പെരിയ കേസ്; ജയിലിൽ കഴിയുന്ന പ്രതികളെ സിബിഐ ചോദ്യം ചെയ്യും


കാസർകോട് :

 പെരിയ ഇരട്ടക്കൊല കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന പ്രതികളെ സിബിഐ ചോദ്യം ചെയ്യും. ചോദ്യം ചെയ്യാൻ സിബിഐയ്ക്ക് സിജെഎം കോടതി അനുമതി നൽകി. 11 പ്രതികളെയാണ് വരും ദിവസങ്ങളിൽ ചോദ്യം ചെയ്യുക.

സിബിഐ ഡിവൈഎസ്പി അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. പ്രവൃത്തി ദിവസങ്ങളിൽ രാവിലെ മുതൽ വൈകീട്ട് വരെ ജയിലിൽ തന്നെ ചോദ്യം ചെയ്യുന്നതിനാണ് കോടതി അനുമതിയുളളത്. കോടതി ഉത്തരവിന്റെ പകർപ്പ് ലഭിച്ചാൽ ഉടൻ ചോദ്യം ചെയ്യൽ ആരംഭിക്കും.

കേസിൽ ജാമ്യത്തിലുള്ള പ്രതികളെ നേരത്തെ സിബിഐ ചോദ്യം ചെയ്തിരുന്നു. സിപിഎം ഉദുമ ഏരിയ സെക്രട്ടറിയും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ കെ.മണികണ്ഠൻ,സിപിഎം പെരിയ ലോക്കൽ സെക്രട്ടറി എൻ ബാലകൃഷ്ണൻ, പെരിയ ആലക്കോട് സ്വദേശി മണി എന്നിവരെയാണ് ചോദ്യം ചെയ്തത്.

കല്യാട്ട് സ്വദേശി പീതാംബരൻ, സി.ജെ സജി, കെ.എം സുരേഷ്, കെ. അനിൽകുമാർ, കുണ്ടംകുഴി എ. അശ്വിൻ, ആർ. ശ്രീരാഗ്, ജി. ഗിജിൻ, തന്നിത്തോട്ടെ എ.മുരളി, കണ്ണോട്ടെ ടി. രഞ്ജിത്ത്, പ്രദീപൻ, പാക്കം വെളുത്തോളിയിലെ എ.സുബീഷ് എന്നിവരാണ് അറസ്റ്റിലായി കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്നത്.


Post a Comment

Previous Post Next Post