കോവിഡിൽ തൊഴിൽ നഷ്ടപ്പെട്ടത് പത്തുകോടിയിലേറെ പേർക്ക്

ന്യൂഡൽഹി: 

കോവിഡ് പ്രതിസന്ധിയിൽ പത്തുകോടിയിലേറേ പേരുടെ തൊഴിൽ നഷ്ടമായതായി തൊഴിലാളി സംഘടനകൾ. 40 കോടിപേർ ദാരിദ്ര്യഭീതിയിലാണ്. തൊഴിലാളി യൂണിയനുകളും വ്യവസായരംഗത്തെ സംഘടനകളുമാണ് ഇതു സംബന്ധിച്ച കണക്കുകൾ പാർലമെന്ററി സമിതിക്കു മുന്നിൽ നിരത്തിയത്. നിക്ഷേപം ആകർഷിക്കാൻ നിലവിലെ നയങ്ങൾ പുനഃപരിശോധിക്കണമെന്ന് വ്യവസായസമൂഹം ആവശ്യപ്പെട്ടപ്പോൾ തൊഴിൽ സംരക്ഷിക്കണമെന്നാണ് ബി.എം.എസ്. ഉൾപ്പെടെയുള്ള യൂണിയനുകൾ തൊഴിൽകാര്യ പാർലമെന്ററി സമിതിയോട് ആവശ്യപ്പെട്ടത്. കോവിഡ് പ്രത്യാഘാതം സമിതി വിശദമായി ചർച്ച ചെയ്തതായി ഒരംഗം ‘മാതൃഭൂമി’യോടു പറഞ്ഞു. അടച്ചിടൽ നഗരങ്ങളിലെ തൊഴിലാളികളിൽ 80 ശതമാനത്തിന്റെയും ജീവനോപാധിയെ ബാധിച്ചിട്ടുണ്ടെന്ന് വിവിധ സർവേകൾ ചൂണ്ടിക്കാട്ടി സംഘടനകൾ വിശദീകരിച്ചു. വരുമാനത്തിൽ 40-50 ശതമാനം കുറവുണ്ടായിട്ടുണ്ടെന്നാണ് അസിംപ്രേംജി സർവകലാശാല നടത്തിയ പഠനത്തിലെ വിലയിരുത്തൽ. മാസവരുമാനത്തിൽ 65 ശതമാനം കുറവുണ്ടായെന്ന് ദാൽബെർഗ് സർവേയും വെളിപ്പെടുത്തി. കുടിയേറ്റ തൊഴിലാളികളുടെ ജീവനോപാധിയെ സാരമായി ബാധിച്ചു. സർവമേഖലകളിലും കടക്കെണിയും തകർച്ചയുമുണ്ടായിട്ടുണ്ടെന്ന് സംഘടനകൾ സമിതിയെ അറിയിച്ചു.കോവിഡിനെത്തുടർന്ന് ഗാർഹികവരുമാനം 97 ശതമാനം കുറഞ്ഞതായി തൊഴിലാളിയൂണിയനുകൾ പറഞ്ഞു. ആദ്യതരംഗത്തിൽ 32 കോടി പേർ ദാരിദ്ര്യരേഖയ്ക്കു കീഴിലായി. രാജ്യത്തെ 40 കോടി പേർ ദാരിദ്ര്യത്തിലാവുമെന്നാണ് അന്താരാഷ്ട്ര തൊഴിൽസംഘടനയുടെ കണക്കുകൂട്ടൽ. രണ്ടാംതരംഗത്തിനുശേഷം രാജ്യത്തെ മധ്യവർഗം ദാരിദ്ര്യത്തിലേക്ക്‌ നീങ്ങുകയാണ്.ശമ്പളം ലഭിക്കുന്ന ജോലികളിൽ 2.1 കോടി തൊഴിൽ നഷ്ടമുണ്ടായി. തൊഴിൽ-വേതന നഷ്ടം നികത്താൻ തൊഴിലാളികൾക്ക് പണം നേരിട്ടു ബാങ്കുകളിൽ നിക്ഷേപിച്ചു നൽകണമെന്നും യൂണിയനുകൾ ആവശ്യപ്പെട്ടു. പ്രത്യക്ഷ-പരോക്ഷ നികുതിഘടനകൾ പരിഷ്കരിക്കണമെന്നാണ് വ്യവസായ സംഘടനകളുടെ ആവശ്യം.


Post a Comment

Previous Post Next Post