രക്ഷകനായി ഗെയ്ക്ക്‌വാദ്, കരകയറി ചെന്നൈ; മുംബൈയ്ക്ക് വിജയലക്ഷ്യം 157 റണ്‍സ്

ഐ.പി.എല്ലിലെ എല്‍ക്ലാസിക്കോ പോരാട്ടം ആവേശകരമായ രണ്ടാം പകുതിയിലേക്ക്. ദുബായിയില്‍ ഇന്നലെ പുനരാരംഭിച്ച ഐ.പി.എല്‍. 2021ന്റെ രണ്ടാം പാദത്തിലെ ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരേ തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്നു കരകയറി ചെന്നൈ സൂപ്പര്‍ കിങ്‌സ്. നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സ് നേടിയ അവര്‍ മുംബൈ ഇന്ത്യന്‍സിനു മുന്നില്‍ 157 റണ്‍സിന്റെ വിജയലക്ഷ്യം വച്ചുനീട്ടി. ഓപ്പണറും യുവതാരവുമായി റുഥുരാജ് ഗെയ്ക്ക്‌വാദിന്റെ മിന്നുന്ന ബാറ്റിങ് പ്രകടനമാണ് ചെന്നൈയ്ക്കു തുണയായത്.

ഒരുഘട്ടത്തില്‍ നായലിന് 24 എന്ന നിലയില്‍ പതറിയ അവരെ ഗെയ്ക്ക്‌വാദ് ഒറ്റയ്ക്കു ചുമലിലേറ്റുകയായിരുന്നു. 58 പന്തില്‍ നിന്ന് ഒമ്പതു ബൗണ്ടറികളും നാലു സിക്‌സറുകളും സഹിതം 88 റണ്‍സ് നേടിയ താരം പുറത്താകാതെ നിന്നു. ഗെയ്ക്ക്് വാദിനു പുറമേ 33 പന്തില്‍ നിന്ന് 26 റണ്‍സ് നേടിയ രവീന്ദ്ര ജഡേജയും എട്ടു പന്തില്‍ നിന്ന് മൂന്നു സിക്‌സറുകളോടെ 23 റണ്‍സ് നേടിയ ഡ്വെയ്ന്‍ ബ്രാവോയും മാത്രമാണ് ചെന്നൈ നിരയില്‍ രണ്ടക്കം കടന്നത്.

നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ചെന്നൈയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. മൂന്നോവറില്‍ വെറും ഏഴു റണ്‍സ് എടുക്കുന്നതിനിടെ നാലു മുന്‍നിര ബാറ്റ്‌സ്മാന്മാരെ അവര്‍ക്കു നഷ്ടമായ അവര്‍ വന്‍ തകര്‍ച്ചയിലേക്കു കൂപ്പു കുത്തുമെന്നു തോന്നിപ്പിച്ചു. മൂന്നു പേരുടെ വിക്കറ്റുകള്‍ മുംബൈ ബൗളര്‍മാര്‍ വീഴ്ത്തിയപ്പോള്‍ ഒരാള്‍ പരുക്കേറ്റു മടങ്ങുകയായിരുന്നു. വിദേശ താരങ്ങളായ ഫാഫ് ഡുപ്ലീസി(0), മൊയീന്‍ അലി(0) ഉപനായകന്‍ സുരേഷ് റെയ്‌ന(4) എന്നിവരാണ് തുടക്കത്തിലേ പുറത്തായത്.

മധ്യനിര താരം അമ്പാട്ടി റായുഡുവാണ് പരുക്കേറ്റ് മടങ്ങിയത്. പേസര്‍ ആദം മില്‍നെയുടെ പന്ത് കൈമുട്ടില്‍ ഇടിച്ചു പിച്ചില്‍ വീണ താരം ബാറ്റിങ് തുടരാനാകാതെ ഡഗ്ഗൗട്ടിലേക്കു മടങ്ങുകയായിരുന്നു. പിന്നാലെ മൂന്നു റണ്‍സുമായി നായകന്‍ ധോണിയും മടങ്ങിയതോടെ ആറോവറില്‍ നാലിന് 24 എന്ന നിലയിലായിരുന്നു ചെന്നൈ. പിന്നീട് ഒത്തുചേര്‍ന്ന ജഡേജയും ഗെയ്ക്ക്‌വാദും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. തുടക്കത്തില്‍ മെല്ലെത്തുടങ്ങിയ ഗെയ്ക്ക്‌വാദ് സ്പിന്നര്‍മാര്‍ പന്തെറിയാന്‍ എത്തിയതോടെ ഗിയര്‍മാറ്റി. അഞ്ചാം വിക്കറ്റില്‍ ഇവര്‍ കൂട്ടിച്ചേര്‍ത്ത 81 റണ്‍സാണ് ചെന്നൈ ഇന്നിങ്‌സിന്റെ നട്ടെല്ലായത്. ജഡേജയെ ബുംറ മടക്കിയെങ്കിലും പിന്നീടെത്തിയ ബ്രാവോ മൂന്നു കൂറ്റന്‍ സിക്‌സ്‌റുകളുമായി ചെന്നൈ സ്‌കോര്‍ 140 കടക്കുമെന്നു ഉറപ്പുവരുത്തി.

മുംബൈയ്ക്കായി പേസര്‍മാരായ ട്രെന്റ്്‌ബോള്‍ട്ട്, ആദം മില്‍നെ, ജസ്പ്രീത് ബുംറ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. നായകന്‍ രോഹിത് ശര്‍മ ഇല്ലാതെയാണ് മുംബൈ ഇന്നിറങ്ങിയത്. ഓള്‍റൗണ്ടര്‍ കീറോണ്‍ പൊള്ളാര്‍ഡാണ് ടീമിനെ നയിക്കുന്നത്. രോഹിതിനു പുറമേ ഹാര്‍ദ്ദിക് പാണ്ഡ്യയും ഇന്നു മുംബൈയ്ക്കായി കളിക്കുന്നില്ല. ഐ.പി.എല്‍. നിര്‍ത്തിവയ്ക്കുമ്പോള്‍ പോയിന്റ്് പട്ടികയില്‍ രണ്ടാമതായിരുന്നു ചെന്നൈ. ഏഴു മത്സരങ്ങളില്‍ നിന്ന് അഞ്ചു ജയവും രണ്ടു തോല്‍വിയുമായി 10 പോയിന്റാണ് അവര്‍ക്കുള്ളത്. നാലു ജയവും മൂന്നു തോല്‍വിയുമായി എട്ടു പോയിന്റുള്ള മുംബൈ നാലാം സ്ഥാനത്താണ്. എട്ടു മത്സരങ്ങളില്‍ നിന്ന് ആറു ജയമടക്കം 12 പോയിന്റുള്ള ഡല്‍ഹിയാണ് ഒന്നാമത്.

Post a Comment

Previous Post Next Post