T20 World Cup 2021: 'ഐപിഎല്ലല്ല ലോകകപ്പ്', പാകിസ്താന്‍ 180 റണ്‍സെടുത്താല്‍ ഇന്ത്യ വിയര്‍ക്കും- അക്തർ

കറാച്ചി: ടി20 ലോകകപ്പ് ആവേശത്തിലേക്ക് ആരാധകര്‍ കണ്‍തുറന്ന് കഴിഞ്ഞു. ഫ്രാഞ്ചൈസി ക്രിക്കറ്റുകളോട് വിടചൊല്ലി ടീമുകളിനി ദേശീയ ടീമെന്ന വികാരത്തിലേക്ക്. ഇത്തവണ യുഎഇ വേദിയായതിനാല്‍ തട്ടകത്തിന്റെ ആധിപത്യം ആര്‍ക്കും അവകാശപ്പെടാനാവില്ല. ലോകകപ്പിലെ ഇന്ത്യ-പാകിസ്താന്‍ പോരാട്ടത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. രണ്ട് ടീമുകളും തമ്മില്‍ ഐസിസി ടൂര്‍ണമെന്റുകളില്‍ മാത്രമാണ് ഏറ്റുമുട്ടുന്നത്. രണ്ട് രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീ വൈര്യം മത്സരത്തിന്റെ ആവേശം ഇരട്ടിപ്പിക്കുന്നു.

ഇതിനോടകം രണ്ട് ടീമുകളും തമ്മിലുള്ള വാക് പോരാട്ടം ശക്തമായിക്കഴിഞ്ഞു. ആര് ജയിക്കുമെന്നറിയാന്‍ 24ാം തീയ്യതിവരെ കാത്തിരിക്കണം. ഇന്ത്യക്കും പാകിസ്താനും മികച്ച താരനിരയുണ്ട്. കൂടാതെ രണ്ട് ടീമുകള്‍ക്കും യുഎഇയില്‍ അനുഭവസമ്പത്തുമുണ്ട്. ഇന്ത്യ ഐപിഎല്ലിന് പിന്നാലെ ലോകകപ്പിനെത്തുന്നത് ഗുണം ചെയ്‌തേക്കും. ആദ്യ സന്നാഹ മത്സരത്തില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചപ്പോള്‍ നിലവിലെ ജേതാക്കളായ വെസ്റ്റ് ഇന്‍ഡീസിനെ തോല്‍പ്പിച്ചാണ് പാകിസ്താന്‍ കരുത്ത് കാട്ടിയത്.

ഇന്ത്യ-പാക് പോരാട്ടത്തില്‍ ആര് ജയിക്കുമെന്നത് കാത്തിരുന്ന് തന്നെ കാണേണ്ടതാണ്. ഇപ്പോഴിതാ പാകിസ്താന്‍ 170-180 റണ്‍സെടുത്താന്‍ ഇന്ത്യക്ക് ജയിക്കാന്‍ പ്രയാസമായിരിക്കുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ പാകിസ്താന്‍ പേസ് ഇതിഹാസം ഷുഹൈബ് അക്തര്‍. ഇത് ഐപിഎല്ലല്ല ലോകകപ്പാണെന്നും ഐപിഎല്ലിലെ പോലെയുള്ള പ്രകടനങ്ങള്‍ സാധ്യമാകില്ലെന്നുമാണ് അക്തര്‍ അഭിപ്രായപ്പെട്ടത്.
'പാകിസ്താന്‍ 170-180 റണ്‍സ് നേടിയാല്‍ ഇന്ത്യ വലിയ പ്രയാസം നേരിടും. കാരണം ഇത് ഐപിഎല്ലല്ല ലോകകപ്പാണ്'- അക്തര്‍ പറഞ്ഞു. അതേ സമയം മുന്‍ പാക് പേസ് ഓള്‍റൗണ്ടര്‍ അബ്ദുല്‍ റസാബ് ഇന്ത്യയേക്കാള്‍ പ്രതിഭകള്‍ പാകിസ്താന്‍ ടീമിലാണെന്നാണ് അഭിപ്രായപ്പെട്ടത്. ഇന്ത്യ പാകിസ്താനുമായി കളിക്കാന്‍ തയ്യാറാവാത്തത് പേടിച്ചിട്ടാണെന്നുമൊക്കെയാണ് റസാഖ് പറഞ്ഞത്.
അതേ സമയം മുന്‍ പാക് നായകനും ഓള്‍റൗണ്ടറുമായ ഷാഹിദ് അഫ്രീദി പറഞ്ഞത് സമ്മര്‍ദ്ദത്തെ നന്നായി അതിജീവിക്കാന്‍ കഴിയുന്ന ടീം ജയിക്കുമെന്നാണ്. രണ്ട് ടീമും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ എപ്പോഴും സമ്മര്‍ദ്ദമായിരിക്കും. കാരണം കേവലം മത്സരം എന്നതിലുപരിയായി രാജ്യങ്ങളുടെ അഭിമാന പോരാട്ടമായാണ് ആരാധകര്‍ ഈ മത്സരങ്ങളെ കാണുന്നത്. അതിനാല്‍ തോല്‍വി കടുത്ത നിരാശയും ജയം വലിയ ആഘോഷത്തിനും കാരണമായിത്തീരുന്നു.

