
മുസ്ലീം ലീഗില്‍ കുഞ്ഞാലിക്കുട്ടി യുഗം അവസാനിച്ചെന്ന് കെ ടി ജലീല്‍. കുഞ്ഞാലിക്കുട്ടി വാ തുറക്കാത്ത ആദ്യ വാര്‍ത്താസമ്മേളനമാണ് നടന്നതെന്നും ജലീല്‍ പരിഹസിച്ചു. മുഈന്‍ അലി തങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാത്ത സാഹചര്യത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലീഗ് നേതാക്കളുടെ വാര്‍ത്താസമ്മേളനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്ന കെ ടി ജലീല്‍.
'ലീഗില്‍ കുഞ്ഞാലിക്കുട്ടി യുഗം അവസാനിച്ചു. കുഞ്ഞാലിക്കുട്ടി വാ തുറക്കാതിരുന്ന ചരിത്രത്തിലെ ആദ്യ വാര്‍ത്താ സമ്മേളനമാണ് കഴിഞ്ഞത്. മുസ്ലിം ലീഗിന്റെ ജനറല്‍ സെക്രട്ടറിയായ ശേഷം ആദ്യമായിട്ടാണ് പിഎംഎ സലാം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിച്ചത്. ഇടി മുഹമ്മദ് ബഷീറിന്റെ മൈക്ക് ആരും തട്ടിപ്പറിച്ചില്ല. അദ്ദേഹത്തിന് പറയാനുള്ളതെല്ലാം പറഞ്ഞു. ലീഗില്‍ മേസ്തരിപ്പണിക്ക് ആളെ ആവശ്യമില്ലെന്ന് സാദിക്ക് അലി പറഞ്ഞത് കുഞ്ഞാലിക്കുട്ടിയെ ഉദ്ദേശിച്ചാണെന്നതും വ്യക്തമാണ്', ജലീല്‍ മാധ്യമങ്ങളോട് പറഞ്ഞു.
ബ്ലാക്ക്‌മെയില്‍ രാഷ്ട്രീയത്തിന്റെ ആശാനാണ് കുഞ്ഞാലിക്കുട്ടിയെന്നും ജലീല്‍ കുറ്റപ്പെടുത്തി. അതുകൊണ്ട് തന്നെയാണ് അദ്ദേഹത്തിനോട് അതേ നാണയത്തില്‍ തിരച്ചടിക്കണമെന്ന് തോന്നിയതും. സേട്ട് സാഹിബിനെയും പിഎം അബൂബക്കര്‍ സാഹിബിനെയും അടക്കം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത് കുഞ്ഞാലിക്കുട്ടിയാണ്. ആ കുഞ്ഞാലിക്കുട്ടിയെ പുറത്താക്കാനും മുസ്ലിം ലീഗില്‍ ഒരു തലമുറ ജനിക്കുമെന്നും കെ ടി ജലീല്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം മൊഈന്‍ അലി വിഷയത്തില്‍ കെ ടി ജലീലിന്റെ ഭീഷണിയെ തള്ളുന്ന പ്രതികരണമാണ് ലീഗ് നേതൃയോഗത്തിന് ശേഷം ചേര്‍ന്ന വാര്‍ത്താസമ്മേളനത്തില്‍ സാദിഖ് അലി തങ്ങള്‍ നടത്തിയത്. പണക്കാട് കുടുംബത്തിന്റെ മേസ്തിരി പണി ആരെയും ഏല്പിച്ചിട്ടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മൊഈന്‍ അലി തങ്ങള്‍ക്കെതിരെ മുസ്ലിംലീഗില്‍ നടപടിയുണ്ടായാല്‍ പി കെ കുഞ്ഞാലിക്കുട്ടിയുടെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാന്‍ ശേഷിയുള്ള ശബ്ദസന്ദേശം പുറത്തുവിടുമെന്നായിരുന്നു കെടി ജലീലിന്റെ മുന്നറിയിപ്പ്. ഈ സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു സാദിഖ് അലി തങ്ങളുടെ മറുപടി. കെടി ജലീലിന്റെ ഭീഷണിയില്‍ പേടിക്കുന്ന പാര്‍ട്ടിയല്ല മുസ്ലിംലീഗെന്ന് ഇ ടി മുഹമ്മദ് ബഷീറും പ്രതികരിച്ചു.
ചന്ദ്രികയുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുസ്ലിംലീഗില്‍ ആശയക്കുഴപ്പമുണ്ടെന്ന പ്രചാരണവും ഇടി മുഹമ്മദ് ബഷീര്‍ തള്ളി. ചന്ദ്രികയെ സംബന്ധിച്ച് പത്രങ്ങളില്‍ വന്ന വാര്‍ത്തകള്‍ക്ക് ഒരു അര്‍ത്ഥവുമില്ല. കള്ളപ്പണം വെളുപ്പിക്കുന്ന ജോലി മുസ്ലിംലീഗിന്റെ ആരും ചെയ്തിട്ടുമില്ല. ആശയപരമായ ചര്‍ച്ചകളാണ് ലീഗില്‍ നടക്കുന്നതെന്നും ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. അതേസമയം, കോഴിക്കോട് ലീഗ് ഹൗസില്‍വെച്ച് നടന്ന വാര്‍ത്താസമ്മേളത്തില്‍ മൊയീന്‍ അലി തങ്ങള്‍ പങ്കെടുത്തത് ഉചിതമായില്ലെന്ന സാദിഖ് അലി തങ്ങള്‍ പ്രതികരിച്ചു. ഒറ്റയ്ക്ക് ഒറ്റയ്ക്ക് അഭിപ്രായം പറയുന്നത് പാണക്കാട് കുടുംബത്തിന്റെ കീഴ് വഴക്കമല്ല. കൂട്ടായെടുക്കുന്ന തീരുമാനങ്ങള്‍ കുടുംബത്തിന്റെ കാരണവരായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പറയുകയാണ് ചെയ്യാറുള്ളത്. ഇവിടെ അത് ലംഘിക്കപ്പെടുകയാണ് ചെയ്തത്. ഇക്കാര്യം മൊഈന്‍ അലിയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും സാദിഖ് അലി തങ്ങള്‍ പറഞ്ഞു.
Post a Comment