പഞ്ചാബിൽ ബി.ജെ.പി റാലിക്കെത്തവേ വഴിയിൽ കുടുങ്ങിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് കർഷക സംഘടനകൾ. സ്വന്തം പാർട്ടി പതാകയേന്തിയ അണികളെ പോലും പ്രധാനമന്ത്രിക്ക് വിശ്വാസമില്ലാതായോ എന്ന് സംഘടനകൾ ചോദിച്ചു. വിഷയത്തിൽ തങ്ങളെ പ്രതിസ്ഥാനത്തു നിർത്തിയ സർക്കാർ നിലപാടിനെ ചോദ്യം ചെയ്താണ് കർഷകരുടെ പ്രതികരണം.
'അദ്ദേഹത്തിന്റെ (മോദി) റാലിയുടെ പരാജയം മൂടിവയ്ക്കാനാണ് പ്രധാനമന്ത്രി പഞ്ചാബ് സംസ്ഥാനത്തെയും അവിടത്തെ കർഷകരെയും മറയാക്കുന്നത്. തന്റെ ജീവിതം രക്ഷപ്പെട്ടു എന്നൊക്കെയുള്ള വാക്കുകൾ ഉപയോഗിച്ചാണിത്. ഭീഷണി ആർക്കെങ്കിലും നേരെയുണ്ടെങ്കിൽ അതു കർഷകർക്കാണ് എന്ന് രാജ്യം മുഴുവൻ അറിയാം. അജയ് മിശ്ര തേനിയെ പോലുള്ള ക്രിമിനൽ മന്ത്രിമാർ സസുഖം വാഴുകയാണ്. തന്റെ പദവിയുടെ മാന്യത മുൻനിർത്തി പ്രധാനമന്ത്രി ഇത്തരം നിരുത്തരവാദ പ്രസ്താവനകൾ നടത്തില്ലെന്ന് പ്രത്യാശിക്കുന്നു' - കർഷക കൂട്ടായ്മയായ സംയുക്ത കിസാൻ മോർച്ച പ്രസ്താവനയിൽ വ്യക്തമാക്കി.
'പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന് അടുത്തെത്തിയത് കർഷകരല്ല. സ്വന്തം പതാകയുമായി ബിജെപി പ്രവർത്തകർ തന്നെയാണ്. നരേന്ദ്രമോദി സിന്ദാബാദ് എന്നു വിളിച്ചാണ് അവർ വാഹനത്തിന് അടുത്തേക്ക് നീങ്ങിയത്. അതുകൊണ്ടു തന്നെ ജീവന് ഭീഷണിയുണ്ടായി എന്ന വാദങ്ങൾ കെട്ടിച്ചമച്ചതാണ്' - കിസാൻ മോർച്ച കൂട്ടിച്ചേർത്തു.
ഇതുമായി ബന്ധപ്പെട്ട നിരവധി വീഡിയോകൾ കിസാൻ ഏക്താ മോർച്ച തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡ്‌ലിലിൽ പങ്കുവച്ചിട്ടുണ്ട്. 'ഒരു കല്ലു പോലും എറിഞ്ഞില്ല. ഒരു വെടിയുണ്ടയും പൊട്ടിയില്ല. ആരും ഭീഷണിപ്പെടുത്തിയില്ല. പിന്നെ എവിടുന്നാണ് മോദി തന്റെ ജീവിതം രക്ഷിച്ചെടുത്തത്. അത്ഭുതമെന്നു പറയട്ടെ, സ്വന്തം പതാകയേന്തി ബിജെപി പ്രവർത്തകരാണ് അവിടെയുണ്ടായിരുന്നത്. പാർട്ടി പതാകയെ മോദി ഭയക്കുന്നു എന്നാണോ?' - കിസാൻ ഏക്താ മോർച്ച ചോദിച്ചു.
നേരത്തെ, ഫിറോസ്പൂരിൽ നിന്ന് പത്തു കിലോമീറ്റർ അകലെ 20 മിനിറ്റോളമാണ് മോദി മേൽപ്പാലത്തിൽ കുടുങ്ങിയിരുന്നത്. പിന്നാലെ യാത്ര റദ്ദാക്കുകയും ചെയ്തിരുന്നു. 'ജീവനോടെ എനിക്ക് ബതിൻഡ വിമാനത്താവളത്തിൽ എത്താൻ കഴിഞ്ഞതിന് നിങ്ങളുടെ മുഖ്യമന്ത്രിക്ക് നന്ദി അറിയിച്ചേക്കൂ' എന്നും മോദി വിമാനത്താവള ജീവനക്കാരോട് പറഞ്ഞിരുന്നു. സുരക്ഷാ വീഴ്ചയിൽ ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് തേടിയിട്ടുണ്ട്. വിഷയം സുപ്രിംകോടതിയുടെ പരിഗണനയിലുമാണ്.
Post a Comment