കഴിഞ്ഞ ഞായറാഴ്ച്ച രാത്രിയാണ് പുത്തൻതോപ്പ് സ്വദേശി അനസിനെ പടിഞ്ഞാറ്റ്മുക്ക് സ്വദേശി ഫൈസലും മറ്റ് രണ്ട് പേരും ചേർന്ന് ക്രൂരമായി മർദ്ദിച്ചത്. മർദ്ദന വിവരം സംഭവ സമയത്ത് പൊലീസിനെ അറിയിച്ചെങ്കിലും വേണ്ട നടപടി സ്വീകരിച്ചില്ലെന്ന് മർദ്ദനമേറ്റ അനസ് ആരോപിച്ചിരുന്നു. കഠിനംകുളം സ്റ്റേഷനും, മംഗലപുരം സ്റ്റേഷനും അധികാര പരിധി സംബന്ധിച്ച് തർക്കിച്ചു. മുൻപ് ക്രിമിനൽ കേസുകളുണ്ടായിട്ടും ഫൈസലിനെ രക്ഷിക്കാൻ മംഗലപുരം പൊലീസ് സ്റ്റേഷൻ ജാമ്യം നൽകി വിട്ടയച്ചുവെന്നും ആക്ഷേപിച്ചിരുന്നു.
എസ്ഐ വി തുളസീധരൻ നായർക്കെതിരെ വ്യാപക പരാതി ഉയർന്നതിനു പിന്നാലെ തിരുവനന്തപുരം റേഞ്ച് ഡിഐജി സഞ്ജയ് കുമാർ ഗുരുദിൻ നേരിട്ട് സ്റ്റേഷനിലെത്തിയിരുന്നു. സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിയുടെ അന്വേഷണത്തിലാണ് എസ്ഐക്ക് ഗുരുതര വീഴ്ച്ച സംഭവിച്ചുവെന്ന് കണ്ടെത്തിയത്. സംഭവ സമയത്ത് തന്നെ പരാതി നൽകിയിട്ടും കേസെടുത്തില്ല. ക്രൂരമായ മർദ്ദനമുണ്ടായിട്ടും മതിയായ വകുപ്പുകൾ ചുമത്തിയില്ല. കൂടാതെ മുൻപ് വാറണ്ടുണ്ടായിരുന്ന പ്രതിക്കെതിരെ നടപടിയെടുത്തില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എസ്ഐ വി തുളസീധൻ സസ്പെന്റ് ചെയ്ത് തിരുവനന്തപുരം റേഞ്ച് ഡിഐജി സഞ്ജയ് കുമാർ ഗുരുദിൻ ഉത്തരവിറക്കിയത്. വകുപ്പ്തല അന്വേഷണത്തിനും നിർദ്ദേശമുണ്ട്. ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷിക്കും.
Post a Comment