'സമസ്ത വേദികള്‍ രാഷ്ട്രീയ പ്രചാരണത്തിന് ലീഗ് ഉപയോഗിക്കുന്നു'; കമ്മ്യൂണിസത്തിനെതിരായ പ്രമേയം ഇതിന്റെ ഭാഗമെന്ന് വി അബ്ദുറഹ്മാന്‍



സമസ്ത വേദികള്‍ രാഷ്ട്രീയ പ്രചാരണത്തിനായി മുസ്ലിംലീഗ് ഉപയോഗിക്കുന്നുവെന്ന് കായിക മന്ത്രി വി അബ്ദുറഹ്മാന്‍. സമസ്തയെ ഹൈജാക്ക് ചെയ്യാന്‍ ലീഗ് ശ്രമിക്കുകയാണ്. ഇതിന്റെ ഭാഗമായിട്ടാണ്  സമസ്ത സമ്മേളനത്തില്‍ കമ്മ്യൂണിസത്തിനെതിരെ പ്രമേയം അവതരിപ്പിച്ചതെന്നും മന്ത്രി വിമര്‍ശിച്ചു.

സമസ്ത വേദികള്‍ രാഷ്ട്രീയ പ്രചാരണത്തിനായി ഉപയോഗിക്കുന്ന ലീഗിന്റെ നടപടി സമസ്ത നേതാക്കള്‍ തിരിച്ചറിയുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. നേരത്തെ സമസ്ത സമ്മേളനത്തില്‍ പ്രമേയം അവതരിപ്പിച്ചത് തന്റെ സമ്മതത്തോടെയോ അറിവോടെയോ അല്ലെന്ന് കേരളാ ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി തങ്ങള്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞിരുന്നു. പ്രമേയത്തോടൊപ്പം തന്റെ ഫോട്ടോ ചേര്‍ത്ത് ചില ചാനലുകളിലും ഓണ്‍ലൈനുകളിലും പ്രചരിപ്പിക്കപ്പെടുന്നത് തെറ്റിദ്ധാരണാജനകമെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു. അതിന് പിന്നാലെയാണ് മന്ത്രി വി അബ്ദുറഹ്മാന്റെ പ്രതികരണം.

കേരള മുഖ്യമന്ത്രിക്ക് മുസ്ലിം ലീഗിന്റെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്നും മന്ത്രി വിമര്‍ശിച്ചു. മുഖ്യമന്ത്രി സമസ്ത നേതാക്കളുമായി നടത്തിയ ചര്‍ച്ച പ്രഹസനമാണെന്നും ലീഗിന് മുഖ്യമന്ത്രിയെ വിശ്വാസമില്ലെന്നും പിഎംഎ സലാം പറഞ്ഞിരുന്നു. വഖഫ് വിഷയത്തില്‍ രണ്ടാംഘട്ട സമര പരിപാടികള്‍ ചര്‍ച്ച ചെയ്യാനായി വിളിച്ച ഉന്നതതല യോഗത്തിലായിരുന്നു പിഎംഎ സലാമിന്റെ പ്രതികരണം. ഇതിനെതിരായിരുന്നു മന്ത്രിയുടെ മറുപടി.

കഴിഞ്ഞ ദിവസം മലപ്പുറത്ത് നടന്ന ജില്ലാ സില്‍വര്‍ ജൂബിലി സമ്മേളനത്തിലായിരുന്നു സമസ്ത യുവജന സംഘം ജില്ലാ പ്രസിഡന്റ് സലീം എടക്കര പ്രമേയം അവതരിപ്പിച്ചത്. കമ്മ്യൂണിസം അടക്കമുള്ള മതനിരാസ ചിന്തകളെയും പ്രസ്ഥാനങ്ങളെയും മുസ്ലീം സമുദായം ജാഗ്രതയോടെ കരുതിയിരിക്കണം. സാധാരണക്കാരിലേക്ക് മത നിഷേധം കുടിയേറുന്ന പ്രവണത അപകടകരമാണ്. മതങ്ങളുടെ പേരില്‍ അക്രമങ്ങള്‍ നടത്തുന്നവരെ അതാത് മതവിശ്വാസികള്‍ തിരിച്ചറിയണമെന്നും സമസ്ത പ്രമേയത്തില്‍ പറയുന്നു.


Post a Comment

Previous Post Next Post