Rahul Gandhi : 'മുസ്ലീമിനെ തല്ലാന്‍ ഹിന്ദുമതം പറയുന്നില്ല, എന്നാല്‍ ഹിന്ദുത്വം പറയുന്നു': വിവാദം 


രാഹുലിന്റെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി രംഗത്തെത്തി

ഹിന്ദു മതവും ഹിന്ദുത്വവും വ്യത്യസ്തമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി(Rahul Gandhi). ഒരാള്‍ ഹിന്ദുവാണെങ്കില്‍ പിന്നെ എന്തിനാണ് ഹിന്ദുത്വമെന്ന് അദ്ദേഹം ചോദിച്ചു. ഓള്‍ ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റി(AICC)യുടെ ഓറിയന്റേഷന്‍ പ്രോഗ്രാമില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. 

ഹിന്ദു മതവും ഹിന്ദുത്വവും തമ്മില്‍ വ്യത്യാസങ്ങളില്ലെങ്കില്‍ പിന്നെ എന്തിനാണ് അങ്ങനെ രണ്ട് വാക്കുകളെന്ന് രാഹുല്‍ ചോദിച്ചു. സിഖുകാരെയോ മുസ്ലീങ്ങളെയോ ആക്രമിക്കാന്‍ ഹിന്ദുമതത്തില്‍ എവിടെയും പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കിയ രാഹുല്‍ ഹിന്ദുത്വത്തില്‍ കാര്യങ്ങള്‍ വ്യത്യസ്തമാണെന്നും കൂട്ടിച്ചേര്‍ത്തു. 

അതേസമയം, രാഹുലിന്റെ പ്രസ്താവനയ്‌ക്കെതിരെ ബിജെപി രംഗത്തെത്തി. കോണ്‍ഗ്രസ് പാര്‍ട്ടി ഹിന്ദുത്വത്തെ ആക്രമിക്കുന്നത് സങ്കടകരമാണെന്ന് ബിജെപി വക്താവ് സംബിത് പത്ര പ്രതികരിച്ചു. ഹിന്ദുമതത്തെ ഇസ്ലാമിക് സ്റ്റേറ്റുമായാണ് സല്‍മാന്‍ ഖുര്‍ഷിദ് താരതമ്യം ചെയ്തതെന്നും ഹിന്ദു താലിബാന്‍ എന്നാണ് ശശി തരൂര്‍ പറയുന്നതെന്നും സംബിത് പത്ര ചൂണ്ടിക്കാട്ടി. 

ദിഗ് വിജയ് സിംഗിനെ പോലെയുള്ള നേതാക്കള്‍ ഹിന്ദുമതത്തിനെതിരെ കാവി ഭീകരതയെന്ന വാക്ക് ഉപയോഗിക്കുന്നുണ്ടെന്ന് സംബിത് പത്ര പറഞ്ഞു. ഹിന്ദുമതത്തിനെതിരെ ഇത്തരം പ്രസ്താവനകള്‍ നടത്താന്‍ മറ്റ് നേതാക്കളെ പഠിപ്പിക്കുന്നത് രാഹുല്‍ ഗാന്ധിയാണെന്നും അദ്ദേഹം ആരോപിച്ചു.


Post a Comment

Previous Post Next Post