സംസ്ഥാനത്ത് 200 കോടിയുടെ കൃഷിനാശം; കേന്ദ്രത്തോട് പ്രത്യേക പാക്കേജ് ആവശ്യപ്പെടുമെന്ന് മന്ത്രി

മഴക്കെടുതികളില്‍ സംസ്ഥാനത്ത് 200 കോടിയുടെ കൃഷിനഷ്ടമുണ്ടായെന്ന് പ്രാഥമിക വിലയിരുത്തല്‍. കുട്ടനാട്ടില്‍ മാത്രം 18 കോടിയുടെ കൃഷി നശിച്ചെന്നും കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് അറിയിച്ചു. പ്രാഥമിക കണക്കാണിത്. സംസ്ഥാനത്തെ കാര്‍ഷിക നഷ്ടത്തിന്റെ കണക്കെടുപ്പ് ഉടന്‍ പൂര്‍ത്തിയാക്കി വിശദമായ കണക്ക് വിലയിരുത്തുവാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന് പ്രത്യേക കാര്‍ഷിക പാക്കേജ് അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും മന്ത്രി ആലപ്പുഴയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

കാലാവസ്ഥ പ്രവചനം കണക്കിലെടുത്ത് വലിയ മുന്നൊരുക്കങ്ങളാണ് സംസ്ഥാന സർക്കാർ നടത്തുന്നത്. വെള്ളം കയറാൻ സാധ്യതയുള്ള പ്രദേശങ്ങളിലെല്ലാം ജനങ്ങളെ മാറ്റുകയും ക്യാമ്പുകൾ തുറക്കുകയും ചെയ്തു. ഏറ്റവും കൂടുതൽ വെള്ളപ്പൊക്ക സാധ്യതയുള്ള കുട്ടനാട് ജനങ്ങളെ ക്യാമ്പിലേയ്ക്ക് മാറ്റി. പല സ്ഥലങ്ങളിലും മടവീഴ്ചയുമുണ്ടായിട്ടുണ്ട്. കൊയ്യാറായ നെല്ല് കിളിർക്കുകയും ചെയ്തു. നഷ്ടപരിഹാര കണക്ക് ഉടൻ നൽകുവാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 

സംസ്ഥാന കാര്‍ഷിക വകുപ്പിന്റെ കണക്കുപ്രകാരം ആലപ്പുഴ ജില്ലയില്‍ 2008.73 ഹെക്ടര്‍ കൃഷിനാശമാണ് ഉണ്ടായിരിക്കുന്നത്. 11,164 കര്‍ഷകര്‍ മഴക്കെടുതിയില്‍ ബാധിരായെന്നും 17.82 കോടിയുടെ കൃഷി നശിച്ചെന്നുമാണ് കണക്ക്. കോട്ടയം ജില്ലയില്‍ 1936.23 ഹെക്ടര്‍ ഭൂമിയില്‍ കൃഷിനാശമുണ്ടായി. 36.51 കോടിയുടെ കൃഷിനാശമുണ്ടാകുകയും ചെയ്തു. 7094 കര്‍ഷകരെയാണ് ജില്ലയില്‍ മഴക്കെടുതി ബാധിച്ചത്. 

എറണാകുളം ജില്ലയില്‍ 1824.06 ഹെക്ടര്‍ ഭൂമിയില്‍ കൃഷിനാശമുണ്ടായി. 5991 കര്‍ഷകര്‍ ബാധിതരായി 18.86 കോടിയുടെ കൃഷിനാശമുണ്ടാകുകയും ചെയ്തു. തൃശ്ശൂര്‍ ജില്ലയില്‍ 1635.08 ഹെക്ടര്‍ ഭൂമിയുടെ കൃഷിനാശമുണ്ടായി. 5936 കര്‍ഷകര്‍ ബാധിരായെന്നും 24.84 കോടിയുടെ കൃഷിനാശമുണ്ടാകുകയും ചെയ്തു. പാലക്കാട് ജില്ലയില്‍ 1322.48 ഹെക്ടര്‍ ഭൂമിയുടെ കൃഷിനാശമുണ്ടായി. 2982 കര്‍ഷകര്‍ ബാധിരായെന്നും 19.91 കോടിയുടെ കൃഷിനാശമുണ്ടാകുകയും ചെയ്തു.

Post a Comment

Previous Post Next Post