ഗഗന്‍യാന്‍ വിക്ഷേപണവാഹനം; പരീക്ഷണഘട്ടം വിജയകരമായി പൂര്‍ത്തിയാക്കി







മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യയുടെ ഗഗന്‍യാന്‍ ദൗത്യത്തില്‍ ഉപയോഗിക്കുന്ന വിക്ഷേപണ വാഹനത്തിന്റെ നിര്‍ണായക പരീക്ഷണഘട്ടം വിജയകരമായി പൂര്‍ത്തിയാക്കി. വിക്ഷേപണവാഹനത്തിലെ ദ്രവീക്രൃത ഇന്ധനം അടിസ്ഥാനമാക്കിയുള്ള വികാസ് എന്‍ജിന്റെ  പ്രാഥമിക ജ്വലന പരീക്ഷണമാണ് ഇസ്റോയുടെ തമിഴ്നാട് മഹേന്ദ്രഗിരിയിലുള്ള കേന്ദ്രത്തില്‍ പൂര്‍ത്തീകരിച്ചത്.ഏഴാകാശങ്ങള്‍ക്കപ്പുറത്തെ രഹസ്യം േതടി മനുഷ്യനെ അയക്കാനുള്ള സ്വപ്ന പദ്ധതിയിലേക്കുള്ള ഒരു കടമ്പ കൂടി ഇസ്റോ കടന്നു.




ദ്രവീക്രൃത ഇന്ധനം ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന റോക്കറ്റിലെ വികാസ് എന്‍ജിന്റെ ഒരു പരീക്ഷണഘട്ടമാണ് മഹേന്ദ്രഗിരിയിലുള്ള പ്രൊപ്പല്‍ഷന്‍ കോംപ്ലക്സില്‍ പൂര്‍ത്തിയാക്കിയത്. ബഹിരാകാശ സാഹചര്യങ്ങളൊരുക്കിയ ലാബില്‍ 25 സെക്കന്‍ഡാണ് എന്‍ജിന്‍ ജ്വലിപ്പിച്ചത്. ഇന്ധന-ഓക്‌സിഡൈസർ അനുപാതത്തിലോ, മർദ്ദത്തിലോ അപ്രതീക്ഷിത മാറ്റമുണ്ടാകുമ്പോള്‍ എന്‍ജിൻ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് അറിയാനായിരുന്നു പരീക്ഷണം. ഇനി ഒന്നേകാല്‍ മിനിറ്റ് നീണ്ടുനില്‍ക്കുന്ന മൂന്നു പരീക്ഷണങ്ങള്‍.അതുകഴിഞ്ഞാല്‍ നാലുമിനിറ്റ് നീണ്ടുനില്‍ക്കുന്ന അടുത്ത ഘട്ടം. ഇവയെല്ലാം വിജയകരമായി പൂര്‍ത്തിയാക്കിയാല്‍  ആകാശപറക്കലിനു വികാസ് യോഗ്യത നേടും.




 നേരത്തെ റോക്കറ്റിന്റെ ഖര എന്‍ജിന്‍ പരീക്ഷണ ഘട്ടം പിന്നിട്ടിരുന്നു. കഴിഞ്ഞ  ഓഗസ്റ്റിൽ നടന്ന  GSLV F10 ദൗത്യം പരാജയപ്പെട്ടതിനു ശേഷം അതിസൂക്ഷമതയോടെയാണു ഗഗന്‍യാനിന്റെ പരീക്ഷണങ്ങള്‍ ഓരോന്നും ഇസ്റോ കേന്ദ്രങ്ങളില്‍ പുരോഗമിക്കുന്നത്. അടുത്ത കൊല്ലം ഇന്ത്യയുടെ സ്വപ്ന പദ്ധതി വിക്ഷേപണത്തിനൊരുക്കാനാണ്  ശ്രമം. എന്നാല്‍ ശ്രീഹരികോട്ടയിലെ സതീഷ്ധവാന്‍ സ്പേഷ് സെന്ററില്‍ കോവിഡ് പടരുന്നത് ദൗത്യങ്ങളെ ബാധിക്കുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. ഇതിനകം മുന്നൂറിനടുത്ത് ജോലിക്കാര്‍ക്ക് ഇവിടെ കോവിഡ് സ്ഥിരീകരിച്ചു.

വിഡിയോ കാണാൻ..👇









Post a Comment

Previous Post Next Post