കൊല്ലം
ഉത്ര വധക്കേസിൽ പ്രോസിക്യൂഷൻ വാദം ആറാം അഡീഷണൽ സെഷൻസ് ജഡ്ജ് എം മനോജ് മുമ്പാകെ ആരംഭിച്ചു. ഭിന്നശേഷിക്കാരിയായ ഉത്രയുടെ സ്വത്ത് സ്വന്തമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഭർത്താവ് സൂരജ് കൊലപ്പെടുത്തിയതെന്നും മരണം ‘സർപ്പകോപ’ത്തെ തുടർന്നാണെന്ന് വരുത്തിത്തീർക്കാനാണ് ശ്രമിച്ചതെന്നും സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി മോഹൻരാജ് കോടതിയെ ആമുഖമായി അറിയിച്ചു.
ഉത്രയെ കൊലപ്പെടുത്തുക എന്ന ഗൂഢലക്ഷ്യത്തോടെ സൂരജ് കരുതലും സ്നേഹവും അഭിനയിക്കുകയായിരുന്നു. ഭർത്താവിന്റേത് ആത്മാർഥ സ്നേഹമാണെന്ന് ഉത്ര തെറ്റിദ്ധരിച്ചു. അതുകൊണ്ടാണ് കൊലപ്പെടുത്തുന്നതിനു മുമ്പ് മയക്കുമരുന്ന് കലർത്തി സൂരജ് നൽകിയ പാനീയം ഉത്ര വിശ്വാസത്തോടെ വാങ്ങിക്കുടിച്ചത്. ഉത്രയെ ആദ്യം അണലിയെക്കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു. മരണത്തിൽനിന്നു രക്ഷപ്പെട്ട ഉത്ര ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോൾ സൂരജ് അടുത്ത പദ്ധതി തയ്യാറാക്കി. കൊലപാതകം നടപ്പാക്കാനായി പ്രതി പാമ്പിനെ ആയുധമാക്കിയത് പ്രതിയുടെ സമാനതകളില്ലാത്ത കുബുദ്ധിയാണ് വെളിവാക്കുന്നതെന്ന് പ്രോസിക്യൂഷൻ വാദിച്ചു.
സാധാരണഗതിയിൽ പാമ്പിനെ ഉപയോഗിച്ചുള്ള കൊലപാതകം മറ്റു സാഹചര്യങ്ങളിൽനിന്നു മാത്രമെ തിരിച്ചറിയാൻ കഴിയൂ. കേസിൽ മൂർഖന്റെ കടി അസ്വാഭാവികമാണെന്നു തെളിയിക്കാൻ കഴിഞ്ഞു. പാമ്പുകടിയേറ്റുള്ള മരണം കൊലപാതകമാണെന്നു തെളിയിക്കാൻ ബുദ്ധിമുട്ടാണെന്നതു കൊണ്ടാണ് പ്രതി കൊലപാതകത്തിനായി പാമ്പിനെ ഉപയോഗിച്ചത്. എന്നാൽ, സാഹചര്യങ്ങൾ കാവ്യനീതി പോലെ പ്രതിയുടെ കുറ്റകൃത്യം പുറത്തു കൊണ്ടുവന്നതായും പ്രോസിക്യൂഷൻ വാദിച്ചു.
മയക്കുമരുന്ന് ഉള്ളിൽച്ചെന്നു ചലനമറ്റു കിടന്ന ഉത്രയെ ഒരു കാരണവുമില്ലാതെ മൂർഖൻ രണ്ടുതവണ കൊത്തിയെന്നത് വിശ്വസനീയമല്ല. കടികൾ തമ്മിലുള്ള അസാമാന്യ വലിപ്പവ്യത്യാസം പാമ്പിന്റെ തലയിൽ പിടിച്ച് അമർത്തിയതുകൊണ്ട് ഉണ്ടായതാണെന്ന് ഡമ്മി പരീക്ഷണം നടത്തിയതിന്റെ ചിത്രങ്ങൾ കാട്ടി പ്രോസിക്യൂഷൻ വിശദീകരിച്ചു. മൂർഖന്റെ തലയിൽ പിടിച്ച് അമർത്തുമ്പോൾ പല്ലുകൾ വികസിക്കാറുണ്ട്.
ഇത്തരം സാഹചര്യങ്ങൾ ഒരുമിച്ചു പരിഗണിക്കുമ്പോൾ ഉത്രയ്ക്കേറ്റ പാമ്പുകടി സ്വാഭാവികമല്ലെന്ന് വ്യക്തമാണെന്നും പ്രോസിക്യൂഷൻ പറഞ്ഞു.
സർപ്പശാസ്ത്ര വിദഗ്ധൻ മവീഷ് കുമാർ, വനം വകുപ്പ് ഉദ്യോഗസ്ഥൻ മുഹമ്മദ് അൻവർ, വെറ്ററിനറി സർജൻ കിഷോർകുമാർ, ഫോറൻസിക് മെഡിസിൻ തിരുവനന്തപുരം എംസിഎച്ച് മേധാവി ശശികല എന്നിവരടങ്ങിയ വിദഗ്ധ സമിതി ഉത്രയുടെ മരണത്തിനിടയാക്കിയ പാമ്പുകടി സ്വാഭാവികമല്ലെന്ന് പരിശോധിച്ച് കണ്ടെത്തിയിരുന്നു. ഇതേ വസ്തുതകൾ തെളിയിക്കാനായി പാമ്പുപിടിത്തക്കാരൻ വാവ സുരേഷിനെയും കോടതിയിൽ വിസ്തരിച്ചു. ശാസ്ത്രീയവും വൈദ്യശാസ്ത്രപരവുമായ തെളിവുകളും മറ്റ് സാഹചര്യങ്ങളും ഉത്രയുടേത് കൊലപാതകമാണെന്നു വ്യക്തമാക്കുന്നതായും സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കോടതിയെ ധരിപ്പിച്ചു. പ്രതി സൂരജ് വീഡിയോ കോൺഫറൻസ് വഴിയാണ് വിചാരണയിൽ പങ്കെടുത്തത്. പ്രോസിക്യൂഷനു വേണ്ടി ഗോപീഷ് കുമാർ, സി എസ് സുനിൽ എന്നിവരും ഹാജരായി. തുടർവാദം അഞ്ചിനു നടക്കും.
Post a Comment