യു ഡി എഫും ബി ജെ പിയും തമ്മില്‍ കേരളാതല ധാരണ: പിണറായി

പട്ടാമ്പി | സംസ്ഥാനത്ത് കോണ്‍ഗ്രസ്, ബി ജെ പി സീറ്റ് ധാരണ ശക്തമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ ഡി എഫിനെതിരെ കേരളാതലത്തിലാണ് ധാരണ. ഇത് പരസ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പട്ടാമ്പിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം.
ശബരിമല വിധി വരുമ്പോള്‍ എല്ലാവരുമായും സര്‍ക്കാര്‍ ചര്‍ച്ച നടത്തും. ശബരിമല തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകില്ല. ബി ജെ പിയിലെത്തിയതോടെ ഇ ശ്രീധരന്‍ വായില്‍ തോന്നിയത് വിളിച്ച് പറയുകയാണ്. ജല്‍പനങ്ങളാണ് അദ്ദേഹം നടത്തുന്നത്. ബി ജെ പിയില്‍ എത്തിയാല്‍ ഏത് വിഗദ്‌നും ബി ജെ പി സ്വഭാവം കാണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബി ജെ പി നയങ്ങളുടെ യഥാര്‍ഥ ഉടമ കോണ്‍ഗ്രസാണ്. സാമ്പത്തിക കാര്യത്തില്‍ ഇരു പാര്‍ട്ടിക്കും ഒരേ നയമാണ്. പൊതുമേഖല സ്ഥാപനങ്ങള്‍ ഇല്ലാതാക്കുന്നതില്‍ ഇവര്‍ രണ്ടും ഒന്നാണ്. തിരുവനന്തപുരം വിമാനത്താവളം കേന്ദ്രം അദാനിക്ക് കൊടുത്തപ്പോള്‍ ശശി തരൂര്‍ പിന്തുണച്ചു.

എല്‍ ഡി എഫിന് അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയമില്ല. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നടപ്പാക്കാനുള്ളത്. കഴിഞ്ഞ പ്രകടനപത്രികയില്‍ പറഞ്ഞ 600ല്‍ 575 വാഗ്ദാനങ്ങളും നടപ്പാക്കി. എല്‍ ഡി എഫ് കൊണ്ടുവന്ന വികസനം കോണ്‍ഗ്രസിനേയും ലീഗിനേയും ബി ജെ പിയേയും അസ്വസ്ഥമാക്കുകയാണ്.

അധികാരത്തിലെത്തിയാല്‍ ലൈഫ് മിഷന്‍ നിര്‍ത്തുമെന്നാണ് യു ഡി എഫ് പറയുന്നത്. ഇത് പാവങ്ങളോടുള്ള വെല്ലുവിളിയാണ്. പാവങ്ങളുടെ കഞ്ഞികുടി മുട്ടിക്കുന്ന നടപടിയാണ് കഴിഞ്ഞ അഞ്ച് വര്‍ഷം യു ഡി എഫിന്റെ ഭാഗത്തുണ്ടായത്. കേരളത്തെ പിന്നോട്ട് അടുപ്പിക്കുന്ന നയമാണ് ഇവര്‍ക്കുള്ളതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

 

 

Post a Comment

Previous Post Next Post