പാകിസ്താനെ സംബന്ധിച്ച് ശക്തമായ താരനിര ഇത്തവണ ഒപ്പമുണ്ട്. ബാബര്‍ അസാം നയിക്കുന്ന പാക് ടീമില്‍ മുഹമ്മദ് റിസ്വാന്‍, ഷുഹൈബ് മാലിക്ക്, മുഹമ്മദ് ഹഫീസ് എന്നിവരെല്ലാം ബാറ്റിങ്ങില്‍ കരുത്ത് പകരാനുണ്ട്. കൂടാതെ ഷഹിന്‍ ഷാ അഫ്രീദി നയിക്കുന്ന പേസ് നിരയും ശക്തം. യുഎഇയില്‍ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര മത്സരം കളിച്ച ടീമായാണ് പാകിസ്താന്റെ വരവ്. അതിനാല്‍ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാവില്ല.
പാകിസ്താന്‍ ടീം ബാബര്‍ അസാം, മുഹമ്മദ് റിസ്വാന്‍ എന്നിവരുടെ പ്രകടനത്തെ വളരെയധികം ആശ്രയിക്കുന്നുണ്ട്. ടോപ് ഓഡറില്‍ ഇരുവരും നടത്തുന്ന പ്രകടനം നിര്‍ണ്ണായകവുമാണ്. ബാബറും റിസ്വാനും മികച്ച താരങ്ങളാണെങ്കിലും സ്‌ട്രൈക്കറേറ്റ് ഉയര്‍ത്തിയില്ലെങ്കില്‍ ടീം സ്‌കോറിനെ അത് പ്രതികൂലമായി ബാധിക്കുമെന്ന് മുന്‍ പാക് നായകന്‍ ഇന്‍സമാം ഉല്‍ ഹഖും കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.
അതേ സമയം ഇത്തവണ വലിയ കിരീട പ്രതീക്ഷയിലാണ് വിരാട് കോലിയും സംഘവും ഇറങ്ങുന്നത്. രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, റിഷഭ് പന്ത് തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന ബാറ്റിങ് നിരയും ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി എന്നിവര്‍ ഉള്‍പ്പെടുന്ന ബൗളിങ് നിരയും ഏത് വമ്പന്മാരെയും വിറപ്പിക്കാന്‍ കെല്‍പ്പുള്ളതാണ്. ധോണി ഉപദേഷ്ടകനായി ഒപ്പമുണ്ടെന്നതും ടീമിന് കരുത്ത് പകരുന്നു. ഇതുവരെ ഇന്ത്യയെ ലോകകപ്പില്‍ തോല്‍പ്പിക്കാന്‍ പാകിസ്താനായിട്ടില്ല. ഈ ചരിത്രം തിരുത്താനുറച്ചാണ് പാകിസ്താന്‍ ഇത്തവണ ഇറങ്ങുന്നത്.


Post a Comment

Previous Post Next Post