ഒരാൾക്ക് അഞ്ച് വോട്ട് വരെ, വോട്ടർപട്ടികയിൽ വ്യാപക ക്രമക്കേട്: തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമമെന്ന് ചെന്നിത്തല snews



തിരുവനന്തപുരം: 

വോട്ടർപട്ടികയിൽ വ്യാപക ക്രമക്കേടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആസൂത്രിതമായി പട്ടികയിൽ ആളുകളെ തിരികിക്കയറ്റിയെന്ന് അദ്ദേഹം ആരോപിച്ചു. ഒരേ ആളിന്റെ പേരിൽ നാലും അഞ്ചും വോട്ടുകളാണ് ഉള്ളത്. ഇതിന് പിന്നിൽ ആസൂത്രിതമായ അട്ടിമറി ശ്രമമാണ്. ഉദ്യോഗസ്ഥരുടെ ഒത്താശ ഇതിന് പിന്നിലുണ്ടെന്നും ചെന്നിത്തല വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

കഴക്കൂട്ടം മുതൽ ഉദുമ വരെ ആയിരക്കണക്കിന് കള്ളവോട്ടുകൾ ചേർക്കപ്പെട്ടിട്ടുണ്ട്. പട്ടിക പരിശോധിച്ച് കള്ള വോട്ടുകൾ നീക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകുമെന്നും ചെന്നിത്തല പറഞ്ഞു. ഉദുമ 164-ാം ബൂത്തിലെ കുമാരിയ്ക്ക് അഞ്ച് വോട്ടർ ഐഡി കാർഡുകൾ നൽകി.

കഴക്കൂട്ടത്ത് 7506 വോട്ടർമാരേയും കൊല്ലം 2535, തൃക്കരിപ്പൂർ 1436 എന്നിങ്ങനെയാണ് കണ്ടെത്തിയ വ്യാജ വോട്ടർമാർ. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും ഇങ്ങനെ വ്യാപകമായ തോതിൽ വ്യാജ വോട്ടർമാരെ ചേർത്തുകൊണ്ടിരിക്കുകയാണെന്ന് ചെന്നിത്തല കൂട്ടിച്ചേർത്തു.

ചെന്നിത്തലയുടെ ആരോപണത്തിൽ പ്രതികരണവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രനും എത്തിയിരുന്നു. കള്ളവോട്ട് ചെന്നിത്തല തന്നെ ചേർത്തതാകാമെന്ന് മന്ത്രി പരിഹസിച്ചു. ഇത്രയും വില കുറഞ്ഞ രീതിയിൽ പ്രതികരിക്കരുത്. താനാണ് ചേർത്തതെങ്കിൽ കടകംപള്ളിയ്ക്ക് അത് നീക്കാൻ ആവശ്യപ്പെടാമെന്ന് ചെന്നിത്തല തിരിച്ചടിച്ചു.




Post a Comment

Previous Post Next Post