ന്യൂഡല്‍ഹി | രണ്ടാം ക്ലാസ് വിദ്യാര്‍ഥിയെ സ്‌കൂള്‍ കെട്ടിടത്തിന്റെ ഒന്നാം നിലയില്‍നിന്നും കാല്‍ പിടിച്ചുകൊണ്ട് തലകീഴായി തൂക്കിയിട്ട സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ മിര്‍സാപൂരിലെ സ്‌കൂളിലാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതിന് പിറകെയാണ് പോലീസ് നടപടി.
സ്വകാര്യ സ്‌കൂളായ സദിഭവന്‍ ശിക്ഷന്‍ സന്‍സ്തന്‍ ജൂനിയര് സ്‌കൂളിലെ മനോജ് വിശ്വകര്‍മയെന്ന പ്രിന്‍സിപ്പളാണ് അറസ്റ്റിലായത്. രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ സോനു യാദവ് സഹപാഠിയെ കടിച്ചതുമായി ബന്ധപ്പെട്ടാണ് ഈ ശിക്ഷാ നടപടി. ക്ഷമാപണം നടത്തിയില്ലെങ്കില്‍ കൈവിടുമെന്നും പ്രിന്‍സിപ്പല്‍ ഭീഷണിപ്പെടുത്തി.
സോനുവിന്റെ കരച്ചിലും ബഹളവും കേട്ട് സ്‌കൂളിലെ മറ്റ് വിദ്യാര്‍ഥികള്‍ ഓടിക്കൂടുകയായിരുന്നു. തുടര്‍ന്നാണ് മനോജ് വിശ്വകര്‍മ വിദ്യാര്‍ഥിയെ താഴെയിറിക്കിയത്.
തന്റെ കുഞ്ഞിനോട് ചെയ്തത് തെറ്റാണെങ്കിലും, അത് സ്നേഹത്തിന്റെ പുറത്ത് ചെയ്തതാണെന്നാണ് സോനുവിന്റെ പിതാവ് രഞ്ജിത് യാദവ് പറയുന്നത്. അധ്യാപകന്‍ മനോജിനെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്
Post a Comment