സംഘർഷം തടയാനെത്തിയ പൊലീസിന് മർദനം; ആർ.എസ്.എസ് പ്രവർത്തകർക്കെതിരെ കേസ്





തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ പൊലീസ് ഉദ്യോഗസ്ഥരെ മർദിച്ച 5 ആർ.എസ്.എസ് പ്രവർത്തകർക്കെതിരെ കേസെടുത്തു. എൻ.ടി.കെ – ആർ.എസ്.എസ് സംഘർഷം തടയാൻ എത്തിയ ഉദ്യോഗസ്ഥർക്ക് മർദനമേറ്റത്. വെള്ളിയാഴ്ച വിലാങ്കുറിശ്ശിയിലാണ് സംഭവം.






ആർഎസ്എസിനെതിരെ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് നാം തമിഴർ പാർട്ടി (എൻടികെ) പ്രഖ്യാപിച്ചതിന് പിന്നാലെ കോയമ്പത്തൂരിലെ വിലാംകുറിച്ചിയിലെ സ്കൂളിന് ചുറ്റും വൻതോതിൽ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നു. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ്, എൻടികെയുടെ 19 ഓളം കേഡർമാർ സ്കൂളിന് പുറത്ത് പ്രതിഷേധ പ്രകടനം നടത്താൻ ശ്രമിച്ചുവെങ്കിലും പൊലീസ് കസ്റ്റഡിയിലെടുത്തു.





ഇതിനിടയിലാണ് ആർ.എസ്.എസ് പരിശീലന പരിപാടി നടക്കുന്ന സ്വകാര്യ സ്‌കൂളിൽ പൊലീസ് പ്രവേശിക്കാൻ ശ്രമിച്ചത്. എന്നാൽ ഇത് തടഞ്ഞതോടെ കോയമ്പത്തൂർ പൊലീസും ആർ‌എസ്‌എസ് പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്നാണ് പൊലീസ് ഉദ്യോഗസ്ഥർക്ക് മർദനമേറ്റത്. ആർ‌എസ്‌എസ് പ്രവർത്തകർ ഉദ്യോഗസ്ഥരെ വളഞ്ഞിട്ട് തല്ലുകയായിരുന്നു. ആക്രമണത്തിൽ ഉദ്യോഗസ്ഥർക്ക് പരുക്കേറ്റു.





സ്‌കൂൾ വളപ്പിലേക്ക് പ്രവേശിക്കാൻ പൊലീസിന് ഉദ്ദേശ്യമില്ലെന്ന് ഡെപ്യൂട്ടി കമ്മീഷണർ ടി ജയചന്ദ്രൻ (കോയമ്പത്തൂർ സിറ്റി നോർത്ത്) പിന്നീട് പറഞ്ഞു. ആർഎസ്എസുകാരോട് സ്‌കൂളിന് അകത്ത് നിൽക്കണമെന്നും പുറത്തിറങ്ങരുതെന്നും മാത്രമാണ് അവർ ആവശ്യപ്പെട്ടത്. പൊലീസിന്റെ വാക്കുകൾ കേൾക്കാൻ ആർഎസ്എസുകാർ വിസമ്മതിക്കുകയും പകരം സ്ഥലത്തുണ്ടായിരുന്ന ഉദ്യോഗസ്ഥരെ മർദിക്കുകയും ചെയ്തുവെന്ന് അദ്ദേഹം വ്യക്തമാക്കി.


Post a Comment

Previous Post Next Post