കോലീബി സഖ്യം കേരളമാകെ വ്യാപിപ്പിച്ചു; കെഎന്‍എ ഖാദര്‍ സംസാരിക്കുന്നത് ബിജെപിക്കാരെ പോലെ: മുഖ്യമന്ത്രി

കോഴിക്കോട്: 
മുൻപ് കുറച്ച് മണ്ഡലങ്ങളിൽ മാത്രമുണ്ടായിരുന്ന കോലീബി സഖ്യം സംസ്ഥാനമൊട്ടാകെ വ്യാപിപ്പിച്ചിരിക്കയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പത്രിക തള്ളിയ മണ്ഡലങ്ങളിൽ ഉൾപ്പടെ നിരവധി മണ്ഡലങ്ങളിൽ ബി.ജെ.പി-യു.ഡി.എഫ് ധാരണയാണ്. ബി.ജെ.പി വോട്ടുകൾക്കായി ബി.ജെ.പി വക്താവിനെ പോലെയാണ് ഗുരുവായൂർ മണ്ഡലത്തിലെ ലീഗ് സ്ഥാനാർഥി കെ.എൻ.എ ഖാദർ സംസാരിക്കുന്നത്. മുൻ കാലങ്ങളിൽ കേന്ദ്ര സർക്കാരിനെ സഹായിച്ചതിനുള്ള സഹായമാണ് ഇപ്പോൾ ബി.ജെ.പിയിൽ നിന്ന് യു.ഡി.എഫിന് ലഭിക്കുന്നതെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കേരളത്തിലെ ബി.ജെ.പിയുടെ ഒരു നേതാവ് ഇന്നലെ പറഞ്ഞത് ഗുരുവായൂരിലെ കെ.എൻ.എ ഖാദർ ജയക്കണമെന്നും തലശ്ശേരിയിൽ ഷംസീർ ഒരു കാരണവശാലും ജയിക്കരുതെന്നുമാണ്. ഈ രണ്ടെണ്ണം ഉൾപ്പടെ മൂന്ന് മണ്ഡലത്തിലാണ് യു.ഡി.എഫ് വിജയത്തിനായി ബി.ജെ.പി സ്ഥാനാർഥികൾ ആവശ്യമില്ല എന്ന ധാരണയിൽ അവരുടെ പത്രിക തള്ളിപ്പിക്കാനുള്ള സാഹചര്യം അവർ തന്നെ സൃഷ്ടിച്ചത്. യു.ഡി.എഫ് സ്ഥാനാർഥികൾ ജയിക്കണമെന്ന് ബി.ജെ.പി നേതാവ് പരസ്യമായി പറയുകയാണ്. ഒ. രാജഗോപാലിന്റെ വെളിപ്പെടുത്തൽ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രാദേശികമായ നീക്കുപോക്കുകൾ ഉണ്ടാക്കാറുണ്ട് എന്നാണ് ഒ. രാജഗോപാൽ പറഞ്ഞത്. ഇങ്ങനെയാണ് നേമം ബി.ജെ.പി വിജയിച്ചത്. കെ.എൻ.എ ഖാദർ ജയിക്കണം എന്ന് ബി.ജെ.പി പറയുന്നത് യു.ഡി.എഫിന്റെ ഗുണത്തിനാണെന്ന് കരുതണ്ട. ലീഗിന് സ്വാധീനം ഉള്ള മറ്റൊരു മണ്ഡലത്തിൽ കച്ചവടം ഉറപ്പിച്ചു എന്നാണ് അതിനർഥം. കുറേക്കാലമായി ജയിക്കണം എന്നാഗ്രഹിക്കുന്ന ഒരു മണ്ഡലത്തിൽ ബി.ജെ.പിയെ ജയിപ്പിക്കാമെന്ന കരാർ ലീഗും കോൺഗ്രസും ഏറ്റെടുത്തിരിക്കയാണ്. ഇതിനായി പല മണ്ഡലങ്ങളിലും ബി.ജെ.