സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരുമെന്ന് മുന്നറിയിപ്പ്; ഒമ്പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം | സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസവും ഇടിമിന്നലോട് കൂടിയ മഴ തുടരുമെന്ന് മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്രാ തീരത്ത് നിലനില്‍ക്കുന്ന ചക്രവാതച്ചുഴിയാണ് മഴക്ക് കാരണം. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന മുന്നറിയിപ്പ് തുടരുകയാണ്.കോട്ടയം കൂട്ടിക്കല്‍ ഇളങ്കാട് മ്ലാക്കരയില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടലുണ്ടായി. മൂപ്പന്‍മലയില്‍ ആള്‍പ്പാര്‍പ്പ് ഇല്ലാത്ത സ്ഥലത്താണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. മലവെള്ളപ്പാച്ചിലില്‍ പുല്ലകയാറിലെ ജലനിരപ്പ് ഉയര്‍ന്നു.

മ്ലാക്കരയില്‍ ചപ്പാത്ത് അപകടാവസ്ഥയില്‍ ആയതിനെ തുടര്‍ന്ന് മറുകരയില്‍ കുടുങ്ങിയ ഇരുപതോളം കുടുംബങ്ങളെ ഫയര്‍ഫോഴ്‌സും രക്ഷാപ്രവര്‍ത്തകരും സുരക്ഷിത സ്ഥാനങ്ങളിലേക്ക് എത്തിച്ചു. കൊടുങ്ങ ഭാഗത്ത് കുടുങ്ങിയവരെയും മാറ്റി. കൊടുങ്ങ, വല്യന്ത, മ്ലാക്കര, ഇളങ്കാട് ടോപ്പ്, മുക്കളം ഭാഗത്ത് പെയ്ത കനത്ത മഴയാണ് ദുരിതം വിതച്ചത്.

Post a Comment

Previous Post Next Post