സ്‌കൂളില്‍ മദ്യപിച്ച്‌​ നൃത്തം ചെയ്​ത വിദ്യാര്‍ത്ഥികളെ പുറത്താക്കി







മുറിയിൽ മദ്യപിച്ച് നൃത്തം ചെയ്ത അഞ്ച് വിദ്യാർത്ഥികളെ പുറത്താക്കി സ്കൂൾ അധികൃതർ. ആന്ധ്രാപ്രദേശിലെ കുർണൂൽ ജില്ലയിലെ ഒരു സർക്കാർ സ്‌കൂളിലാണ് എട്ട്, ഒമ്പത് ക്ലാസുകളിൽ പഠിക്കുന്ന അഞ്ച് വിദ്യാർത്ഥികളെ പുറത്താക്കിയത്. ക്ലാസ് മുറിയിൽ മദ്യപിച്ച് വിദ്യാർത്ഥികൾ നൃത്തം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സ്കൂൾ അധികൃതർ നടപടിയെടുത്തത്.




പുറത്താക്കപ്പെട്ട വിദ്യാർത്ഥികളിൽ ഒരാളുടെ പിതാവാണ് മദ്യം വാങ്ങാൻ പണം നൽകിയതെന്നാണ് വിദ്യാർത്ഥികൾ സ്കൂൾ അധികൃതരോട് പറഞ്ഞത്. മറ്റ് വിദ്യാർത്ഥികൾ ഉച്ചഭക്ഷണത്തിനായി പുറത്തേയ്ക്ക് പോയ സമയത്താണ് മദ്യം കഴിച്ച ശേഷം കുട്ടികൾ ക്ലാസ് മുറിയിൽ നൃത്തം ചെയ്തത്. ഇതു ശ്രദ്ധയിൽപ്പെട്ട സ്കൂൾ അധികൃതർ നടത്തിയ പരിശോധനയിൽ വിദ്യാർത്ഥികളുടെ പക്കൽ നിന്നും രണ്ട് മദ്യക്കുപ്പികൾ പിടിച്ചെടുക്കുകയും ചെയ്തു.





ഉടൻ തന്നെ പ്രിൻസിപ്പാൾ വിദ്യാർത്ഥികളുടെ രക്ഷിതാക്കളെ വിവരമറിയിച്ചു. ഇവരുടെ അച്ചടക്കമില്ലാത്ത പെരുമാറ്റം മറ്റ് കുട്ടികൾക്ക് ദുർമാതൃക നൽകുമെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാർത്ഥികളെ സ്കൂളിൽ നിന്നും പുറത്താക്കിയതെന്നാണ് പ്രിൻസിപ്പാളിന്റെ വിശദീകരണം.
മറ്റ് വിദ്യാർത്ഥികളെ സംരക്ഷിക്കാനാണ് ടിസി നൽകിയതെന്ന് പ്രിൻസിപ്പാൾ സക്രു നായിക് പറഞ്ഞു. എന്നാൽ സ്കൂൾ അധികൃതരുടെ നടപടിയെ വിമർശിച്ച് കുട്ടികളുടെ അവകാശ സംഘടനയായ ദിവ്യ ദിശ ചൈല്‍ഡ്‌ലൈന്‍ രംഗത്തെത്തി.





അച്ചടക്ക നടപടി അതിരുകടന്നതും സ്വീകാര്യവുമല്ലെന്നാണ് ദിവ്യ ദിശ ചൈല്‍ഡ്‌ലൈന്‍ ഡയറക്ടര്‍ ഇസിദോര്‍ ഫിലിപ്‌സ് പറഞ്ഞത്. വിദ്യാര്‍ത്ഥികളെ പുറത്താക്കി സ്‌കൂളിന് കൈ കഴുകാനാകില്ലെന്നും, സ്‌കൂളിനുള്ളില്‍ ചില തിരുത്തല്‍ നടപടികള്‍ വേണമെന്നുമാണ് അദ്ദേഹം പറഞ്ഞത്.



Post a Comment

Previous Post Next Post