ചെന്നിത്തലയ‍്‌ക്ക്‌ വീണ്ടും തിരിച്ചടി; സോളാർ, കാറ്റാടി വൈദ്യുതി കേരളത്തിൽ 2.80 രൂപ, രാജസ്ഥാനിൽ 5.02



തിരുവനന്തപുരം > 

കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിൽ സോളാർ, കാറ്റാടി വൈദ്യുതി വാങ്ങുന്നത് കേരളത്തേക്കാൾ ഉയർന്ന നിരക്കിൽ. കെഎസ്ഇബി 2.80 രൂപയ്ക്ക് കാറ്റാടി വൈദ്യുതിക്ക് കരാർ വച്ചപ്പോൾ 5.02 രൂപയ്ക്കാണ് രാജസ്ഥാന്റെ കരാർ. രാജസ്ഥാനിൽ സംസ്ഥാന സർക്കാരിന് കീഴിലെ ജയ്പുർ, അജ്മിർ, ജോധ്പുർ വൈദ്യുതി വിതരൺ നിഗം ലിമിറ്റഡ് എന്നീ മൂന്ന് കമ്പനിയാണ് വൈദ്യുതി വിതരണം നടത്തുന്നത്. ഈ സ്ഥാപനങ്ങൾ കെഎസ്ഇബിയേക്കാൾ ഉയർന്ന നിരക്കിലാണ് കാറ്റാടി, സോളാർ വൈദ്യുതി വാങ്ങുന്നത്. കാറ്റാടി വൈദ്യുതി 5.02, സോളാർ 4.29 രൂപ എന്നിങ്ങനെയാണ് നിരക്ക്.

കുറഞ്ഞ നിരക്കിൽ കാറ്റാടി വൈദ്യുതി വാങ്ങാനുള്ള കെഎസ്ഇബി കരാറിനെതിരെ അടിസ്ഥാനരഹിത ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു. 2.80 രൂപയ്ക്ക് കാറ്റാടി വൈദ്യുതി വാങ്ങാനുള്ള കെഎസ്ഇബി കരാറിന് പിന്നിൽ 1000 കോടിയുടെ അഴിമതിയുണ്ടെന്നാണ് ആക്ഷേപം.

സോളാർ വൈദ്യുതി രണ്ട് രൂപയ്ക്ക് ലഭിക്കുമെന്നും പറഞ്ഞു. സോളാർ വൈദ്യുതി രണ്ട് രൂപയ്ക്ക് ലഭ്യമല്ലെന്ന് കെഎസ്ഇബി ചൂണ്ടിക്കാട്ടിയിരുന്നു. പിന്നാലെ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങുന്നതിന്റെ കരാർ വിവരങ്ങളും പുറത്തുവന്നു. അഴിമതി ആരോപിച്ച് കെഎസ്ഇബിയുടെ കുറഞ്ഞ നിരക്കിലുള്ള കരാർ റദ്ദാക്കണമെന്ന് പറയുന്ന ചെന്നിത്തല കോൺഗ്രസ് സർക്കാരിനോട് കൂടിയ നിരക്കിലുള്ള കരാറിൽനിന്ന് പിന്മാറാൻ ആവശ്യപ്പെടുമോയെന്ന ചോദ്യം ഉയർന്നു.


Post a Comment

Previous Post Next Post