
ന്യൂഡൽഹി :
സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ തടയുന്നതിന് പുതിയ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി റെയിൽവെ. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നടന്ന കുറ്റകൃത്യങ്ങൾ സംബന്ധിച്ച് വിശദമായ റിപ്പോർട്ട് നൽകാൻ റെയിൽവെ പ്രോട്ടക്ഷൻ ഫോഴ്‌സ് നിർദ്ദേശം നൽകി. റെയിൽവെയുമായി ബന്ധപ്പെട്ട് കുറ്റകൃത്യങ്ങൾ നടത്തിയവരുടെ വിവരം ശേഖരിക്കാനാണ് നിർദ്ദേശം. റെയിൽവെ പ്രൊട്ടക്ഷൻ ഫോഴ്‌സ് ഡിജി അരുൺ കുമാറാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
റെയിൽവെ സ്റ്റേഷനുകളിലെ സൗജന്യ വൈഫൈ ഉപയോഗിച്ച് അശ്ലീല വീഡിയോയും മറ്റും ഡൗൺലോഡ് ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് നിർദ്ദേശത്തിൽ പറയുന്നു. ഉപയോഗ ശൂന്യമായിക്കിടക്കുന്ന കെട്ടിടങ്ങൾ, പ്ലാറ്റ്‌ഫോമുകൾ,ക്വാട്ടേഴ്‌സുകൾ, സുരക്ഷിതമല്ലാത്ത സ്ഥലങ്ങൾ എല്ലാം തന്നെ പൊളിച്ചുമാറ്റണം. ഇത് നീക്കം ചെയ്യുന്നതുവരെ ഇവിടെ കർശനമായ നിരീക്ഷണമുണ്ടാകണമെന്നും നിർദ്ദേശത്തിൽ പറയുന്നുണ്ട്.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നടന്ന കുറ്റകൃത്യങ്ങളുടെ വിവരങ്ങൾ പോസ്റ്റ് കമാൻഡർമാർക്ക് നൽകണം. സ്ത്രീകൾക്കെതിരെ നടന്ന കുറ്റകൃത്യങ്ങളും പ്രതികളുടെ ഫോട്ടോ ഉൾപ്പെടെയുള്ള വിവരങ്ങളും ഉദ്യോഗസ്ഥർക്ക് നൽകണമെന്നും നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു. സ്‌റ്റേഷനിൽ ട്രെയിൻ എത്തുമ്പോഴും പോകുമ്പോഴുമെല്ലാം ലേഡീസ് കംപാർട്ട്‌മെന്റിൽ സൂക്ഷ്മമായ നിരീക്ഷണം നടത്താനും ഉത്തരവിട്ടിട്ടുണ്ട്.
Post a Comment