ഉറക്കം നഷ്ടപ്പെട്ട കരടികള്‍ ശൈത്യകാലത്ത് ഭക്ഷണം തേടിയാണ് കരടികള്‍ ഗ്രാമങ്ങളിലേക്ക് കൂട്ടത്തോടെയെത്തുന്നത്. മാറുന്ന സാഹചര്യത്തില്‍ ആര്‍ക്കിട്ടിലെ മഞ്ഞുപാളികള്‍ വളരെ താമസിച്ചാണ് രൂപം കൊള്ളുന്നത്.അത് കൊണ്ട് തന്നെ ശീതകാലനിദ്ര അടക്കമുള്ള ധ്രുവക്കരടികളുടെ ജൈവിക പ്രക്രിയകളില്‍ സാരമായ മാറ്റമാണ് കണ്ടുവരുന്നത്. ശീതകാലനിദ്രയില്‍ ആയിരിക്കേണ്ട കരടികള്‍ക്ക് ഇതിന് കഴിയാതെ വരുന്നതോടെ വിശപ്പ് സഹിക്കാനാകാതെ ഇവ ഇര തേടി ഇറങ്ങും. എന്നാല്‍ മഞ്ഞുപാളികള്‍ രൂപപ്പെടാത്തതിനാല്‍ ആര്‍ട്ടിക്കിന്‍റെ തെക്കന്‍മേഖലയില്‍ അതായത് സൈബീരയന്‍ പ്രദേശത്ത് ഇവ അകപ്പെട്ടു പോവുകയാണ് ചെയ്യുന്നത്. തുടര്‍ന്നാണ് മനുഷ്യവാസമുള്ള മേഖലയിലേക്ക് ഭക്ഷണം തേടി ഇവയെത്തുന്നത്.
പ്രദേശവാസികളുടെ അഭിപ്രായത്തില്‍ രണ്ടായിരത്തിന്‍റെ തുടക്കത്തിലാണ് ധ്രുവക്കരടികളെ ഈ മേഖലയില്‍ കണ്ടുതുടങ്ങിയത്. തീരത്തോടെ ചേര്‍ന്ന് മത്സ്യങ്ങളെയും മറ്റും വേട്ടയാടുകയാണ് ഇവ ആദ്യം ചെയ്തിരുന്നത്. എന്നാല്‍ വര്‍ഷങ്ങള്‍ പിന്നിട്ടതോടെ ഈ കരടികളുടെ എണ്ണം കൂടിക്കൂ വന്നു. ഇപ്പോള്‍ പലപ്പോഴും കൂട്ടത്തോടെയാണ് ഈ ജീവികള്‍ ഗ്രാമങ്ങളിലേക്കെത്തുന്നത്. മനുഷ്യചരിത്രത്തിലെ തന്ന ഏറ്റവും താപനില ഉയര്‍ന്ന കാലഘട്ടമെന്ന് കരുതുന്ന 2015-16 പിന്നിട്ടതോടെയ ഈ കരടികളുടെ സന്ദര്‍ശനത്തില്‍ ഗൗരവകരമായ വർധനവുണ്ടായി. പലപ്പോഴും ദിവസങ്ങളോളം ഗ്രാമങ്ങളിൽ കരടികള്‍ ചുറ്റിക്കറങ്ങാന്‍ തുടങ്ങിയെന്നും പ്രദേശവാസികള്‍ പറയുന്നു.
ധ്രുവക്കരടികളുടെ ദയനീയത വിദഗ്‍ദ്ധരുടെ അഭിപ്രായത്തിലും 2015 ന് ശേഷം ആര്‍ട്ടിക്കിലെ മഞ്ഞുപാളികളുടെ അളവ് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഇത് ഏറ്റവും ഗൗരവകരമായ ബാധിച്ചത് ധ്രുവക്കരടികളെയാണ്. മറ്റ് ജീവകള്‍ക്ക് സമുദ്രത്തിലൂടെയോ അല്ലെങ്കില്‍ കനം കുറഞ്ഞ മഞ്ഞുപാളികളിലൂടെയോ മറ്റ് പ്രദേശങ്ങളിലേക്കെത്താനും ഇര തേടാനും കഴിയും. പ്രത്യേകിച്ചും സീലുകള്‍, വാൽറസുകള്‍ ഇവയെല്ലാമാണ് ധ്രുവപ്രദേശത്തെ മറ്റ് പ്രധാന അന്തേവാസികള്‍. ഇവയെല്ലാം കടലിനെ ആശ്രയിച്ച് ജീവിക്കുന്നവരാണ്. അപൂര്‍വമായി ധ്രുവപ്രദേശത്തേക്കെത്തുന്ന കുറുക്കന്‍മാര്‍ക്കും നേര്‍ത്ത മഞ്ഞുപാളികളുണ്ടെങ്കില്‍ തന്നെ മറ്റ് മേഖലകളിലേക്കെത്താന്‍ കഴിയും. എന്നാല്‍ ധ്രുവക്കരടികള്‍ക്ക് ആര്‍ട്ടിക്കിലെ ഒറ്റപ്പെട്ടു കിടക്കുന്ന പ്രദേശങ്ങളിലേക്കെത്താൻ കട്ടിയേറിയ മഞ്ഞുപാളികളില്ലാതെ സാധിക്കില്ല.
ഈ മഞ്ഞുപാളികളുടെ അഭാവത്തില്‍ പലപ്പോഴായി ചെറു ദ്വീപുകളില്‍ ഒറ്റപ്പെട്ട് പോകുന്ന ധ്രുവക്കരടികള്‍ പട്ടിണി കിടന്ന് ദയനീയ അവസ്ഥയിലായ ചിത്രങ്ങള്‍ 2015 ന് ശേഷം പുറത്തു വന്നിട്ടുണ്ട്. ഇത്തരത്തില്‍ കടുത്ത പട്ടിണി മൂലം ജീവൻ നഷ്ടപ്പെടുന്ന ധ്രുവക്കരടികളുടെ എണ്ണവും വർധിക്കുന്നതായി പഠനങ്ങള്‍ പറയുന്നു. അതേസമയം ഇങ്ങനെ മഞ്ഞുപാളികളുടെ അഭാവത്തില്‍ ധ്രുവപ്രദേശത്തേക്ക് തിരികെയെത്താന്‍ കഴിയാതെ വരുന്ന കരടികളാണ് സൈബീരിയന്‍ ഗ്രാമങ്ങളിലേക്കിറങ്ങുന്നത്.
റഷ്യയുടെ വടക്കന്‍ മേഖലയില്‍ മാത്രമല്ല ഈ പ്രതിസന്ധിയുള്ളത്. കാനഡ, അലാസ്ക, സ്കാന്‍ഡേവിയന്‍ രാജ്യങ്ങള്‍ തുടങ്ങിയ ഇടങ്ങളിലെല്ലാം സമാനമായ സ്ഥിതി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അതേസമയം വടക്കന്‍ ധ്രുവപ്രദേശവുമായി ഏറ്റവും അധികം അതിര്‍ത്തി പങ്കിടുന്നത് സൈബീരിയന്‍ മേഖലയായതിനാലാണ് സൈബീരിയയിലേക്ക് ധ്രുവക്കരടികള്‍ കൂടുതലെത്തുന്നതെന്നാണ് കരുതുന്നത്.
Post a Comment