ലീഗും സമുദായ സംഘടനകളും തമ്മിലുള്ള ഐക്യം തകർക്കാൻ ആരു ശ്രമിച്ചാലും നടക്കില്ലെന്ന് സാദിഖലി ശിഹാബ് തങ്ങൾ







'വഖഫ് ബോർഡ് നിയമനം പിഎസ്‌സിക്ക് വിട്ടുവെന്നത് പഞ്ചാര പുരട്ടി പറയുന്നതാണ്, വഖഫ് ബോർഡിന്റെ അധികാരം ഇല്ലാതാക്കുകയാണ് ഇടതുപക്ഷ സർക്കാർ ചെയ്തതെന്ന് പികെ കുഞ്ഞാലിക്കുട്ടി
മുസ്‌ലിംലീഗും സമുദായ സംഘടനകളും തമ്മിലുള്ള ഐക്യം തകർക്കാൻ ആരു ശ്രമിച്ചാലും നടക്കില്ലെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. 'വഖഫ് നിയമനം ; ഇടത് ഗൂഢാലോചനയ്ക്കെതിരെ ' മുസ്‌ലിം ലീഗ് വഖഫ് സംരക്ഷണ റാലിക്ക് ശേഷം കോഴിക്കോട് ബീച്ചിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു തങ്ങൾ.




സമുദായ ഐക്യവും സാമുദായിക ഐക്യവും കാത്തുസൂക്ഷിക്കുമെന്ന് അഖിലേന്ത്യ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വഖഫ് ബോർഡ് നിയമനം പിഎസ്‌സിക്ക് വിട്ടുവെന്നത് പഞ്ചാര പുരട്ടി പറയുന്നതാണ്, വഖഫ് ബോർഡിന്റെ അധികാരം ഇല്ലാതാക്കുകയാണ് ഇടതുപക്ഷ സർക്കാർ ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. പള്ളികളിൽ ബോധവത്കരണം നടത്തണമെന്ന് പറഞ്ഞപ്പോൾ പലരും അതിൽ ഊന്നി വിവാദം സൃഷ്ടിക്കാൻ ശ്രമിച്ചു. അപ്പോൾ അത് ഒഴിവാക്കി, വിഷയത്തിലേക്ക് ശ്രദ്ധ കൊണ്ടുവന്നുവെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.




അനാവശ്യ കാര്യങ്ങൾക്ക് ഇറങ്ങിയാൽ തങ്ങൾക്ക് ഇറങ്ങേണ്ടി വരുമെന്നും അറബി ഭാഷക്കെതിരെ നിയമം കൊണ്ടുവന്നപ്പോൾ ഇതവർ കണ്ടതാണെന്നും ന്യൂനപക്ഷത്തിന്റെ അധികാരങ്ങൾ തൊട്ടാൽ കൈ പൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷ സംവരണം ഇല്ലാതാക്കി, കാര്യങ്ങൾ അലങ്കോലമാക്കിയെന്നും 80-20 ശതമാനത്തിന്റെ കാര്യം അറിയാത്തത് കൊണ്ടല്ലെന്നും അങ്ങനെയെങ്കിലും കാര്യം നടക്കട്ടേയെന്ന് കരുതിയതാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സാമുദായിക ഐക്യത്തിലടക്കം ഇടപെട്ടത് കൊണ്ടാണ് ഇപ്പോൾ ഇറങ്ങേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു.




കേരളത്തിൽ സാമുദായിക ഐക്യത്തിന് പിറകിൽ മുസ്‌ലിം ലീഗാണെന്നും ബ്രിട്ടീഷുകാരന്റെ മുന്നിൽ നെഞ്ചു കാണിച്ചുകൊടുത്ത വീര്യമാണ് തങ്ങളുടെ സിരകളിലൊഴുകുന്നതെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പലരും പല വർഗീയ പാർട്ടികളും ഉണ്ടാക്കിയപ്പോൾ ലീഗ് സാമുദായിക ഐക്യത്തിന്റെ വഴിയിൽ നിന്നെന്നും അദ്ദേഹം പറഞ്ഞു. വഖഫ് നിയമനം സർക്കാറിന് ഗൂഡ ലക്ഷ്യമുണ്ടെന്ന് ടി സിദ്ദിഖ് വിമർശിച്ചു.



Post a Comment

Previous Post Next Post