രാജ്യത്ത് വീണ്ടും ഗ്രീന്‍ ഫംഗസ് കേസ് റിപ്പോര്‍ട്ട് ചെയ്തു. ഇത്തവണ പഞ്ചാബിലെ ജലന്ധറിലാണ് ഗ്രീന്‍ ഫംഗസ് റിപ്പോര്‍ട്ട് ചെയ്തത്. നേരത്തെ രാജസ്ഥാനില്‍ ഗ്രീന്‍ ഫംഗസ് കണ്ടെത്തിയിരുന്നു. ജലന്ധറില്‍ കൊവിഡ് മുക്തനായി ചികിത്സയില്‍ കഴിയുന്ന 62കാരനിലാണ് രോഗം കണ്ടെത്തിയത്. ഇവിടുത്തെ സിവില്‍ ആശുപത്രിയിലെ സാംക്രമിക രോഗ വിദഗ്ധന്‍ ഡോ. പരംവീര്‍ സിംഗാണ് ഗ്രീന്‍ ഫംഗസ് കേസ് വെളിപ്പെടുത്തിയത്.
രാജസ്ഥാനില്‍ 34കാരനാണ് രാജ്യത്ത് ആദ്യം ഗ്രീന്‍ ഫംഗസ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ കുറച്ചുനാളായി കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു ഇയാള്‍. ശ്വാസകോശത്തെ ബാധിക്കുന്ന ആസ്പര്‍ഗില്ലോസിസ് എന്ന ഫംഗസ് അണുബാധയാണ് ഇയാളില്‍ കണ്ടെത്തിയത്. പനിയും മൂക്കില്‍ നിന്ന് വലിയ അളവില്‍ രക്തവും വന്നിരുന്നു. ബ്ലാക്ക് ഫംഗസ് ബാധിച്ചതായാണ് ആദ്യം കരുതിയതെങ്കിലും തുടര്‍ പരിശോധനയിലാണ് ഗ്രീന്‍ ഫംഗസ് സ്ഥിരീകരിച്ചത്.
മാര്‍ച്ചില്‍ രാജ്യത്തുണ്ടായ കൊവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തെ തുടര്‍ന്നാണ് ബ്ലാക്ക് ഫംഗസ് കേസുകള്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്തു തുടങ്ങിയത്. അതിന് പിന്നാലെയാണ് ഗ്രീന്‍ ഫംഗസ് കേസുകളും ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രതിരോധ ശേഷി ദുര്‍ബലമാകുന്നതും, മരുന്നുകളോട് പ്രതികരിക്കാതിരിക്കുന്നതുമാണ് ഗ്രീന്‍ ഫംഗസ് രോഗിയെ അപകടാവസ്ഥയിലാക്കുന്നത്. രാജ്യത്ത് ഇതിനോടകം 31,000 ത്തിലധികം പേര്‍ക്ക് ബ്ലാക്ക് ഫംഗസ് ബാധിക്കുകയും ഇതില്‍ 2,100 പേര്‍ മരണമടയുകയും ചെയ്തിട്ടുണ്ട്.
വീടിനകത്തും പുറത്തും കാണപ്പെടുന്ന ആസ്പര്‍ജില്ലസ് എന്ന സാധാരണ പൂപ്പല്‍ മൂലമാണ് ഗ്രീന്‍ ഫംഗസ് അണുബാധ ഉണ്ടാകുന്നത്. ദുര്‍ബലമായ രോഗപ്രതിരോധ ശേഷിയോ ശ്വാസകോശ സംബന്ധമായ അസുഖങ്ങളോ ഉള്ളവര്‍ക്ക് ഗ്രീന്‍ ഫംഗസ് പിടിപെടാനുള്ള സാധ്യത കൂടുതലാണെന്ന് യു എസ് സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ അഭിപ്രായപ്പെടുന്നു.
Post a Comment