വളർത്തു നായകളിൽ അപുർവ്വ രോഗം പടരുന്നു: distemper diseases

കണ്ണൂര്‍: മൃഗസംരക്ഷണ പ്രവർത്തകരിലും നായ് പ്രേമികളിലും ആശങ്കയുണർത്തി വളർത്തുനായ്ക്കളിൽ അപൂർവ്വ രോഗം പടരുന്നു. നായ്ക്കളില്‍ ഗുരുതര രോഗമായ കനൈന്‍ ഡിസ്റ്റംബര്‍ പടര്‍ന്നു പിടിക്കുന്നതായി മൃഗ പരിപാലന രംഗത്തെ ആരോഗ്യ വിദഗ്ദര്‍ കണ്ടെത്തി. കഴിഞ്ഞ ഏതാനും നാളുകളായി സംസ്ഥാനത്ത് പ്രത്യേകിച്ച് കണ്ണൂര്‍ ജില്ലയില്‍ പലയിടങ്ങളിലായി കനൈന്‍ ഡിസ്റ്റംബര്‍ രോഗം പിടിപെട്ട് നിരവധി തെരുവ് നായ്ക്കളും വളര്‍ത്തു നായ്ക്കളും മരണപ്പെട്ടതായും വെറ്റിനറി ഡോക്ടര്‍മാര്‍ അഭിപ്രയാപ്പെടുന്നു.

നായ,കുറുനരി,കുറുക്കന്‍ തുടങ്ങിയ ശ്വന വര്‍ഗ്ഗത്തിലെ ജീവികളേയും മാര്‍ജ്ജാരവര്‍ഗത്തില്‍പ്പെട്ട സിംഹമടക്കമുളള വന്യ ജീവികളേയും ബാധിക്കുന്ന വൈറസ് രോഗബാധയാണ് കനൈന്‍ ഡിസ്റ്റംബര്‍. രോഗബാധയേറ്റ നായ്ക്കളില്‍ നിന്നും രോഗവാഹകരായ കുറുക്കനടക്കമുളള മറ്റ് ശ്വന വര്‍ഗ്ഗ ജീവികളില്‍ നിന്നും മറ്റ് നായ്ക്കളിലേക്കും രോഗം പടര്‍ന്നു പിടിക്കുന്നതെന്നും വായുവിലൂടെയാണ് വൈറസ് പ്രധാനമായും പകരുന്നതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു

പനി, വിശപ്പിലായ്മ, കണ്ണില്‍ നിന്നും മൂക്കില്‍ നിന്നും കട്ടിയുളള സ്രവമൊലിക്കുക, ഛര്‍ദ്ദി,ചുമ, വയറിളക്കം എന്നിവയാണ് രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങള്‍. വൈറസ് നാഢീ വ്യൂഹത്തേയും തലച്ചോറിനേയും ബാധിക്കുന്നതോടെ കാലിലേയും തലയിലേയും അനിയന്ത്രിതമായ വിറയല്‍,വേച്ച് പോവല്‍,കൈകാലുകളുടെ തളര്‍ച്ച,വായില്‍ നിന്നും നിയന്ത്രണാതീതമായി ഉമിനീര്‍ ഉഴുകുക, ച്യൂവിഗം ചവയ്ക്കുന്നതു പോലെയുളള ലക്ഷണങ്ങള്‍ എന്നിവ പ്രകടമാകും. ചില നായ്ക്കളില്‍ വയറിനടി വശത്തും തുടകള്‍ക്കിടയിലും പഴുപ്പ് നിറഞ്ഞ കുമിളഖല്‍ പ്രത്യക്ഷപ്പെടുകയും നായ്ക്കളുടെ കാല്‍പ്പാദത്തിനടിവശം കട്ടിയാവുകയും ചെയ്യുന്നതായും കണ്ടു വരുന്നു.

രോഗബാധയേറ്റ മുതിര്‍ന്ന നായ്ക്കളില്‍ 50 ശതമാനംവരേയും നായ്ക്കുട്ടികളില്‍ 80ശതമാനംവരേയും മരണ സാധ്യത നിലനില്‍ക്കുന്നതായി ഡോക്ടര്‍മാര്‍ പറയുന്നു. രോഗബാധയേറ്റാല്‍ ഫലപ്രദമായ ആന്റിവൈറല്‍ മരുന്നുകള്‍ ലഭ്യമല്ലാത്തത് രോഗനിവാരണം അസാധ്യമാക്കുകയാണെന്നും രോഗബാധയില്‍ നിന്നും രക്ഷനേടാനുളള ഏക മാര്‍ഗ്ഗം കൃത്യമായ പ്രതിരോധ കുത്തിവെയ്പ്പുകള്‍ നല്‍കുക മാത്രമാണെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നു. ആറാഴ്ച പ്രായമാവുമ്പോള്‍ ആദ്യ പ്രതിരോധ കുത്തിവെയ്‌പ്പെടുക്കണമെന്നും 16 ആഴ്ച പ്രായംവരെ കുത്തിവെയ്പ്പ് തുടരേണ്ടതാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു

ഡിസ്റ്റംബര്‍ രോഗം ബാധിച്ച നായ്ക്കളെ ചികിത്സിക്കാനായി സംസ്ഥാനത്തെ മൃഗാശുപത്രികളില്‍ പ്രത്യേക ഐസോലേഷന്‍ മുറികള്‍ സജ്ജമാക്കിയിട്ടുണ്ട്. നായ്ക്കള്‍ക്ക് രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ വൈദ്യ സഹായം ലഭ്യമാക്കണമെന്നും രോഗത്തിനെതിരെ ജാഗ്രത പുലര്‍ത്തണമെന്നും കണ്ണൂര്‍ ജില്ലാ വെറ്റിനറി ആശുപത്രിയിലെ സര്‍ജ്ജന്‍ ഷെറിന്‍ ബാ സാരംഗം പറഞ്ഞു. എന്നാൽ തെരുവ് നായകളിൽ ഈ അസുഖം ബാധിച്ചതായി ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. ജില്ലയിലെ ഏതെങ്കിലും പ്രദേശത്ത് തെരുവുനായ്ക്കൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്ന സാഹചര്യമുണ്ടോയെന്ന് ജില്ലാ മൃഗ സംരക്ഷണ വകുപ്പ് പരിശോധിച്ചു വരികയാണ്.

Post a Comment

Previous Post Next Post