കോഴിക്കോട്ടെ വീടിന് ബാധിച്ചത് 'മണ്ണിന്റെ ക്യാന്‍സര്‍'; എന്താണ് സോയില്‍ പൈപ്പിംഗ് പ്രതിഭാസം



ഭൂമിക്കടിയില്‍ നിന്നും മണ്ണൊലിപ്പ് ഉണ്ടാകുന്ന പ്രതിഭാസമാണ് സോയില്‍ പൈപ്പിംഗ് അഥവാ കുഴലീകൃത മണ്ണൊലിപ്പ്. അടുത്തകാലത്ത് കോഴിക്കോട്ടെ വീടിനുള്ളില്‍ നിന്നുയര്‍ന്ന അജ്ഞാത ശബ്ദത്തിന്റെ പിന്നില്‍ സോയില്‍ പൈപ്പിംഗാണെന്ന് ഉന്നതതല വിദഗ്ധ സംഘം കണ്ടെത്തിയിരുന്നു. അഞ്ച് വര്‍ഷം മുമ്പ് നിര്‍മ്മിച്ച വീട്ടില്‍ നിന്നും രണ്ടാഴ്ച്ച മുമ്പ് മുതല്‍ കേള്‍ക്കാന്‍ തുടങ്ങിയ ശബ്ദം വീട്ടുകാരില്‍ ഭീതി വിതച്ചതോടെയാണ് ഉന്നതതല സംഘം പരിശോധനയിലാണ്.

ഭൂമിക്കടിയില്‍ ടണലുകള്‍ രൂപപ്പെടുകയും അതിന്റെ ഫലമായി രൂപപ്പെടുന്ന ചെറിയ തുരങ്കത്തിലൂടെ മണ്ണും ദ്രവിച്ച പാറകളുമെല്ലാം ഒഴുകി ടണലില്‍ നിക്ഷേപിക്കപ്പെടുകയുമാണ് സോയില്‍ പൈപ്പിംഗില്‍ നടക്കുന്നത്. ഇതിലൂടെ ഒരു പ്രദേശം ദുര്‍ബലമായി മണ്ണിടിച്ചല്‍ ഉണ്ടാവുന്നു. നിശബ്ദമായി വ്യാപിക്കുന്നത് കൊണ്ടു തന്നെ ഇതിനെ മണ്ണിന്റെ ക്യാന്‍സര്‍ എന്നാണ് ഭൗമശാസ്ത്രഞ്ജര്‍ വിളിക്കുന്നത്.



സോയില്‍ പൈപ്പിംഗ് സംഭവിച്ച് കഴിഞ്ഞാല്‍ ആ ഭൂമി കൃഷിക്കോ മനുഷ്യവാസത്തിനോ ഉപയോഗിക്കാന്‍ കഴിയാതെ വരും. അണക്കെട്ടുകള്‍, വീടുകള്‍, റോഡുകള്‍ എന്നിവക്കടിയില്‍ സോയില്‍ പൈപ്പിംഗ് സംഭവിക്കുന്നത് വലിയ ആശങ്ക ഉയര്‍ത്തുന്നതാണ്.

പുത്തുമലയില്‍ 2019 ആഗസ്റ്റ് 8 ന് ഉണ്ടായ ഭീമന്‍ മണ്ണിടിച്ചിലിന് കാരണം സോയില്‍ പൈപ്പിങ് ആണെന്നു കണ്ടെത്തിയിരുന്നു. കോഴിക്കോട് പൈക്കാടന്‍മലയിലും സോയില്‍ പൈപ്പിങ് ഉണ്ടെന്നു മണ്ണ് സംരക്ഷണം, ജിയോളജി, സി ഡബ്യു ആര്‍ ഡി എം തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ 2019 ഓഗസ്റ്റ് 14-ന് കണ്ടെത്തിയിരുന്നു. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട്, കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോട് ജില്ലകളിലെ 14 താലൂക്കുകളെ ദേശീയ ഭൗമശാസ്ത്ര ഗവേഷണ കേന്ദ്രം സോയില്‍ പൈപ്പിങ് സാധ്യതാമേഖലകളായി കേരളത്തില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്.



രാത്രിയും പകലും വീടിനുള്ളില്‍ നിന്നും തുടര്‍ച്ചയായി ശബ്ദം കേട്ട് തുടങ്ങിയതോടെയാണ് കോഴിക്കോടെ കുടുംബം അഗ്നിശമന സേനയെ കാര്യം അറിയിക്കുന്നത്, അപ്പോള്‍ തന്നെ അഗ്നിശമനസേനയെത്തി വീടിന്റെ ഉള്ളിലും പുറത്തും പരിശോധന നടത്തിയെങ്കിലും ശബ്ദത്തിന്റെ കരണം മനസിലായിരുന്നില്ല.



പിന്നീട് അഗ്നിശമന സേനയുടെ ആവശ്യപ്രകാരം ജില്ലാ ജിയോളജിസ്റ്റും മണ്ണ് പരിശോധന വിഭാഗം മേധാവിയും വീട്ടിലെത്തി. വീടിന് ബലക്ഷയമില്ലെന്നും തല്‍ക്കാലം മാറി താമസിക്കേണ്ടതില്ലെന്നുമായിരുന്നു നിര്‍ദേശം. ഇതിന് പിന്നാലെയാണ് സംഭവം പഠനത്തിന് വിധേയമാക്കാന്‍ തീരുമാനിക്കുന്നത്. കേന്ദ്ര ഭൗമ ശാസ്ത്ര പഠന കേന്ദ്രത്തില്‍നിന്ന് വിരമിച്ച മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ഡോ. ജി ശങ്കറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. സമീപത്തെ വീട്ടിലെ കിണറുകള്‍, ചുമരിലെ വിള്ളലുകള്‍ തുടങ്ങിയവയെല്ലാം സംഘം പരിശോധിച്ചശേഷമാണ് സോയില്‍ പൈപ്പിംഗ് സംഭവിച്ചതായി കണ്ടെത്തുന്നത്.


Post a Comment

Previous Post Next Post