കിരണ്‍കുമാറിനെ പിരിച്ചുവിട്ടത് മാതൃകാപരമെന്ന് വനിതാ കമ്മീഷന്‍; 'ഇതൊരു മുന്നറിയിപ്പ് kirankumar crime


സ്ത്രീധനപീഡനത്തിനിരയായി കൊല്ലപ്പെട്ട വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍കുമാറിനെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ട സര്‍ക്കാര്‍ നടപടി മാതൃകാപരമെന്ന് കേരള വനിതാ കമ്മിഷന്‍. സര്‍ക്കാര്‍ ജോലിയുണ്ടെങ്കില്‍ സ്ത്രീധനം യഥേഷ്ടം ചോദിച്ചുവാങ്ങാം എന്നു ചിന്തിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പാണ് സര്‍ക്കാരിന്റെ ഈ നടപടി. ഔദ്യോഗിക സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ സാമൂഹിക പ്രതിബദ്ധതയിലൂന്നിയ ജീവതശൈലികള്‍ അവലംബിക്കേണ്ടത് സമൂഹത്തിന്റെ നന്മയ്ക്ക് അത്യന്താപേക്ഷിതമാണെന്നും കമ്മീഷന്‍ പ്രസ്താവനയിലൂടെ പറഞ്ഞു.

കേരള സിവില്‍ സര്‍വീസ് ചട്ടം എട്ടാം വകുപ്പനുസരിച്ചാണ് കിരണിനെതിരെ നടപടിയെടുത്തത്. ഇത്തരത്തില്‍ പിരിച്ചു വിടാനുള്ള വകുപ്പുണ്ടെന്നും എന്നാല്‍ അത് പലപ്പോഴും പ്രയോഗിക്കാറില്ലെന്നുമാണ് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പ്രതികരിച്ചത്. വിസ്മയയുടെ മരണത്തിന് പിന്നാലെ സംസ്ഥാനത്ത് നിന്നും ഞെട്ടിക്കുന്ന നിരവധി സ്ത്രീധന, ഭര്‍തൃ പീഡന പരാതികള്‍ തുടരെ പുറത്തു വന്നതിനു പിന്നാലെയാണ് നടപടിയെന്നതും ശ്രദ്ധേയമാണ്. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനായ കിരണുമായി 2020 മാര്‍ച്ചിലായിരുന്നു വിസ്മയയുടെ വിവാഹം.

കിരണ്‍ കുമാര്‍ ഇപ്പോഴും സര്‍ക്കാര്‍ ജോലിയില്‍ തുടരാന്‍ കാരണം മരിച്ച ഭാര്യ വിസ്മയയുടെ ദയകൊണ്ടാണെന്ന് കേസിന്റെ പ്രാരംഭ ഘട്ടത്തില്‍ ബന്ധുക്കള്‍ വ്യക്തമാക്കിയിരുന്നു. മുന്‍പൊരിക്കല്‍ കിരണ്‍ മദ്യപിച്ച് വീട്ടിലെത്തി കുടുംബാഗംങ്ങളുടെ വീട്ടിലെത്തി വിസ്മയയെ തല്ലി. ഇത് തടയാന്‍ ശ്രമിച്ച സഹോദരനെയും മര്‍ദ്ദിച്ചു. ഈ സംഭവത്തില്‍ നിയമനടപടികളുമായി മുന്നോട്ട് പോവാനായിരുന്നു കുടുംബാഗംങ്ങളുടെ തീരുമാനം. കിരണിന്റെ മേലുദ്യോഗസ്ഥര്‍ ഇടപെട്ട് പ്രശ്നം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഇതിന് കുടുംബം വഴങ്ങിയില്ല. എന്നാല്‍ വിസ്മയയുടെ വാക്കിനു പുറത്താണ് അന്ന് കേസ് പിന്‍വലിച്ചത്.

Post a Comment

Previous Post Next Post