പത്തുമാസത്തെ 'പരിക്ക്' ജീവിതത്തിനു ശേഷം അന്‍സു ഫാറ്റി വീണ്ടും ബാഴ്‌സലോണ കുപ്പായത്തില്‍ കളത്തിലിറങ്ങി. ഇക്കുറി ബാഴ്‌സയില്‍ അണിഞ്ഞത് ഇതിഹാസ താരം ലയണല്‍ മെസി അണിഞ്ഞിരുന്ന 10-ാം നമ്പര്‍ കുപ്പായം. മെസിയുടെ ജഴ്‌സി നമ്പര്‍ യുവതാരത്തിനു നല്‍കാനുള്ള ബാഴ്‌സയുടെ തീരുമാനം ഏറെ ശ്രദ്ധനേടിയിരുന്നു. ഒടുവില്‍ ഇന്നലെ മെസിയണിഞ്ഞ 10-ാം നമ്പര്‍ കുപ്പായം ധരിച്ച ആദ്യമായി ബാഴ്‌സയ്ക്കായി കളിക്കാനിറങ്ങിയ ഫാറ്റി ആ മുഹൂര്‍ത്തം അവിസ്മരണീയമാക്കുകയും ചെയ്തു. തിരിച്ചുവരവിലെ ആദ്യ മത്സരത്തില്‍ തന്നെ ഗോള്‍ നേടിയ ഫാറ്റി ടീമിന്റെയും ആരാധകരുടെയും പ്രതീക്ഷ കാക്കുകയും ചെയ്തു.
ഇന്നലെ ലെവാന്റെക്കെതിരേ നടന്ന ഹോം മത്സരത്തില്‍ എതിരില്ലാത്ത മൂന്നു ഗോളുകളുടെ തകര്‍പ്പന്‍ ജയമാണ് ബാഴ്‌സ നേടിയത്. ആതിഥേയര്‍ക്കായി മെംഫിസ് ഡി പേ, ലൂക്ക് ഡി യോങ് എന്നിവരാണ് ഫാറ്റിക്കു പുറമേ സ്‌കോര്‍ ചെയ്തത്. ഏഴാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ഡി പേയാണ് അവര്‍ക്കു ലീഡ് സമ്മാനിച്ചത്. 14-ാം മിനിറ്റില്‍ ഡി യോങ് ലീഡ് ഉയര്‍ത്തി. ഇടവേളയില്‍ രണ്ടു ഗോളുകള്‍ക്കു മുന്നില്‍ നിന്ന ബാഴ്‌സ 81-ാം മിനിറ്റില്‍ ഡിയോങ്ങിനെ പിന്‍വലിച്ചാണ് ഫാറ്റിയെ ഇറക്കിയത്. കളത്തില്‍ ഇറങ്ങി 10-ാം മിനിറ്റില്‍ തന്നെ താരം സ്‌കോര്‍ ചെയ്യുകയും ചെയ്തു. ജയത്തോടെ ആറു മത്സരങ്ങളില്‍ നിന്ന് മൂന്നു ജയവും മൂന്നു സമനിലകളുമായി 12 പോയിന്റോടെ ആറാം സ്ഥാനത്തേക്ക് ഉയരാന്‍ ബാഴ്‌സയ്ക്കായി.
ഏഴു മത്സരങ്ങളില്‍ നിന്ന് 17 പോയിന്റുള്ള റയല്‍ മാഡ്രിഡും 16 പോയിന്റുള്ള റയല്‍ സോസിഡാഡുമാണ് യഥാക്രമം പോയിന്റ് പട്ടികയില്‍ ആദ്യ രണ്ടു സ്ഥാനങ്ങളില്‍. നിലവിലെ ചാമ്പ്യന്മാരായ അത്‌ലറ്റിക്കോ മാഡ്രിഡ് 14 പോയിന്റുമായി നാലാം സ്ഥാനത്താണ്.
Post a Comment