ഇന്ത്യ, യുഎഇ വ്യാപാരവ്യവസായ ബന്ധം ശക്തിപ്പെടുത്തും; കരാർ നിലവിൽ വന്നു






ഇന്ത്യ, യുഎഇ വ്യാപാരവ്യവസായ ബന്ധം ശക്തിപ്പെടുത്തുന്ന സമഗ്രസാമ്പത്തിക പങ്കാളിത്തകരാർ നിലവിൽവന്നു. ചില മേഖലകളിലെ നിയന്ത്രണങ്ങൾ മാറ്റിനിർത്തിയാൽ സ്വതന്ത്ര്യ വ്യാപാര കരാറായാണ് ഇതിനെ വിലയിരുത്തുന്നത്. പ്രതിരോധം, സാമ്പത്തികം ഉൾപ്പെടെ 11 പ്രധാന മേഖലകളിൽ ഇരുരാജ്യങ്ങളും സഹകരണം ശക്തിപ്പെടുത്തുമെന്നു സംയുക്തപ്രസ്താവനയിൽ വ്യക്തമാക്കി. 88 ദിവസങ്ങൾ മാത്രമെടുത്താണു കരാർ രൂപീകരിച്ചതെന്നു കേന്ദ്രവാണിജ്യമന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു.




ഇന്ത്യ, യുഎഇ വാണിജ്യ,വ്യാപാര ബന്ധം ഏറ്റവും മികച്ച നിലയിലെത്തിയ പശ്ചാത്തലത്തിലാണ് സ്വതന്ത്ര വ്യാപാര കരാറിനോളം തുല്യമായ സമഗ്രസാമ്പത്തിക പങ്കാളിത്ത കരാർ യാഥാർഥ്യമാകുന്നത്. വിവിധമേഖലകളിൽ സഹകരണം ശക്തിപ്പെടുത്തുന്നതിനു സമിതികൾ രൂപീകരിക്കുന്നതടക്കം തീരുമാനങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദുമായുള്ള ഓൺലൈൻ ഉച്ചകോടിയിൽ പ്രഖ്യാപിച്ചത്. യുഎഇയിലെ ഏറ്റവും വലിയ തുറമുഖമായ ജബലലിയിലെ ഫ്രീ സോണിൽ ഇന്ത്യ മാർട്ട് സ്ഥാപിക്കാനുള്ള തീരുമാനത്തെ ഇരുനേതാക്കലും സ്വാഗതം ചെയ്തു. ഏറ്റവും തിരക്കേറിയ ഫ്രീ സോൺ മേഖലയിൽ ഇന്ത്യയെ പ്രത്യേകമായി പരിഗണിക്കുന്നത് വാണിജ്യവ്യാപാരഇടപാടുകൾ വർധിക്കുന്നതിനു സഹായകരമാകും.




ഇന്ത്യക്കാർക്ക് നിക്ഷേപസാഹചര്യമൊരുക്കാൻ അബുദാബിയിൽ പ്രത്യേകനൂതനസാങ്കേതിക വ്യവസായ മേഖല സ്ഥാപിക്കാനും തീരുമാനമായി. ലോജിസ്റ്റിക്, ഫാർമസ്യൂട്ടിക്കൽസ്, ആശുപത്രിഉപകരണങ്ങൾ, കൃഷി, സ്റ്റീൽ തുടങ്ങിയ മേഖലകൾക്കായിരിക്കും പ്രധാന്യം. ഇരുരാജ്യങ്ങളുടേയും സാംസ്കാരികവിനിമയത്തിനായി ഇന്ത്യ, യുഎഇ സാംസ്കാരിക സമിതി രൂപീകരിക്കും. ഹരിത ഹൈഡ്രജൻ ഉൽപാദനത്തിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുള്ള സാങ്കേതികവിദ്യകൾ വികസിപ്പിക്കാൻ സംയുക്ത ഹൈഡ്രജൻ കർമസമിതി രൂപീകരിക്കാനും തീരുമാനമായി. വിദ്യാഭ്യാസമേഖലയിൽ സഹകരണം ശക്തിപ്പെടുത്തുന്നതിൻറെ ഭാഗമായി യുഎഇയിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി സ്ഥാപിക്കും. മേഖലയിലെ സമാധാനവും സുരക്ഷയും ഉറപ്പാക്കുന്നതിനു നാവിക സഹകരണം ശക്തിപ്പെടുത്തുമെന്നും സംയുക്തപ്രസ്താവനയിൽ വ്യക്തമാക്കി.




 പ്രതിരോധമേഖലയിൽ സംയുക്തപരിശീലനമടക്കം പദ്ധതികളും ആവിഷ്കരിക്കും. അതേസമയം, അതിർത്തികടന്നുള്ള ഭീകരതയടക്കം വിഷയങ്ങളിൽ ഇരുരാജ്യങ്ങൾക്കും ഒരേനിലപാടാണെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നു.ഭീകരതയ്ക്കുള്ള ധനസഹായം, തീവ്രവാദം എന്നിവയ്ക്കെതിരെ ഒരുമിച്ചുപോരാടുമെന്നും പ്രഖ്യാപിച്ചാണ് ഇരുനേതാക്കളുടേയും സംയുക്ത പ്രസ്താവന അവസാനിപ്പിക്കുന്നത്.


Post a Comment

Previous Post Next Post