കാബൂളൊഴികെ സുപ്രധാന നഗരങ്ങളെല്ലാം താലിബാന്‍ നിയന്ത്രണത്തില്‍; അഫ്ഗാനിസ്താനില്‍ ഗുരുതര സാഹചര്യം



അഫ്ഗാനിസ്താനില്‍ സുപ്രധാന മേഖലകളെല്ലാം താലിബാന്‍ കൈപ്പിടിയിലാക്കി. ഞായറാഴ്ച ജലാലാബാദും കൈക്കലാക്കിയ താലിബാന് ഇനി കൈപ്പിടിയിലാക്കാനുള്ള പ്രധാന നഗരം തലസ്ഥാന നഗരിയായ കാബൂള്‍ മാത്രമാണ്. നന്‍ഗര്‍ഹര്‍ പ്രവിശ്യയുടെ തലസ്ഥാനമായ ജലാലാബാദ് നഗരം ആക്രമണം നടത്താതെയാണ് താലിബാന്‍ കീഴ്‌പ്പെടുത്തിയത്. താലിബാന്‍ ആക്രമണത്തില്‍ നിന്നും ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി ജലാലാബാദ് ഗവര്‍ണര്‍ താലിബാന് അധികാരം കൈമാറുകയായിരുന്നെന്ന് ഒരു അഫ്ഗാന്‍ ഉദ്യോഗസ്ഥന്‍ റോയിട്ടേഴ്‌സിനോട് പ്രതികരിച്ചു.

പാകിസ്താനെ അഫ്ഗാനിസ്താനുമായി ബന്ധിപ്പിക്കുന്ന നഗരമാണ് ജലാലാബാദ്. അഫ്ഗാനിലെ ഏറ്റവും വലിയ നാലാമത്തെ മസര്‍ ഇ ഷരിഫ് പിടിച്ചടക്കിയതിനു മണിക്കൂറുകള്‍ക്ക് ശേഷമാണ് ജലാലാബാദും താലിബാന്‍ പിടിച്ചെടുത്തത്. നിലവില്‍  രാജ്യത്തെ 34 പ്രവിശ്യാ തലസ്ഥാനങ്ങളില്‍ 23 ഉം താലിബാന്‍ നിയന്ത്രണത്തിലാണ്.

ഒന്നുകില്‍ താലിബാന് മുന്നില്‍ കീഴടങ്ങി അധികാരം കൈമാറുക, അല്ലെങ്കില്‍ താലിബാനുമായി ഒരു കനത്ത യുദ്ധത്തിന് തയ്യാറെടുക്കുക എന്നീ രണ്ട് തീരുമാനങ്ങളിലൊന്നെടുക്കേണ്ട ഘട്ടത്തിലേക്കാണ്  അഫ്ഗാന്‍ പ്രസിഡന്റ് അഷറഫ് ഗാനിയുടെ സര്‍ക്കാര്‍ നീങ്ങുന്നത്. ജലാലാബാദും മസര്‍ ഇ ഷരിഫ് നഗരവും നഷ്ടപ്പെട്ടത് സര്‍ക്കാരിന് സൈനിക തലത്തിലുള്ള ദുര്‍ബലത വ്യക്തമാക്കുന്നതാണ്.

അതേസമയം അഫ്ഗാനിസ്താനില്‍ നിന്നും അമേരിക്കന്‍ സൈന്യത്തെ പിന്‍വലിച്ചത് ശരിയായ തീരുമാനം തന്നെയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ആവര്‍ത്തിച്ചു. മറ്റൊരു രാജ്യത്തിന്റെ ആഭ്യന്തര സംഘര്‍ഷത്തിനു നടുവില്‍ അവസാനമില്ലാത്ത അമേരിക്കന്‍ സാന്നിധ്യം ഒരു തരത്തിലും ന്യായീകരിക്കാനാവുന്നതല്ലെന്ന് ജോ ബൈഡന്‍ പറഞ്ഞു.

'അഫ്ഗാനിസ്താനിലെ അമേരിക്കന്‍ സൈന്യത്തിന്റെ അധ്യക്ഷത വഹിക്കുന്ന നാലാമത്തെ പ്രസിഡന്റ് ആണ് ഞാന്‍. രണ്ട് റിപബ്ലിക്കന്‍ പ്രസിഡന്റുമാരും രണ്ട് ഡെമോക്രാറ്റ് പ്രസിഡന്റുമാരും. ഞാനൊരിക്കലും ഈ യുദ്ധം അഞ്ചാമത്തെ ആള്‍ക്ക് കൈമാറില്ല,' ബൈഡന്‍ പറഞ്ഞു.


Post a Comment

Previous Post Next Post