
ഓരോ ഇന്ത്യക്കാരനും ഇത് അഭിമാന നിമിഷം. ഒളിമ്പിക്‌സിന്റെ അത്‌ലറ്റിക്‌സ് വേദിയില്‍ ആദ്യമായി ഇന്ത്യന്‍ ദേശീയഗാനം മുഴങ്ങി. സാക്ഷാല്‍ മില്‍ഖാ സിങ്ങിനും പി.ടി. ഉഷയ്ക്കും നേടാനാകതെ പോയത് 130 കോടി ജനതയ്ക്കായി, ഇന്ത്യയെന്ന മഹാരാജ്യത്തിനായി ഇതാ നീരജ് ചോപ്രയെന്ന 23-കാരന്‍ സ്വന്തമാക്കിയിരുക്കുന്നു. 100 വര്‍ഷം പിന്നിട്ട ഒളിമ്പിക്‌സ് ചരിത്രത്തില്‍ അത്‌ലറ്റിക്‌സില്‍ ഇതാദ്യമായി ഇന്ത്യക്ക് ഒരു മെഡല്‍!
ഇന്നു നടന്ന പുരുഷ വിഭാഗം ജാവലിന്‍ ത്രോയിലാണ് നീരജ് ചരിത്രത്തിലേക്ക് എറിഞ്ഞു കയറിയത്. 87.58 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് ഇന്ത്യയുടെ അഭിമാനതാരം മെഡല്‍ പോഡിയത്തിലേക്ക് കയറിയത്. 1956-ല്‍ മില്‍ഖയ്ക്കും 1984-ല്‍ ഉഷയ്ക്കും സെക്കന്‍ഡുകളുടെ നൂറിലൊരംശത്തിന് നഷ്ടമായ വെങ്കല മെഡലിന് ആയിരമിരട്ടി തിളക്കം നല്‍കി പൊന്നാക്കി മാറ്റുകയായിരുന്നു യുവതാരം.
ടോകേയായില്‍ നീരജിന് വെല്ലുവിളിയാകുമെന്നു കരുതിയ ജര്‍മന്‍ താരം ജൂലിയന്‍ വെബ്ബര്‍, ചെക്ക് റിപ്പബ്ലിക് താരം വിറ്റ്സ്ലാവ് വെസ്ലി എന്നിവര്‍ക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കാനായില്ല. അതേസമയം മറ്റൊരു ചെക്ക് താരം യാക്കൂബ് വെല്‍ഡിഷ് 86.67 മീറ്റര്‍ ദൂരത്തില്‍ വെള്ളി നേടിയപ്പോള്‍ വെങ്കല മെഡലും 85.44 മീറ്റര്‍ ദൂരത്തില്‍ വെസ്ലിക്കൊപ്പം ചെക്ക് റിപ്പബ്ലിക്കിലേക്കു തന്നെ പോയി.
ചരിത്രകഥ പറയുന്ന നിരവധി യുദ്ധങ്ങള്‍ കണ്ട ഹരിയാനയിലെ പാനിപ്പത്തില്‍ നിന്നാണ് നീരജിന്റെ വരവ്. 2016-ല്‍ സാഫ് ഗെയിംസില്‍ സ്വര്‍ണം നേടിയാണ് നീരജ് രാജ്യാന്തര കരിയര്‍ ആരംഭിച്ചത്് അന്ന് വെറും 21-കാരനായിരുന്ന നീരജ് 82.23 മീറ്റര്‍ ദൂരം കുറിച്ച് ദേശീയ റെക്കോഡ് തിരുത്തിയിരുന്നു.
എന്നാല്‍ നീരജിലെ പ്രതിഭയെ രാജ്യവും ലോകം ശ്രദ്ധിച്ചത് അതേവര്‍ഷം പോളണ്ടില്‍ നടന്ന ലോക ജൂനിയര്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലായിരുന്നു. 86.48 മീറ്റര്‍ കണ്ടെത്തി നീരജ് ജൂനിയര്‍ ലോക റെക്കോഡ് തകര്‍ത്താണ് അന്നു സ്വര്‍ണമണിഞ്ഞത്. എന്നാല്‍ കട്ട് ഓഫ് തീയതി കഴിഞ്ഞതിനാല്‍ റിയോ ഒളിമ്പിക്‌സിന് യോഗ്യത നേടാനാകാതെ പോയി.
തുടര്‍ന്ന് 2017-ലെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും സ്വര്‍ണം നേടിയ നീരജ് 2018-ല്‍ വീണ്ടും ദേശീയ റെക്കോഡ് തിരുത്തി. ദോഹ ഡയമണ്ട് ലീഗില്‍ 87.43 മീറ്റര്‍ ദൂരമാണ് കണ്ടെത്തിയത്. 2018-ല്‍ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ 88.06 മീറ്ററുമായി ഏഷ്യന്‍ ഗെയിംസ് സ്വര്‍ണം നേടിയ നീരജ് പിന്നീട് മൂന്നു തവണ കൂടി സ്വന്തം പേരിലുള്ള ദേശീയ റെക്കോഡ് തിരുത്തിയ നീരജ് ടോക്യോയിലേക്കു പോകും മുമ്പേ പട്യാലയില്‍ 88.07 മീറ്റര്‍ കണ്ടെത്തിയാണ് ഒളിമ്പിക്‌സിന് ഇറങ്ങിയത്.
ടോക്യോയിലെ ട്രാക്കിലും ഫീല്‍ഡിലുമായി ഇന്ത്യ ഏറ്റവും പ്രതീക്ഷയര്‍പ്പിച്ചിരുന്ന നീരജ് രാജ്യത്തിന്റെ അഭിമാനമുയര്‍ത്തിപ്പിടിച്ച പ്രകടനമാണ് കാഴ്ചവച്ചത്. നിലവില്‍ ആര്‍മിയില്‍ സുബേദാര്‍ റാങ്കില്‍ ജോലി ചെയ്യുന്ന നീരജ് ജര്‍മന്‍ പരിശീലകനായ ക്ലോസ് ബര്‍ടോനിറ്റ്‌സാണ് പരിശീലകന്‍.
Post a Comment