പി അവരെ തിരിച്ച് സഹായിക്കും. ഗുരുവായൂരിലെ ലീഗ് സ്ഥാനാർഥി സ്ഥാനാർഥിയായി പോയ ഉടനെ തന്നെ ബി.ജെ.പിക്കാരെ പ്രീണിപ്പിക്കാനുള്ള പ്രസ്ഥാവനകൾ നടത്തിയിരുന്നു. കേരളത്തിൽ നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ച പൗരത്വ നിയമത്തിനായി ലീഗ് ഫോറം പൂരിപ്പിച്ച് തരും എന്ന് വരെ അദ്ദേഹം പറഞ്ഞു. തങ്ങളുടെ തന്നെ സ്വന്തം നിലപാടിനെ തള്ളി ബി.ജെ.പി നിലപാട് സ്വീകരിക്കുന്ന നിലയിലേക്ക് അദ്ദേഹം എത്തിയിരിക്കുന്നു. ഇത് നമ്മൾ കാണേണ്ടത് പഴയ കോലിബി സഖ്യത്തിന്റെ വിശാലമായ രൂപമായാണ്. ചിലമണ്ഡലങ്ങളിൽ ഒതുങ്ങി നിന്ന സഖ്യം ഇപ്പോൾ കേരളമാകെ വ്യാപിപ്പിച്ചിരിക്കുകയാണ്. പൗരത്വ നിയമത്തിനെതിരെ യോജിച്ച പ്രക്ഷോഭത്തിനില്ലെന്ന് നേരത്തെ കോൺഗ്രസും യു.ഡി.എഫും വ്യക്തമാക്കിയിരുന്നു. കേന്ദ്ര സർക്കാരിന്റെ ജനങ്ങളെ ഭിന്നിപ്പിക്കുന്ന നടപടികളെ ശക്തമായി എതിർക്കേണ്ടതില്ലെന്ന് അന്നേ യു.ഡി.എഫ ധാരണയിലെത്തിയിരുന്നു. പ്രളയകാലത്ത് കേരളം തകർന്നു പോകുകയായിരുന്ന സാഹചര്യത്തിലും കേന്ദ്ര സർക്കാർ കേരളത്തിന് വേണ്ടെത്ര സഹായം നൽകിയില്ല. എന്നാൽ അതിനെതിരെ ഒരു വാക്ക് പോലും പറയാൻ കോൺഗ്രസും ലീഗും തയ്യാറായില്ല. കേന്ദ്രവുമായുള്ള പ്രശ്നങ്ങൾ വരുമ്പോൾ സംസ്ഥാന സർക്കാരിനെ ദുർബലപ്പെടുത്തുന്ന സമീപനമാണ് യു.ഡി.എഫ് എടുത്തിരുന്നത്. കേന്ദ്രത്തോടുണ്ടായിരുന്ന യു.ഡി.എഫിന്റെ ഈ മൃദു സമീപനത്തിന്റെ കാരണം ഇപ്പോഴാണ് മനസ്സിലാകുന്നത്. ബി.ജെ.പി ഇതര സർക്കാരുകളുള്ള സംസ്ഥാനങ്ങളിൽ കേന്ദ്ര ഏജൻസികൾ ഉപയോഗിച്ച് സംസ്ഥാന സർക്കാരുകളെഅസ്ഥിരപ്പെടുത്താനുള്ള സർക്കാരിന്റെ നടപടികൾക്കെതിരെ പൊതുവായ വികാരം രാജ്യത്തുണ്ടായിട്ടുണ്ട്. എന്നാൽ കേരളത്തിൽ ഈ സാഹചര്യമുണ്ടായപ്പോൾ അതിന് തപ്പ് കൊട്ടിക്കൊടുക്കാനാണ് യു.ഡി.എഫ് ശ്രമിച്ചത്. ഇത്തരത്തിൽ കേന്ദ്രത്തിന് നടത്തുന്ന ഒത്താശ നാട് കാണുന്നുണ്ട് എന്നിവരറിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

Post a Comment

Previous Post Next Post