ഇരട്ട വോട്ട്; ചെന്നിത്തലയുടെ ഹരജി ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി | പല മണ്ഡലങ്ങളിലും വ്യാപകമായി ഇരട്ടവോട്ടുകള്‍ ഉണ്ടെന്നും നിയമസഭ തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ഈ നീക്കം തടയണമെന്നും ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമര്‍പ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇരട്ട വോട്ടിനെതിരെ അഞ്ച് വട്ടം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടും തുടര്‍നടപടിയുണ്ടായില്ലെന്ന് ഹരജിയില്‍ പറയുന്നു. വ്യാജവോട്ട് ചേര്‍ക്കാന്‍ കൂട്ട് നിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടി വേണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു.

സംസ്ഥാനത്തെ 131 നിയമസഭാ മണ്ഡലങ്ങളിലായി 4,34,042 വ്യാജവോട്ടുകളോ, ഇരട്ട വോട്ടുകളോ ഉണ്ടെന്നാണ് രമേശ് ചെന്നിത്തലയുടെ ഹരജിയില്‍ വ്യക്തമാക്കുന്നത്. ബൂത്ത് ലെവല്‍ സ്‌കൂട്ടിനി കമ്മിറ്റി നടത്തിയ പരിശോധനയിലാണ് ഇത്രയും ക്രമക്കേട് കണ്ടെത്തിയത്. ഇത് ഏതെങ്കിലും ഒരു വ്യക്തി ചെയ്തതല്ല. ഉദ്യോഗസ്ഥര്‍ സംഘടിതമായി ചെയ്ത പ്രവൃത്തിയാണ്. അതിനാല്‍ ഇരട്ട വോട്ടുകള്‍ മരവിപ്പികണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെടുന്നു. ജനാധിപത്യ പ്രക്രിയ അട്ടിമറിക്കാന്‍ കൂട്ട് നില്‍ക്കുന്ന ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാന്‍ നടപടി വേണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു.

 

 

Post a Comment

Previous Post Next Post