മുഈനലിക്ക് എതിരെ തത്കാലം നടപടിയില്ല; റാഫിക്ക് സസ്‌പെന്‍ഷൻ



മലപ്പുറം 

മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിക്ക് എതിരെ പരസ്യവിമര്‍ശനം ഉന്നയിച്ച യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റും പാണക്കാട് ഹൈദരലി തങ്ങളുടെ മകനുമായ മുഈന്‍ അലിക്ക് എതിരെ തല്‍ക്കാലം നടപടിയില്ല. മുഈനലിയെ വാര്‍ത്താ സമ്മേളനത്തിനിടെ അസഭ്യം പറഞ്ഞ റാഫിയെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. മുസ്ലിം ലീഗിന്റെ ഉന്നതാധികാര സമിതി യോഗത്തിന്റെതാണ് തീരുമാനം.

അതേസമയം, മുഈനലി വാര്‍ത്താ സമ്മേളനം നടത്തിയ നടപടി തെറ്റാണെന്ന് യോഗം വിലയിരുത്തിയതായി പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന പി എം എ സലാം വാര്‍ത്താസമ്മേളനത്തില അറിയിച്ചു. ഇക്കാര്യത്തില്‍ തുടര്‍ന്ന് എന്ത് തീരുമാനം എടുക്കണമെന്ന് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങളുമായി ചര്‍ച്ച ചെയ്ത് സാദിഖലി ശിഹാബ് തങ്ങള്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മുഈനലി തങ്ങൾ വാർത്താ സമ്മേളനം വിളിച്ച നടപടി ഉചിതമായില്ലെന്ന് പാണക്കാട് കുടുംബാംഗങ്ങളുടെ യോഗം വിലയിരുത്തിയതായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അറിയിച്ചു. ഒറ്റപ്പെട്ട് അഭിപ്രായങ്ങൾ പറയുന്ന പാരമ്പര്യം പാണക്കാട് കുടു‌ംബത്തിന് ഇല്ല. കുടുംബത്തിന്റെ കൂട്ടായ തീരുമാനങ്ങൾ എന്തായാലും അത് മുതിർന്ന കാരണവരാണ് പ്രഖ്യാപിക്കുക. നിലവിൽ ഹെെദരലി തങ്ങളാണ് കുടുംബകാരണവർ. എന്നാൽ ഇതിന് വിരുദ്ധമായി മുഈനലി അഭിപ്രായ പ്രകടനം നടത്തിയത് തെറ്റായ നടപടിയാണ്. അക്കാര്യം മുഈനലിയെ കുടുംബം ബോധ്യപ്പെടുത്തിയിട്ടുണ്ട്.

കുടുംബവുമായി ബന്ധപ്പെട്ട വിഷയമായതിനാൽ മുഈനലിക്ക് എതിരായ അച്ചടക്ക നടപടി തീരുമാനിക്കേണ്ടത് ഹെെദരലി തങ്ങളാണ്. കുടുംബയോഗത്തിന്റെ തീരുമാനം ഹെെദരലി തങ്ങളെ അറിയിച്ച് ഇക്കാര്യത്തിൽ തീരുമാനം ഹെെദരലി തങ്ങൾ തന്നെ നേരിട്ട് പ്രഖ്യാപിക്കുമെന്നും സാദിഖലി വ്യക്തമാക്കി.

അതേസമയം, ചന്ദ്രികയിലെ സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട് മുഈനലി വെളിപ്പെടുത്തിയ കാര്യങ്ങൾ കുടുംബം ചർച്ച ചെയ്തിട്ടില്ലെന്നും അതേ കുറിച്ച് കൂടുതൽ പറയാനില്ലെന്നും സാദിഖലി തങ്ങൾ പറഞ്ഞു. പത്രസമ്മേളനം ശരിയോ തെറ്റോ എന്നത് മാത്രമാണ് കുടുംബം വിലയിരുത്തിയത്. മറ്റു കാര്യങ്ങൾ ചർച്ച ചെയ്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


Post a Comment

أحدث أقدم