മരണവിവരമറിഞ്ഞ് പൊട്ടിച്ചിരിച്ച് ‘സൈക്കോ’ അജീഷ്; ‘ഇപ്പോഴാണ് ഞാൻ സ്റ്റാറായത്’





തിരുവനന്തപുരം: നഗരമധ്യത്തിൽ തമിഴ്നാട് സ്വദേശിയായ ഹോട്ടൽ റിസപ്ഷനിസ്റ്റിനെ ക്രൂരമായി വെട്ടിക്കൊന്ന നെടുമങ്ങാട് മൂഴി സ്വദേശി അജീഷ് (36) ലഹരിമരുന്ന് അമിതമായി ഉപയോഗിച്ച് ‘സൈക്കോ’ അവസ്ഥയിലാണെന്ന് പൊലീസ്. റിസപ്ഷനിസ്റ്റ് നീലൻ (അയ്യപ്പൻ) മരിച്ച വിവരം പൊലീസ് കസ്റ്റഡിയിലിരിക്കെ അറിഞ്ഞ അജീഷ് പ്രതികരിച്ചത് പൊട്ടിച്ചിരിച്ചാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു.





താനിപ്പോഴാണ് ശരിക്കും താരമായതെന്നായിരുന്നു ഹരീഷിന്റെ വാക്കുകൾ. ‘9 തവണ കേസിൽ പ്രതിയായി. പക്ഷേ ഇപ്പോഴാണ് ഞാൻ സ്റ്റാറായത്. ഇനി എന്നെ എല്ലാവരും പേടിക്കും’– അജീഷ് പറഞ്ഞതായി ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. അറിയപ്പെടുന്ന ഗുണ്ട ആകാനായിരുന്നു ചെറുപ്പത്തിൽതന്നെ ആഗ്രഹം. ലഹരി ഉപയോഗം വർധിച്ചതോടെ കേസുകളിൽ പ്രതിയായി.





വർക്‌ഷോപ്പ് നടത്തിയിരുന്ന അജീഷ്, 40 കേസുകളിൽ പ്രതിയായിരുന്ന പോത്ത് ഷാജിയെ കൊലപ്പെടുത്താൻ ശ്രമിച്ചതോടെ കുപ്രസിദ്ധനായി. പ്രാദേശികമായി അറിയപ്പെട്ടെങ്കിലും എല്ലാവരും അറിയുന്ന ഗുണ്ടയാകാനായിരുന്നു ആഗ്രഹം. തലസ്ഥാന നഗരത്തിലെത്തി പകൽ ഒരാളെ വെട്ടിക്കൊലപ്പെടുത്തിയതോടെ എല്ലാവരും ഇനി പേടിക്കുമെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു.





അയ്യപ്പനു പുറമേ രണ്ടുപേരെക്കൂടി കൊല്ലാൻ അജീഷ് പദ്ധതിയിട്ടിരുന്നതായി പൊലീസ് പറയുന്നു. ഇയാളുമായി നേരത്തേ ശത്രുതയിലായിരുന്ന നാട്ടുകാരായ യുവാക്കളെയാണ് ലക്ഷ്യമിട്ടത്. റിസപ്ഷനിസ്റ്റിനെ കൊലപ്പെടുത്തിയശേഷം നെടുമങ്ങാട്ടേക്കു പോകുന്നതിനിടെ ബൈക്കിലെ പെട്രോൾ തീർന്നതിനാലാണ് ആക്രമണം നടക്കാതിരുന്നത്. പെട്രോൾ തീർന്ന ബൈക്ക് അജീഷ് മുല്ലശേരിയിൽ ഒതുക്കിവച്ചു. തുടർന്ന്, ചില വാഹനങ്ങളിൽ ലിഫ്റ്റ് ചോദിച്ച് കയറിയാണ് ആനായിക്കോണത്ത് എത്തിയത്.





വീടിനു തൊട്ടടുത്തുള്ള പാലത്തിൽ ആയുധവുമായി ലഹരി ഉപയോഗിക്കുകയായിരുന്ന പ്രതിയെ ഒരു പെൺകുട്ടിയാണ് വാർത്തകളിലെ ചിത്രത്തിലൂടെ തിരിച്ചറിഞ്ഞത്. ഉടനെ പഞ്ചായത്ത് അംഗത്തെ വിവരം അറിയിച്ചു. പഞ്ചായത്ത് അംഗം പൊലീസിനോട് ഇക്കാര്യം പറഞ്ഞു. നെടുമങ്ങാട് എസ്ഐ സുനിൽഗോപിയും സംഘവും എത്തി പ്രതിയെ പിടികൂടുകയായിരുന്നു. അറസ്റ്റിനിടയിലും ജീപ്പിൽ സ്റ്റേഷനിലേക്കു കൊണ്ടുപോകുമ്പോഴും പ്രതി അക്രമാസക്തനായി. അമിതമായി ലഹരി ഉപയോഗിക്കുന്നതിനാല്‍ ചോദ്യം ചെയ്യലിനിടെ പലപ്പോഴും കൃത്യമായ ഉത്തരം ലഭിച്ചില്ല.


Post a Comment

Previous Post Next Post