ന്യൂഡല്‍ഹി: ഇന്ത്യയിലെ ചെറുകിട സംരംഭകര്‍ക്കായി ആകര്‍ഷകമായ വായ്പാ പദ്ധതി പ്രഖ്യാപിച്ച് ഫേസ്ബുക്ക്. ചെറുകിട സംരംഭങ്ങള്‍ക്ക് വായ്പ നല്‍കുന്ന ഇന്ത്യന്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമായ 'ഇന്‍ഡിഫൈ'യുമായി സഹകരിച്ചാണ് ഫേസ്ബുക്ക് ഉപയോക്താക്കള്‍ക്കായി പദ്ധതിയൊരുക്കുന്നത്. 5 ലക്ഷം മുതല്‍ 50 ലക്ഷം രൂപവരെയാണ് ബിസിനസ് ലോണായി നല്‍കുന്നത്. 17 മുതല്‍ 20 ശതമാനം വരെ വാര്‍ഷിക പലിശ നിരക്കിലാണ് ലോണ്‍ ലഭ്യമാവുക. ബിസിനസിന്റെ വലിപ്പമനുസരിച്ചും ആവശ്യമനുസരിച്ചുമായിരിക്കും തുക അനുവദിക്കുക.
ഫേസ്ബുക്കിലോ കമ്പനിയുടെ ഉടമസ്ഥതയിലുള്ള മറ്റേതെങ്കിലും പ്ലാറ്റ്‌ഫോമിലോ 180 ദിവസമെങ്കിലും പരസ്യം ചെയ്തിട്ടുള്ള ബിസിനസുകള്‍ക്കാണ് അപേക്ഷിക്കാനുള്ള യോഗ്യത. വനിതകള്‍ നടത്തുന്ന സംരംഭങ്ങള്‍ക്ക് പലിശനിരക്കില്‍ ഇളവ് ലഭിക്കും. അപേക്ഷയും രേഖകളും പരിശോധിച്ച് ലോണ്‍ അപ്രുവല്‍ ആയാല്‍ മൂന്നു ദിവസത്തിനകം വായ്പാ തുക നല്‍കും. ലോണ്‍ അപ്രൂവായോ ഇല്ലയോ എന്ന് ഒരുദിവസത്തിനകം അറിയാം. അപ്രൂവലുള്‍പ്പടെ തീരുമാനങ്ങള്‍ ഇന്‍ഡിഫൈയുടേതായിരിക്കും. വായ്പയ്ക്കായി ഒന്നും ഈടുനല്‍കേണ്ട ആവശ്യമില്ലെന്നും പ്രോസസിങ് ഫീ അടക്കം അപേക്ഷാ ചിലവുകളില്ലെന്നും ഫേസ്ബുക്ക് ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടര്‍ അജിത് മോഹന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇന്ത്യയിലെ ചെറുകിട ബിസിനസ്സ് സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനായാണ് പദ്ധതിയൊരുക്കുന്നതെന്നും ഫേസ്ബുക്ക് ഇതില്‍ നിന്ന് സാമ്പത്തിക ലാഭം പ്രതീക്ഷിക്കുന്നില്ലെന്നും അജിത് മോഹന്‍ വ്യക്തമാക്കി. ലോണ്‍ അനുവദിക്കപ്പെടുന്ന സംരംഭങ്ങള്‍ക്ക് ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്‌സ്ആപ്പുകളിലൂടെ മാര്‍ക്കറ്റിംഗ് പിന്തുണ നല്‍കുമെന്നും ഫേസ്ബുക്ക് അറിയിച്ചിട്ടുണ്ട്. ഫേസ്ബുക്ക് ആപ്പുകളിലേക്ക് പരസ്യമെത്തിക്കാന്‍ കൂടുതല്‍ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യമാണ് കമ്പനി ഇതിലൂടെ ലക്ഷ്യംവെയ്ക്കുന്നത്. 410 ദശലക്ഷത്തിലധികം ഉപയോക്താക്കളുള്ള ഫേസ്ബുക്കിന്റെ പ്രധാന വിപണിയാണ് ഇന്ത്യ. 530 ദശലക്ഷത്തിലധികം വാട്‌സ്ആപ്പ് ഉപയോക്താക്കളും, 210 ദശലക്ഷത്തിലധികം ഇന്‍സ്റ്റാഗ്രാമം ഉപയോക്താക്കളും ഫേസ്ബുക്കിന് ഇന്ത്യയിലുണ്ട്. ഇവിടെ
അപേക്ഷിക്കാം.
Post a Comment