
തിരുവനന്തപുരം:
ഓൺലൈൻ ചാരിറ്റി എത്രകാലം ഉണ്ടാകുമെന്ന് അറിയില്ലെന്ന് തവനൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ‘നന്മമരം’ ഫിറോസ് കുന്നംപറമ്പിൽ. ഓൺലൈൻ ചാരിറ്റിയുടെ കാര്യത്തിൽ ഉറപ്പില്ലാത്തതിനാലാണ് നിയമസഭയിലേയ്ക്ക് മത്സരിക്കാൻ തീരുമാനിച്ചതെന്ന് ഫിറോസ് പറഞ്ഞു. ഒരു ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഫിറോസ് ഇക്കാര്യം വ്യക്തമാക്കിയത്.
സോഷ്യൽ മീഡിയ ചാരിറ്റി എത്ര കാലം നിലനിൽക്കുമെന്ന് പറയാൻ കഴിയില്ല. ഫേസ്ബുക്കോ സർക്കാരോ ഇത്തരം അക്കൗണ്ടുകൾ വേണ്ടെന്ന് വച്ചാൽ ആ ചാരിറ്റി പ്രവർത്തനം അവസാനിക്കും. അതുകൊണ്ട് തന്നെ അതിന് ഒരു പരിഹാരം കണ്ടെത്തുന്നതിന്റെ ഭാഗമായാണ് നിയമസഭയിലേക്ക് മത്സരിക്കാൻ തീരുമാനിച്ചതെന്ന് ഫിറോസ് പറഞ്ഞു.
നിയമസഭയിലെത്തിയാൽ പാവപ്പെട്ടവർക്ക് വേണ്ടി കുറേ കാര്യങ്ങൾ ചെയ്യാൻ സാധിക്കുമെന്നാണ് കരുതുന്നത്. കോൺഗ്രസ് നേതൃത്വം മത്സരിക്കാൻ ആവശ്യപ്പെട്ടപ്പോൾ സമ്മതം അറിയിക്കുകയായിരുന്നു. താൻ ലീഗുകാരനാണെന്ന് മുൻപ് തന്നെ വ്യക്തമാക്കിയിരുന്നുവെന്നും അതിന്റെ പേരിൽ സൈബർ ആക്രമണം നേരിടേണ്ടി വന്നിരുന്നുവെന്നും ഫിറോസ് പറഞ്ഞു.
Post a Comment