പിടിവലിക്കിടയിൽ നിലത്തു വീണ ഫോൺ വഴികാട്ടി; കഞ്ചാവു കച്ചവടസംഘം തട്ടിക്കൊണ്ടുപോയ യുവാവിനെ 8 മണിക്കൂറിനുള്ളിൽ മോചിപ്പിച്ച് പൊലീസ്

കഞ്ചാവു കച്ചവടസംഘം തട്ടിക്കൊണ്ടുപോയ യുവാവിനെ 8 മണിക്കൂറിനുള്ളിൽ പൊലീസ് മോചിപ്പിച്ചു. കഞ്ചാവു നൽകാമെന്നു വിശ്വസിപ്പിച്ച് യുവാവ് 25,000 രൂപ വാങ്ങിയതിനു ശേഷം പണവും കഞ്ചാവും നൽകാതിരുന്നതോടെയാണ് ഇവർ യുവാവിനെ തട്ടിക്കൊണ്ടുപോയതെന്നു ഗാന്ധിനഗർ പൊലീസ് പറഞ്ഞു.

സംഭവത്തിൽ പത്തനംതിട്ട പുല്ലാട് മുറി ദ്വാരക വീട്ടിൽ ലിബിൻ പ്രകാശ് (28), പത്തനംതിട്ട പുല്ലാട് മുറി മോളിക്കൽ ചെരുവുകാലായിൽ രതീഷ് സുകുമാരൻ (36) എന്നിവരെ അറസ്റ്റ് ചെയ്തു. ഇരുവരും ഒട്ടേറെ കേസുകളിൽ പ്രതികളാണെന്നു ‌പൊലീസ് പറഞ്ഞു. ഇവർ തട്ടിക്കൊണ്ടുപോയ വെള്ളൂർ ഇഞ്ചിക്കാല വീട്ടിൽ ജോബിൻ ജോസിനെയും (24) കസ്റ്റഡിയിലെടുത്തു.

ബുധനാഴ്ച രാത്രി 9.30നു ഗാന്ധിനഗർ ‍ഫ്ലോറൽ പാർക്ക് ബാറിനു സമീപമായിരുന്നു സംഭവം. ഒരു സംഘം യുവാക്കൾ ജോബിനെ മർദിച്ചതിനു ശേഷം വാഹനത്തിൽ ബലമായി പിടിച്ചു കയറ്റുന്നതു സമീപത്തു കട നടത്തിയിരുന്ന ആൾ കണ്ടു. ഇദ്ദേഹം പൊലീസിൽ വിവരമറിയിച്ചു. 

പിടിവലിക്കിടയിൽ നിലത്തു വീണ ജോബിന്റെ ഫോൺ പൊലീസ് കണ്ടെടുത്തതാണു വഴിത്തിരിവായത്. ഇതിനു പിന്നാലെ ഫോണിലേക്കു ജോബിൻ തന്നെ വിളിച്ചു. ഫോൺ കളഞ്ഞു പോയി എന്നും സമീപത്തെ കടയിൽ നൽകണമെന്നും പറഞ്ഞു. മൊബൈലിലേക്കു വിളിച്ച നമ്പറിന്റെ വിവരങ്ങൾ പരിശോധിച്ചപ്പോൾ സിം കാർഡ് തിരുവല്ല സ്വദേശിയായ ക്രിമിനലിന്റെ പേരിലാണെന്നു ബോധ്യമായി. ഇതോടെ ജോബിനെ തട്ടിക്കൊണ്ടു പോയതാണെന്നു സ്ഥിരീകരിച്ച പൊലീസ് തിരുവല്ല കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി.

പ്രതികൾ സഞ്ചരിച്ചിരുന്ന കാർ പുലർച്ചെ ഒരു മണിയോടെ കണ്ടെത്തി. അമിതവേഗത്തിൽ പാഞ്ഞ കാറിനെ പിന്തുടർന്ന് പൊലീസ് പുലർച്ചെ അഞ്ചരയോടെ പുല്ലാട് ആനമല ഭാഗത്ത് പ്രതികളെ പിടികൂടുകയായിരുന്നു. കാർ ഓടിച്ചിരുന്ന ഒന്നാം പ്രതി കടന്നുകളഞ്ഞു. കാറിൽ മർദനമേറ്റ നിലയിലായിരുന്നു ജോബിൻ. തുടർന്ന് ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ ജോബിനെ എത്തിച്ചശേഷം കോട്ടയം മെഡിക്കൽ കോളജിൽ പ്രാഥമിക ചികിത്സ നൽകി.

പത്തനംതിട്ടയിലെയും കോട്ടയത്തെയും കഞ്ചാവ് വിൽപന സംഘങ്ങളുമായി ബന്ധമുള്ള ജോബിൻ മാലമോഷണക്കേസിൽ ഉൾപ്പെടെ പ്രതിയാണെന്നു കോട്ടയം ഡിവൈഎസ്പി എം. അനിൽകുമാർ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് 6 പ്രതികൾ അറസ്റ്റിലാകാനുണ്ട്. ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ സുരേഷ് വി. നായർ, എസ്ഐ സി.ആർ. ഹരിദാസ് സിപിഒമാരായ പ്രവീൺ, രാഗേഷ്, പി.വി. മനോജ്, അജിത്ത് കുമാർ, ഷൈജു കുരുവിള, അനീഷ്, വിജയലാൽ, രാധാകൃഷ്ണൻ, ശശികുമാർ, സോണി എന്നിവർ അന്വേഷണത്തിൽ പങ്കെടുത്തു.

Post a Comment

Previous Post Next Post