മാമ്പഴം വിറ്റ് ഓൺലൈൻ ക്ലാസിനായി ഫോൺ വാങ്ങാനായി തെരുവിൽ കച്ചവടം; 12 മാങ്ങകൾ വിറ്റ് പതിനൊന്നുകാരി പെൺകുട്ടി സമ്പാദിച്ചത് 1.20 ലക്ഷം രൂപ


ജംഷെഡ്പുർ: 

ക്ലാസ് ഒക്കെ ഓൺലൈനായതോടെ പഠനത്തിനായി സ്വന്തമായി മൊബൈൽ ഫോൺ വാങ്ങാനായി കഷ്ടപ്പെട്ട പതിനൊന്നുകാരിക്ക് ഒടുവിൽ ലോട്ടറി പോലെ പണം കൈവന്നിരിക്കുകയാണ്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന തുൽസി കുമാർ എന്ന ഈ വിദ്യാർത്ഥിനിക്ക് സ്മാർട്ട്‌ഫോണില്ലാത്തതിനാൽ ക്ലാസുകൾ കാണാനോ കേൾക്കാനോ കഴിയുന്നുണ്ടായിരുന്നില്ല.

ഫോണിനായി സ്വന്തമായി കുറച്ചു പണം കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായി തുൽസി വഴിയോരത്ത് മാമ്പഴക്കച്ചവടം ആരംഭിക്കുകയായിരുന്നു. മാമ്പഴം വിറ്റ് കിട്ടുന്ന പണം കൂട്ടി വെച്ച് ഫോൺ വാങ്ങാമെന്നായിരുന്നു ഈ പെൺകുട്ടി കരുതിയത്. എന്നാൽ തുൽസിയ്ക്ക് അധികനാൾ മാമ്പഴവിൽപന നടത്തേണ്ടി വന്നില്ല. അതിനുമുമ്പ് തന്നെ തുൽസിയുടെ കഥ ഒരു പ്രാദേശിക ചാനലിലൂടെ അറിയാനിടയായ വാല്യുബിൾ എഡ്യൂടെയ്ൻമെന്റ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ അമേയ ദേവദൂതനെ പോലെ അവൾക്ക് സഹായവുമായെത്തി.


പണമായി സഹായം നൽകുന്നതിന് പകരം അമേയ തുൽസിയുടെ കൈയ്യിൽ നിന്നും മാമ്പഴങ്ങൾ വാങ്ങി പണം നൽകിയാണ് സഹായിച്ചത്. ഓരോ മാമ്പഴത്തിനും 10,000 രൂപ വീതം നൽകി പന്ത്രണ്ടെണ്ണമാണ് അമേയ വാങ്ങിയത്. തുടർന്ന് 1,20,000 രൂപ തുൽസിയുടെ അച്ഛൻ ശ്രീമൽ കുമാറിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് കഴിഞ്ഞ ബുധനാഴ്ച ട്രാൻസ്ഫർ ചെയ്തു.

ജാർഖണ്ഡിലെ ജംഷെഡ്പുരിലാണ് തുൽസിയുടെ വീട്. സർക്കാർ സ്‌കൂളിൽ അഞ്ചാം തരത്തിലാണ് തുൽസി ഇപ്പോൾ പഠിക്കുന്നത്. ഫോൺ വാങ്ങാനുള്ള പണം ലഭിച്ചതോടെ ഇനി തുൽസിക്ക് ക്ലാസുകൾ മുടങ്ങുമെന്ന സങ്കടമില്ല.


ഈ മേഖലയിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ ഭൂരിഭാഗം കുട്ടികൾക്കും ഇപ്പോഴും സ്മാർട്ട് ഫോണുകളും ലാപ്‌ടോപ്പുകളും അപ്രാപ്യമാണ്. പലയിടങ്ങളിലും അധ്യാപകർ തന്നെ മുന്നിട്ടിറങ്ങി തങ്ങളുടെ കുട്ടികൾക്ക് പഠനസൗകര്യം ഒരുക്കി നൽകുകയാണ് ചെയ്യുന്നത്.


Post a Comment

Previous Post Next Post