല. അവിടെയും മുസ്‌ലിം ലീഗ് സീറ്റുകൾ ആവശ്യപ്പെടുന്നത് ഖേദകരമാണ്. വസ്തുതകൾ വിലയിരുത്തി മുസ്‌ലിം ലീഗിന്റെ അധിക സീറ്റുകൾ ആവശ്യപ്പെടുന്നത് അനുവദിക്കരുതെന്ന് വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു.
Post a Comment