മറ്റൊരു പെണ്‍കുട്ടിയുമായി വിവാഹം ഉറപ്പിച്ചു; കാമുകനെ ആസിഡൊഴിച്ച് കൊലപ്പെടുത്തി യുവതി

ആഗ്ര: മറ്റൊരു പെൺകുട്ടിയുമായി വിവാഹം ഉറപ്പിച്ചതിന്റെ പ്രതികാരത്തിൽ യുവതി കാമുകനെ ആസിഡൊഴിച്ച് കൊലപ്പെടുത്തി. ആഗ്ര സ്വദേശിയായ ദേവേന്ദ്ര കുമാറാണ്(25) ആസിഡ് ആക്രമണത്തെ തുടർന്ന് പൊള്ളലേറ്റ് മരിച്ചത്. സംഭവത്തിൽ സോനം പാണ്ഡെ എന്ന യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. സാരമായി പൊള്ളലേറ്റ ഇവരും ആശുപത്രിയിൽ ചികിത്സയിലാണ്. വ്യാഴാഴ്ചയായിരുന്നു ദാരുണമായ സംഭവം. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ സോനവും ദേവേന്ദ്രകുമാറും ഏതാനും വർഷങ്ങളായി അടുപ്പത്തിലായിരുന്നു. നഴ്സായ സോനവും ലാബ് അസിസ്റ്റന്റായ കുമാറും നേരത്തെ ഒരേ ആശുപത്രിയിൽ ഒരുമിച്ച് ജോലിചെയ്തിരുന്നു. പിന്നീട് രണ്ടുപേരും രണ്ടിടങ്ങളിലേക്ക് മാറി. ജോലി ആവശ്യാർഥം സോനം ഭർത്താവിനെയും മകളെയും വിട്ട് ആഗ്രയിലെ ഖാണ്ഡാരി മേഖലയിലേക്ക് ഒറ്റയ്ക്ക് താമസം മാറുകയും ചെയ്തു. ഇതിനിടെയാണ് മറ്റൊരു പെൺകുട്ടിയുമായി ദേവേന്ദ്രകുമാറിന്റെ വിവാഹം ഉറപ്പിച്ചത്. ഏപ്രിൽ 28-ന് വിവാഹം നടത്താനായിരുന്നു തീരുമാനം. ഇക്കാര്യമറിഞ്ഞ സോനം വിവാഹത്തെച്ചൊല്ലി കുമാറുമായി വഴക്കിട്ടു. എന്നാൽ അഞ്ച് സഹോദരിമാരുള്ള കുമാർ വിവാഹിതയായ യുവതിയുമായുള്ള പ്രണയത്തെക്കുറിച്ച് വീട്ടിൽ പറയാനോ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിൽനിന്ന് പിന്മാറാനോ തയ്യാറായില്ല. വ്യാഴാഴ്ച രാവിലെ വീട്ടിലെ ഫാൻ കേടായെന്ന് പറഞ്ഞാണ് യുവതി കാമുകനെ വിളിച്ചുവരുത്തിയത്. കുമാർ വീട്ടിലെത്തിയതോടെ വിവാഹക്കാര്യത്തെച്ചൊല്ലി ഇരുവരും തമ്മിൽ വഴക്കുണ്ടായി. ഇതിനുപിന്നാലെയാണ് സോനം പാണ്ഡെ കുമാറിന് നേരേ ആസിഡൊഴിച്ചത്. 80 ശതമാനത്തോളം പൊള്ളലേറ്റ യുവാവിനെ പിന്നീട് ആശുപത്രിയിൽ എത്തിച്ചെങ്കിലും മണിക്കൂറുകൾക്ക് ശേഷം മരണത്തിന് കീഴടങ്ങി. സാരമായി പൊള്ളലേറ്റ സോനവും ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു.

Post a Comment

Previous Post Next Post