കാസര്‍ഗോഡ് സിപിഐഎം സാധ്യത പട്ടിക മഞ്ചേശ്വരത്ത് ശങ്കര്‍ റേ; തൃക്കരിപ്പൂരില്‍ എം രാജഗോപാലന്‍ തന്നെ

കാസര്‍ഗോഡ് നിയമസഭാ മണ്ഡലങ്ങളിലെ സിപിഐഎം സ്ഥാനാര്‍ഥികളുടെ സാധ്യത പട്ടികയായി. ജില്ലയിലെ മഞ്ചേശ്വരം, ഉദുമ, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളിലാണ് സിപിഐഎം മത്സരിക്കുന്നത്. കാസര്‍ഗോഡ് ഐഎന്‍എല്ലും കാഞ്ഞങ്ങാട് സിപിഐയുമാണ് മത്സരിക്കുന്നത്.

തൃക്കരിപ്പൂരില്‍ നിലവിലെ എംഎല്‍എയായ എം രാജഗോപാലനെ തന്നെ മത്സരിപ്പിക്കാനാണ് സിപിഐഎം കാസര്‍ഗോഡ് ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലെ തീരുമാനം. ഉദുമയില്‍ സിറ്റിംഗ് എംഎല്‍എ കെ കുഞ്ഞിരാമന് പകരം സംസ്ഥാന കമ്മറ്റിയംഗം സിഎച്ച് കുഞ്ഞമ്പുവിനെയും ജില്ലാ കമ്മിറ്റിയംഗം ഇ പത്മാവതിയെയുമാണ് പരിഗണിക്കുന്നത്. മഞ്ചേശ്വരത്ത് ശങ്കര്‍ റേയുടെയും ജില്ലാ സെക്രട്ടേറിയറ്റ് അംഗം ജയാനന്ദന്റെയും പേരുകളാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. എന്നാല്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആരെന്ന് അറിഞ്ഞ ശേഷം മാത്രമേ മഞ്ചേശ്വരത്തെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കൂ. 2019 ഉപതെരഞ്ഞെടുപ്പില്‍ ശങ്കര്‍ റേ മഞ്ചേശ്വരത്ത് മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.



 
അതേസമയം, ജനപിന്തുണയുള്ള നേതാക്കളെ വീണ്ടും മത്സരിപ്പിക്കണമെന്ന ആവശ്യമാണ് സിപിഐഎം കൊല്ലം ജില്ലാ സെക്രട്ടറിയേറ്റില്‍ ഉയര്‍ന്നത്. ചവറയില്‍ അന്തരിച്ച എംഎല്‍എ വിജയന്‍ പിള്ളയുടെ മകന്‍ സുജിത് വിജയനെ മത്സരിപ്പിക്കും. മൂന്നു ടേം എന്ന നിബന്ധനയില്‍ ഇളവുണ്ടായാല്‍ ആയിഷ പോറ്റിയും മേഴ്സിക്കുട്ടിയമ്മയും ഇത്തവണയും സ്ഥാനാര്‍ത്ഥിയാകും. ജയസാധ്യത കണക്കിലെടുത്ത് കൊട്ടാരക്കരയില്‍ ആയിഷ പോറ്റിക്ക് വീണ്ടും അവസരം നല്‍കാന്‍ ആലോചിക്കുന്നുണ്ട്. കൊല്ലത്ത് മുകേഷിനെ വീണ്ടും മത്സരിപ്പിക്കാനും ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ ധാരണയായി. ഇരവിപുരത്ത് എം.നൗഷാദ് തുടരും. കുന്നത്തൂരില്‍ കോവൂര്‍ കുഞ്ഞുമോന്‍ തന്നെ സ്ഥാനാര്‍ത്ഥിയാകും.

കണ്ണൂര്‍ ജില്ലയില്‍ ഇപി ജയരാജന്റെ സിറ്റിങ് മണ്ഡലമായ മട്ടന്നൂരില്‍ ആരോഗ്യമന്ത്രി കെകെ ശൈലജയെ ഇറക്കാനാണ് സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റിന്റെ തീരുമാനം. പേരാവൂരിലും കല്യാശ്ശേരിയിലും കെകെ ശൈലജയെ പരിഗണിക്കുന്നുണ്ട്. കൂത്തുപറമ്പ് എല്‍ജെഡിക്ക് വിട്ടുകൊടുക്കുന്നതോടെ ശൈലജയെ സ്വന്തം നാടായ മട്ടന്നൂരിലേക്കും ഇപിയെ കല്യാശേരിയിലും പരിഗണിക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെയുണ്ടായിരുന്നു. സിപിഐഎമ്മിന്റെ മുതിര്‍ന്ന നേതാവായ എംവി ഗോവിന്ദനെ തളിപ്പറമ്പില്‍ ഇറക്കാനും ജില്ലാ സെക്രട്ടേറിയറ്റില്‍ തീരുമാനമായി. താന്‍ എവിടെ മത്സരിക്കണമെന്ന് പാര്‍ട്ടി തീരുമാനിക്കുമെന്നായിരുന്നു തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ തുടങ്ങിയപ്പോള്‍ എംവി ഗോവിന്ദന്‍ അറിയിച്ചിരുന്നത്.

Snews

Post a Comment

Previous Post Next Post