തെരഞ്ഞെടുപ്പ്‌ അട്ടിമറിക്കാൻ കേരളമാകെ കുഴൽപ്പണം എത്തിച്ചു ; കൈമാറിയത്‌ ധർമരാജൻ



തൃശൂർ
നിയമസഭാ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സംസ്ഥാന വ്യാപകമായി ബിജെപി കുഴൽപ്പണമിറക്കി. സംസ്ഥാനത്ത് വിവിധയിടങ്ങളിലെ ബിജെപി ഭാരവാഹികൾക്ക് ആർഎസ്എസ് നേതാവായ ധർമരാജൻ വഴിയാണ് കുഴൽപ്പണമെത്തിച്ചത്. ബിജെപി സംസ്ഥാന സംഘടനാ സെക്രട്ടറി ഗണേശ്, ഓഫീസ് സെക്രട്ടറി ഗിരീശൻ എന്നിവരുടെ നിർദേശപ്രകാരം ബംഗളൂരുവിൽനിന്നെത്തിച്ചതായിരുന്നു ഹവാലപണം. ആലപ്പുഴ ജില്ലാ ട്രഷറർ കെ ഗോപാലകൃഷ്ണക്ക് (കെ ജി കർത്ത) കൈമാറാൻ കൊണ്ടുപോവുമ്പോഴാണ് കൊടകരയിൽവച്ച് കവർന്നത്. ഇതിനുപുറമെയാണ് മറ്റു ജില്ലകളിലെ നേതാക്കൾക്കും പണമെത്തിച്ചതെന്നും അന്വേഷകസംഘം പറഞ്ഞു. കുഴൽപ്പണം പാർടി നേതാക്കൾതന്നെ കവർന്നതിൽ ഒരുഭാഗം പൊലീസ് വീണ്ടെടുത്തിരുന്നു. ഇത് തിരിച്ചുകിട്ടാനാവശ്യപ്പെട്ട് ധർമരാജൻ നൽകിയ ഹർജിയെ എതിർത്ത് ഇരിങ്ങാലക്കുട മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ.

ബിജെപി സംസ്ഥാന ഓഫീസിൽനിന്നുള്ള നിർദേശപ്രകാരമാണ് അനധികൃതമായി പണമെത്തിച്ചതെന്ന് ധർമരാജനും മൊഴി നൽകി. ധർമരാജൻ സപ്ലൈകോ വിതരണക്കാരനാണെന്നും തെരഞ്ഞെടുപ്പുസാമഗ്രികളെത്തിക്കുക മാത്രമാണുണ്ടായതെന്നുമാണ് സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ പറഞ്ഞിരുന്നത്. ഇതിന്റെ ഒരു രേഖയും കോടതിയിലോ അന്വേഷകസംഘത്തിനു മുന്നിലോ ഹാജരാക്കിയിട്ടില്ല. കുഴൽപ്പണ കവർച്ചയ്ക്കുശേഷം ധർമരാജൻ ആദ്യം വിളിച്ചവരിൽ കെ സുരേന്ദ്രന്റെ മകൻ ഹരികൃഷണന്റെ നമ്പറും അന്വേഷകസംഘം കണ്ടെത്തിരുന്നു. ഇരുപത്തഞ്ചോളം അബ്കാരി കേസുകളിലുൾപ്പെട്ട ധർമരാജൻ കമീഷൻവ്യവസ്ഥയിൽ കുഴൽപ്പണ ഇടപാട് നടത്തുകയാണെന്നും കണ്ടെത്തിയിട്ടുണ്ട്. പണവുമായെത്തിയ ധർമരാജനും സംഘത്തിനും ബിജെപി ഓഫീസ് സെക്രട്ടറിയാണ് ലോഡ്ജിൽ താമസസൗകര്യമൊരുക്കിയത്. ബിജെപി ജില്ലാ പ്രസിഡന്റ് കെ കെ അനീഷ്കുമാർ, ട്രഷറർ സുജയ്സേനൻ, മേഖലാ സെക്രട്ടറി കാശിനാഥൻ എന്നിവർ നാലാംപ്രതി ദീപക്കിനെ ജില്ലാകമ്മിറ്റി ഓഫീസിൽ ഭീഷണിപ്പെടുത്തിയതായും റിപ്പോർട്ടിലുണ്ട്.


Post a Comment

Previous Post Next Post