ഗോൾഡൻ ചാരിയറ്റ് ആഢംബര ട്രെയിൻ ഓടിത്തുടങ്ങി: രണ്ടാം ഘട്ടത്തിൽ കേരളത്തിലുമെത്തും golden chariat train



ബംഗളൂരു

: ഗോൾഡൻ ചാരിയറ്റ് എന്ന ആഢംബര ട്രെയിൻ വീണ്ടും ഓടിത്തുടങ്ങി. ഞായറാഴ്ച ബംഗളൂരുവിൽ നിന്ന് ദക്ഷിണേന്ത്യയിലുടനീളമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും പൈതൃക സ്ഥലങ്ങളിലേക്കുമാണ് യാത്ര തുടങ്ങിയത്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ട്രെയിൻ വീണ്ടും ഓടിത്തുടങ്ങുന്നത്. 2008ൽ പ്രവർത്തനം ആരംഭിച്ച ഗോൾഡൻ ചാരിയറ്റ് 2017ൽ പ്രവർത്തനം നിർത്തിയിരുന്നു.

‘പ്രെെഡ് ഓഫ് കർണാടക’ എന്ന് പേരിട്ടിരിക്കുന്ന ആദ്യ റൗണ്ട് യാത്രയിൽ ബന്ദിപൂർ നാഷണൽ പാർക്ക്, മൈസുർ, ഹലേബിഡു, ചിക്കമഗളൂരു, ഗോവ എന്നീ സ്ഥലങ്ങളിലേക്ക് ആറ് പകലും ഏഴ് രാത്രിയും ആയിട്ടാണ് ട്രെയിൻ യാത്ര. ബെംഗളൂരുവിലെ യശ്വന്ത്പൂർ സ്റ്റേഷനിൽ നിന്ന് യാത്ര ആരംഭിച്ച ട്രെയിൻ സൗത്ത് വെസ്റ്റൺ റെയിൽവേ മാനേജർ എ.കെ സിംഗാണ് ഫ്ളാഗ് ഓഫ് ചെയ്തത്.

ഒരാഴ്ച നീണ്ടു നിൽക്കുന്ന യാത്രയിൽ യുനെസ്‌കോയുടെ ലോക പൈതൃക സ്ഥലങ്ങളായ ബദാമി ഗുഹകൾ, ക്ഷേത്രങ്ങൾ, ഹമ്പി എന്നിവിടങ്ങളിൽ സന്ദർശിക്കാനും സഞ്ചാരികൾക്ക് അവസരം ലഭിക്കും. മാർച്ച് 12 മുതൽ ജുവൽസ് ഓഫ് സൗത്ത് ഇന്ത്യ എന്ന പേരിലുള്ള രണ്ടാം റൗണ്ട് യാത്രയ്ക്ക് മൈസൂർ വഴി തമിഴ്‌നാട്ടിലെ മഹാബലിപുരം, തഞ്ചാവൂർ എന്നിവിടങ്ങളിലും കേരളത്തിലെ കൊച്ചിയിലും ട്രെയിൻ യാത്ര ചെയ്യും.

സാധാരണ ഇന്ത്യൻ യാത്രക്കാർക്ക് ട്രെയിൻ യാത്രയിൽ അപരിചിതമായ പല സൗകര്യങ്ങളും ഗോൾഡൻ ചാരിയറ്റിലുണ്ട്. നൂറ്റാണ്ടുകളായി ദക്ഷിണേന്ത്യ ഭരിച്ച രാജവംശങ്ങളുടെ പേരിലാണ് ആറ് കോച്ചുകളും അറിയപ്പെടുന്നത്. കൂടാതെ, ഓരോ കോച്ചിനും 30 ട്വിൻ ബെഡുകളും 13 ഡബിൾസ് ബെഡുകളും ചേർന്ന നാല് ക്യാബിനുകളുണ്ട്. അംഗപരിമിതർക്കായി ഒരു ക്യാബിനും രൂപകൽപ്പന ചെയ്തിട്ടുണ്ട്.

 


Post a Comment

Previous Post Next Post