
മനില: നെഞ്ചിൽ നാലിഞ്ച് വലിപ്പത്തിലുള്ള കത്തിയുമായി യുവാവ് ജീവിച്ചത് 14 മാസത്തോളം. ജോലി ആവശ്യത്തിനായി ആരോഗ്യപരിശോധനയ്ക്ക് എത്തിയപ്പോഴാണ് ഞെട്ടിക്കുന്ന സംഭവം കണ്ടെത്തിയത്. ഫിലിപ്പീൻ യുവാവ് കെന്റ് റെയാൻ തോമോയുടെ ശ്വാസകോശത്തിനും വാരിയെല്ലിനും ഇടയിലാണ് കത്തി കണ്ടെത്തിയത്. ശസ്ത്രക്രിയയിലൂടെ മാത്രമെ കത്തി പുറത്തെടുക്കാൻ സാധിക്കൂവെന്ന് ഡോക്ടർമാർ അറിയിച്ചു.
കഴിഞ്ഞ വർഷം ജനുവരിയിൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ കെന്റ് തോമോ ആക്രമിക്കപ്പെട്ടിരുന്നു. കത്തി കൊണ്ട് പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. തന്റെ മുറിവ് മാത്രമാണ് ഡോക്ടർമാർ തുന്നിച്ചേർത്തതെന്നും ശരീരത്തിന് അകത്ത് അകപ്പെട്ട കത്തി എടുത്ത് മാറ്റുകയോ പരിശോധിക്കുകയോ ചെയ്തില്ലെന്നും യുവാവ് ആരോപിച്ചു.
അതേസമയം തനിക്ക് ഇടയ്ക്ക് നെഞ്ചിൽ അസ്വസ്ഥതകൾ അനുഭവപ്പെടാറുണ്ടായിരുന്നുവെന്ന് കെന്റ് തോമോ പറയുന്നു. എന്നാൽ അതിനൊരു ഡോക്ടറെ കാണുകയോ പ്രശ്‌നം ചോദിച്ചറിയുകയോ ചെയ്തില്ല. നെഞ്ചിലെ വേദനയുടെ കാരണം എന്താണെന്ന് കണ്ടെത്തിയതിൽ ഇപ്പോൾ ചെറിയ ആശ്വാസമുണ്ട്. കത്തി നീക്കം ചെയ്യാൻ ശസ്ത്രക്രിയ നടത്തേണ്ടിവരും. അതുനുള്ള പണമില്ലെന്നും കെന്റ് തോമോ അറിയിച്ചു.
ശരീരത്തിന് അകത്ത് നിന്ന് കത്തി എടുത്താൽ മാത്രമെ ഖനിയിലെ പുതിയ ജോലിയിൽ യുവാവിന് പ്രവേശിക്കാൻ സാധിക്കൂ. ശരീരത്തിൽ കത്തിയുമായി ജീവിക്കുന്ന ഒരാളെ ജോലിയിൽ പ്രവേശിപ്പിക്കുന്നത് അപകടകരമാണെന്ന് തൊഴിലുടമ അറിയിച്ചു. കത്തി നീക്കം ചെയ്യുന്നതുവരെ തനിക്ക് ജോലിയിൽ തുടരാൻ സാധിക്കില്ല. ജോലിയില്ലാതെ തന്റെ മെഡിക്കൽ ആവശ്യങ്ങൾക്കായി പണവും ലഭിക്കില്ല. എന്ത് ചെയ്യണമെന്നറിയാതെയുള്ള പ്രതിസന്ധിയിലാണ് താനെന്ന് കെന്റ് തോമ പറഞ്ഞു.
Post a Comment